'ഞാൻ ജീവിതത്തിൽ അങ്ങനെയൊരു രൂപം കണ്ടിട്ടില്ല, സുബി കൈ പിടിച്ചിട്ട് എന്റെ അടുത്ത് ബൈ പറഞ്ഞു'; ടിനി ടോം
അസുഖം മൂലം ആശുത്രിയിൽ പ്രവേശിക്കും മുമ്പ് സുബി ചെയ്ത് വെച്ച് പോയ ചില വീഡിയോകൾ ഇപ്പോൾ സുബിയുടെ അസാന്നിധ്യത്തിൽ കുടുംബവും സുഹൃത്തുക്കളും സുബിക്കായി പങ്കുവെക്കുന്നുണ്ട്
വളരെ അപ്രതീക്ഷിതമായിരുന്നു നടിയും അവതാരികയും ഡാൻസറുമെല്ലാമായ സുബിയുടെ മരണം. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു.
സുബിയുടെ ആരോഗ്യം മോശമാണെന്നും ലിവർ ട്രാൻസ്പ്ലാന്റേഷൻ നടത്തണമെന്നും ഡോക്ടർമാർ നിർദേശിച്ചപ്പോൾ അതിനായുള്ള പേപ്പർ വർക്കുകൾ വേഗത്തിൽ നടത്താനും മറ്റ് ഒരുക്കങ്ങൾ നടത്താനും മുന്നിലുണ്ടായിരുന്നത് നടൻ ടിനി ടോം ആയിരുന്നു.
ടിനി ടോം തന്നെയാണ് സുബിയുടെ മരണ വാർത്ത ആദ്യം പുറം ലോകത്തെ അറിയിച്ചതും. ഇപ്പോഴിത സുബിക്കൊപ്പമുള്ള അവസാന നിമിഷങ്ങളെ കുറിച്ച് വീണ്ടും ഓർത്തെടുക്കുകയാണ് ടിനി ടോം.

ഫ്ലവേഴ്സിൽ സംപ്രേഷണം ചെയ്യുന്ന കോമഡി ഉത്സവം പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ടിനി ടോം. രോഗശയ്യയിലായിരുന്നപ്പോൾ സുബിയെ കാണാൻ ചെന്നുവെന്നും ആ സമയത്ത് തന്റെ കൈ പിടിച്ച് സുബി ബൈ പറഞ്ഞുവെന്നുമാണ് ടിനി ടോം പറയുന്നത്.
ടിനി ടോമാണ് സുബിക്ക് കലാരംഗത്ത് വഴിതെളിച്ച് കൊടുത്തവരിൽ പ്രധാനി. 'പരമാവധി ശ്രമിച്ചു സുബിയെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ. ഒരു പന്ത്രണ്ടാമത്തെ ദിവസമൊക്കെയാണ് ഞാൻ സുബിയുടെ അവസ്ഥ അറിയുന്നത്. പക്ഷെ ആയുസ് എത്തിയാൽ പോകണം എന്നാണല്ലോ. ഞാൻ ആശുപത്രിയിൽ ചെന്ന് സുബിയെ കണ്ടു.'
'ഞാൻ എന്റെ ജീവിതത്തിൽ അങ്ങനെയൊരു രൂപം കണ്ടിട്ടില്ല. സുബിയുടെ അടുത്ത് ഞാൻ ചെന്നപ്പോൾ അവൾ എന്നെ കുറെ നേരം നോക്കി. പിന്നെ അവൾ എന്റെ കൈ ചോദിച്ചു. ആ രംഗം ഞാൻ ഓർക്കാൻ ആഗ്രഹിക്കുന്നില്ല. കൈ പിടിച്ചിട്ട് അവൾ എന്റെ അടുത്ത് ബൈ പറഞ്ഞു. എട്ട് ദിവസമാണ് ലിവർ ട്രാൻസ്പ്ലാന്റേഷനായുള്ള പേപ്പർ വർക്കുകൾക്ക് വേണ്ടത്.'
'സുരേഗഷ് ഗോപി ചേട്ടനെ വിളിച്ചു അദ്ദേഹവും മറ്റ് എംഎൽഎയും എം.പിമാരുമെല്ലാം ഞങ്ങളുടെ കൂടെ നിന്നത് കൊണ്ട് മൂന്ന് ദിവസം കൊണ്ട് ഞങ്ങൾ പ്രൊസീജിയർ തീർത്തു. അപ്പോഴേക്കും പക്ഷെ ഓർഗൻസ് ഡൗണായി പോയിരുന്നു. രണ്ടായിരത്തിലാണ് സുബിയെ ഞാൻ ഈ മേഖലയിലേക്ക് കൊണ്ട് വന്നത് അന്ന് സുബിക്ക് പതിനെട്ട് വയസ് മാത്രമെയുള്ളു.'

'ഇരുപത്തമൂന്ന് വർഷമായി ഇപ്പോൾ. എല്ലാ സന്തോഷങ്ങളും സുബി എന്നോട് പങ്കുവെക്കുമായിരുന്നു. വിഷമം പങ്കുവെക്കാറില്ലായിരുന്നു. വരാപ്പുഴയിലുള്ള എന്ന പ്രദേശത്ത് നിന്നാണ് ശ്മാശനത്തിലേക്ക് പോകുന്നത്. ആ സമയത്ത് ഞാൻ കുറച്ച് വർഷം പിന്നിലേക്ക് പോയി.'
'ആദ്യം ഷൂട്ടിങിന് വരാപ്പുഴയിൽ അവളെ ഞാൻ എന്റെ കാറിലാണ് കൊണ്ടുപോയത്. പിന്നെ അവളുടെ ഡെഡ് ബോഡി കൊണ്ടുപോയത് വിഷമമായി. ആദ്യത്തെ അവളുടെ എൻട്രിയുടെ സമയത്തും അവളുടെ അവസാന യാത്രയിലും ഞാൻ ഒപ്പമുണ്ടായിരുന്നു' ടിനി ടോം പറഞ്ഞു.
ഏറ്റവും അവസാനം സുബി പങ്കെടുത്തൊരു ടെലിവിഷൻ പ്രോഗ്രാമെന്ന് പറയുന്നത് ഫ്ലവേഴ്സിന്റെ തന്നെ ഒരു കോടിയാണ്. തന്റെ വിവാഹത്തെ കുറിച്ച് അടക്കം സുബി സംസാരിച്ചത് ആ വേദിയിൽ വെച്ച് ശ്രീകണ്ഠൻ നായരോടാണ്. യുട്യൂബ് ചാനലും സുബിക്കുണ്ടായിരുന്നതിനാൽ തന്റെ വിശേഷങ്ങൾ സുബി യുട്യൂബ് ചാനൽ വഴി പങ്കുവെക്കാറുണ്ടായിരുന്നു.
അസുഖം മൂലം ആശുത്രിയിൽ പ്രവേശിക്കും മുമ്പ് സുബി ചെയ്ത് വെച്ച് പോയ ചില വീഡിയോകൾ ഇപ്പോൾ സുബിയുടെ അസാന്നിധ്യത്തിൽ കുടുംബവും സുഹൃത്തുക്കളും സുബിക്കായി പങ്കുവെക്കുന്നുണ്ട്. ചേച്ചിയുടെ ഏറെ നാളത്തെ ആഗ്രഹമായിരുന്നു യുട്യൂബ് ചാനലും ഫേസ്ബുക്കുമെല്ലാം.
ചേച്ചി അവസാന നാളുകളിലും പറഞ്ഞത് അതിൽ നേരത്തെ എടുത്തുവെച്ച വിഡിയോകൾ അപ്‍ലോഡ് ചെയ്യണമെന്നായിരുന്നു. ചേച്ചിയുടെ അവസാന ആഗ്രഹമാണിതെന്നും. തുടർന്നും വിഡിയോകളുമായി മുന്നോട്ട് പോകുമെന്നുമാണ് അടുത്തിടെ സുബിയുടെ സഹോദരൻ പറഞ്ഞത്.


Click it and Unblock the Notifications