നമ്മളൊന്നും ആക്ടേർസല്ലേ; തെലുങ്ക് താരങ്ങളുടെ അവാർഡ് ഷോയിൽ വിനായകനെ തടഞ്ഞു; ടിനി ടോം
മലയാള സിനിമാ രംഗത്ത് രസകരമായ കഥകൾ നേരത്തെ പങ്കുവെക്കുന്നതിൽ പ്രത്യേക മിടുക്ക് മുകേഷിനുണ്ട്. എന്നാൽ ഇന്ന് ഈ സ്ഥാനത്തേക്ക് നടൻ ടിനി ടോം എത്തിയിട്ടുണ്ട്. തമാശ നിറഞ്ഞ നിരവധി കഥകൾ ടിനി ടോം ഇന്ന് ഷോകളിൽ പങ്കുവെക്കുന്നു. ഇപ്പോഴിതാ ഐഫ അവാർഡ്സിന് അവതാരകനായി പോയതിന്റെ അനുഭവങ്ങൾ പങ്കുവെക്കുകയാണ് ടിനി ടോം. കുഞ്ചാക്കോ ബോബൻ, സൗബിൻ ഷാഹിർ, വിനായകൻ എന്നിവർക്കൊപ്പമുള്ള അനുഭവമാണ് ടിനി ടോം പങ്കുവെച്ചത്. കൗമുദി മൂവീസിൽ സംസാരിക്കുകയായിരുന്നു നടൻ.
ആദ്യമായാണ് ഒരു സൗത്ത് ഇന്ത്യൻ ഫിലിം അവാർഡ്സിന് ഞാൻ അവതാരകനായി പോകുന്നത്. മലയാളത്തിൽ നിന്നും കിട്ടുന്നതിന്റെ ഇരട്ടിയുടെ ഇരട്ടിയിലധികം പ്രതിഫലം കിട്ടി. പൊതുവെ ഐഫ അവാർഡിന് മലയാളി താരങ്ങൾ പോകാറില്ലെന്നും ടിനി ടോം ചൂണ്ടിക്കാട്ടി. ഷോയുടെ പ്രാധാന്യം പലർക്കും അറിയില്ല. പിന്നെ അഭിമുഖങ്ങളെല്ലാം ഇംഗ്ലീഷിലായിരിക്കും. മറ്റു ഭാഷകളിലെ ആങ്കർ റാണ ദഗുബതിയാണ്. ഞാനും പേളി മാണിയും റാണയും ഒരുമിച്ചാണ് സ്റ്റേജിൽ വരിക. റാണയുമായി ഞാൻ പരിചയപ്പെട്ടു.

വളരെ നല്ല മനുഷ്യൻ. ഷോയ്ക്ക് ശേഷം ഞങ്ങൾ മെസേജ് ചെയ്യുമായിരുന്നു. ഇടയ്ക്ക് പുള്ളി രോഗബാധിതനായി. അതിന് ശേഷം പുള്ളിയുമായി വലിയ ബന്ധമില്ലെന്നും ടിനി ടോം വ്യക്തമാക്കി. ഞാനും അസിസ്റ്റന്റും ചെല്ലുന്നത് സെവൻസ്റ്റാർ ഹോട്ടലിലാണ്. പ്രോഗ്രാം റിഹേഴ്സൽ ചെയ്യുന്ന സ്ഥലത്താണ് ഞങ്ങൾ ചെന്നത്. അവിടെ ചാക്കോച്ചന്റെ ഡാൻസ് കണ്ട് നാഗാർജുനയുടെയും അമലയുടെയും മകൻ ഭയങ്കര കൈയ്യടി.
കാരണം പഠിപ്പിച്ച ഉടനെ തന്നെ ഡാൻസ് ചെയ്യുന്നു. എന്തുകൊണ്ടാണ് നാട്ടിൽ പ്രോഗ്രാം വരുമ്പോൾ കളിക്കാത്തത് എന്ന് ചോദിച്ചപ്പോൾ പുളളി ചിരിച്ചു. ഇവിടെ കിട്ടുന്നത് അവിടെ കിട്ടില്ല എന്ന് പറഞ്ഞു. അവിടെ നല്ല കാശ് മേടിക്കുന്നുണ്ട്. അതിന്റെ ചിരിയായിരുന്നു കുഞ്ചാക്കോ ബോബനെന്നും ടിനി ടോം ഓർത്തു. മലയാളത്തിൽ നിന്നും അവാർഡിന് ആരെ വിളിച്ചിട്ടും വരാൻ തയ്യാറല്ല. മലയാളത്തിലെ ഏതെങ്കിലും ആക്ടേർസിനെ വിളിക്കാൻ സംഘാടകർ പറഞ്ഞു.

എനിക്ക് പരിചയമുള്ള വിനായകനെയും സൗബിനെയും ബിബിൻ വിഷ്ണുവിനെയും വിളിച്ചു. നമ്മൾ തന്നെയാണ് അവാർഡൊക്കെ തീരുമാനിച്ചത്. മികച്ച നടനുള്ള പുരസ്കാരം സൗബിനും മികച്ച രണ്ടാമത്തെ നടനുള്ള പുരസ്കാരം വിനായകനും കൊടുക്കാമെന്ന് തീരുമാനിക്കുകായിരുന്നെന്നും ടിനി ടോം തുറന്ന് പറഞ്ഞു. സൗബിൻ ഷാഹിറിനും വിനായകനും സംഭവിച്ച അബദ്ധത്തെക്കുറിച്ചും ടിനി ടോം സംസാരിച്ചു. ഷോയിൽ വലിയ സെക്യൂരിറ്റിയാണ്. വിനായകൻ കറുത്ത പാന്റും ഷർട്ടും ധരിച്ച് ഗ്ലാസും വെച്ചാണ് വന്നത്.
ഹൂ ആർ യു എന്ന് സെക്യൂരിറ്റി ചോദിച്ചപ്പോൾ ഐ ആം ഏൻ ആക്ടർ എന്ന് വിനായകൻ. ഇങ്ങനെയൊരു രൂപത്തിൽ ഒരു നടനെ അവർ കണ്ടിട്ടില്ല. അവർ കയറ്റി വിട്ടില്ല. സൗബിനെയും കയറ്റി വിട്ടില്ല. വിനായകൻ തെലുങ്കരും തമിഴരും ഇരിക്കുന്നതിന് ഇടയിലൂടെ വന്ന് നമ്മളൊന്നും ആക്ടേർസല്ല, ഇവിടെ ഇരുന്ന് കൂടെ എന്ന് ചോദിച്ച് അവിടെ പോയി ഇരുന്നു.
ഇവിടെ വരെ വരാൻ ബുദ്ധിമുട്ട് ഉണ്ടായിരുന്നില്ല. പക്ഷെ ഇവിടെ നിന്ന് അകത്ത് കയറാനായിരുന്നു ബുദ്ധിമുട്ടെന്ന് സൗബിൻ വേദിയിൽ വെച്ച് പറഞ്ഞു. എആർ റഹ്മാനാണ് സൗബിന് അവാർഡ് കൊടുത്തത്. എനിക്കീ അവാർഡ് തന്ന റഹ്മാനിക്കയ്ക്ക് നന്ദി എന്നും സൗബിൻ പറഞ്ഞു. ഇത് കേട്ട് താൻ ഓടിയെന്നും ടിനി ടോം ചിരിയോടെ ഓർത്തു.


Click it and Unblock the Notifications