നമ്മളെ നശിപ്പിക്കാൻ നമുക്ക് മാത്രമേ സാധിക്കൂ; ഇനിയെങ്കിലും മനസ്സിലാക്കണം; ബാലയെക്കുറിച്ച് ടിനി ടോം
നടൻ ബാലയുടെ ആരോഗ്യ സ്ഥിതി മോശമായി ആശുപത്രിയിലായത് ഏറെ വാർത്താ പ്രാധാന്യം നേടിയിരുന്നു. കരൾ സംബന്ധമായ ആരോഗ്യ പ്രശ്നങ്ങളാണ് ബാലയെ വലച്ചത്. നാളുകളായി നടന് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ആരാധകർക്കൊന്നും ഇക്കാര്യം അറിയില്ലായിരുന്നു.
അതിനാൽ പെട്ടെന്ന് നടൻ ആശുപത്രിയിലായപ്പോൾ ഏവർക്കും ഞെട്ടലായി. ബാലയുടെ ആരോഗ്യ സ്ഥിതി ഗുരുതരാവസ്ഥയിലാണെന്ന് വരെ അഭ്യൂഹം വന്നിരുന്നു. ബാലയുടെ മകളും മുൻ ഭാര്യ അമൃത സുരേഷും ബാലയെ കാണാൻ ആശുപത്രിയിലെത്തുകയും ചെയ്തു.
ഇപ്പോൾ നടന്റെ ആരോഗ്യ സ്ഥിതിയിൽ മെച്ചമുണ്ടെന്നാണ് വിവരം. ബാലയുടെ ആരോഗ്യ സ്ഥിതിയെ പറ്റി ഭാര്യ എലിബസത്തും അടുത്തിടെ സംസാരിച്ചു. ഇപ്പോഴിതാ ബാലയെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് നടൻ ടിനി ടോം. ബാലയുടെ സുഹൃത്തുക്കളിലൊരാളാണ് ടിനി ടോം. സിനിമാ രംഗത്തുള്ള പലരും സ്വന്തം ആരോഗ്യം ശ്രദ്ധിക്കാത്തതിന്റെ പ്രശ്നങ്ങളാണ് അനുഭവിക്കുന്നതെന്ന് ടിനി ടോം അഭിപ്രായപ്പെട്ടു.
കൗമുദി മൂവീസിനോടാണ് പ്രതികരണം. 'ബാല ആശുപത്രിയായപ്പോൾ ഞാൻ ഒരു തമിഴ് പടത്തിന്റെ പ്രസ് മീറ്റുമായി ബന്ധപ്പെട്ട് ചെന്നെെയിലായിരുന്നു. അമൃത ഹോസ്പിറ്റലുമായി വളരെ ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ആളാണ് ഞാൻ. അവിടെയുള്ള സന്യാസിനിമാരുമായി വളരെ അടുത്ത ബന്ധം പുലർത്തുന്ന ആളാണ്'
'രണ്ട് ദിവസം കൂടി കഴിഞ്ഞ് കണ്ടാൽ മതി, ഇപ്പോൾ പ്ലാസ്മയിലാണെന്ന്. രോഗങ്ങൾ ആകസ്മികമായി സംഭവിക്കാം. പക്ഷെ നമ്മളെ നശിപ്പിക്കാൻ നമുക്ക് മാത്രമേ സാധിക്കൂ എന്നാണ് ഞാനിതുവരെ പഠിച്ചിട്ടുള്ളത്. ഏത് സംഭവത്തിലാണെങ്കിലും'

'പല കലാകാരൻമാർക്കും കലാകാരിമാർക്കും കുറേയൊക്കെ നമ്മുടെ ആരോഗ്യ സംരക്ഷിക്കാത്തതിന്റെയും ലൈഫ് സ്റ്റെെലിന്റെയാെക്കെ കുഴപ്പം കൊണ്ട് പറ്റിയതാണ്. മോളി കണ്ണമാലിയുടെ കാര്യമൊന്നുമല്ല ഞാൻ പറയുന്നത്. മരുന്നുകൾ കൃത്യമായി കഴിക്കാതിരിക്കുക ആരോഗ്യം നോക്കാതിരിക്കുകയും ചെയ്യുക. ആരോഗ്യമാണ് ഏറ്റവും വലിയ സമ്പത്ത്. പണി ഇല്ലെങ്കിലും കുഴപ്പമില്ല'
'ആരോഗ്യം സംരക്ഷിക്കാതെ പറ്റിയ കുറേ കാര്യങ്ങളാണിത്. അതിലെനിക്ക് വിഷമമുണ്ട്. ഇനിയെങ്കിലും അത് മനസ്സിലാക്കണം. പുതിയ തലമുറയിലെ എല്ലാവരും ജിമ്മിൽ പോയി വർക്കൗട്ട് ചെയ്യുന്നവരാണ്. മയക്കുമരുന്നെന്നാൽ താൽക്കാലികമായി കിട്ടുന്ന സുഖമാണ്. ഇവരൊക്കെ ഇതുപയോഗിച്ചത് കൊണ്ട് പറ്റിയതാണെന്നല്ല ഞാൻ പറയുന്നത്. ആരോഗ്യം പോയാൽ തിരിച്ചു കിട്ടില്ല,' ടിനി ടോം പറഞ്ഞു.

നേരത്തെ ബാലയെക്കുറിച്ച് ടിനി പങ്കുവെച്ച കഥ വൻ ട്രോളായിരുന്നു. നാന് ഉണ്ണി മുകുന്ദൻ പൃഥിരാജ് എന്ന ട്രോൾ ഉണ്ടാവുന്നത് ടിനിയിലൂടെയാണ്. താരങ്ങളുടെ ആകസ്മിക മരണവും അസുഖങ്ങളും പലപ്പോഴും ചർച്ചയാവാറുണ്ട്. അടുത്തിടെയാണ് നടി സുബി സുരേഷ് മരണപ്പെട്ടത്. അസുഖ ബാധിതയായി ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. കരൾ രോഗമായിരുന്നു. സുബിക്ക് ഇങ്ങനെയൊരു ആരോഗ്യ പ്രശ്നമുള്ളത് അധികമാർക്കും അറിയില്ലായിരുന്നു.
ഇതിന് പിന്നാലെ ബാലയും ആശുപത്രിയിലായപ്പോൾ ഏവരും ആശങ്കപ്പെട്ടു. എന്നാൽ അത്ര ഗുരുതരമായ സാഹചര്യമായിരുന്നില്ല ബാലയ്ക്ക്. ബാലയുടെ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടോയെന്ന് സംബന്ധിച്ച് നേരത്തെ തന്നെ സോഷ്യൽ മീഡിയയിൽ ചോദ്യങ്ങൾ വന്നിരുന്നു. ആരോഗ്യ ദൃഡഗാത്രനായിരുന്ന തുടക്ക കാലത്ത് പ്രേക്ഷകർ കണ്ട ബാല പിന്നീട് വല്ലാതെ ക്ഷീണിച്ചിരുന്നു.
എന്നാൽ സിനിമയ്ക്കായി തടി കുറച്ചതാണെന്നായിരുന്നു ബാല അന്ന് പറഞ്ഞത്. മോഹൻലാലും പൃഥിരാജും വണ്ണം കുറച്ചാൽ അത് കഥാപാത്രത്തിനാണെന്ന് പറയും. എന്നാൽ താൻ തടി കുറച്ചാൽ ഷുഗറാണെന്ന് പറയുമെന്നാണ് അന്ന് ബാല തമാശയോടെ പറഞ്ഞു. നടി മോളി കണ്ണമാലി അടുത്തിടെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലായപ്പോൾ ധനസഹായം എത്തിച്ചത് ബാലയായിരുന്നു. ഇതേറെ അഭിനന്ദിക്കപ്പെട്ടിരുന്നു.


Click it and Unblock the Notifications











