ഇന്നസെന്റ് ചേട്ടന്‍ എന്റെ ബന്ധുവാണ്, അത് വെളിപ്പെടുത്താമെന്ന് പറഞ്ഞതിന് പിന്നാലെയാണ് അദ്ദേഹം പോയത്; ടിനി ടോം
ജൂനിയര്‍ ആര്‍ട്ടിസ്റ്റായും മിമിക്രി താരവുമായി സിനിമയിലേക്ക് എത്തിയ താരമാണ് ടിനി ടോം. മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ഡ്യൂപ്പായി അഭിനയിച്ചാണ് ടിനി വാര്‍ത്തകളില്‍ നിറയുന്നത്. ഇടയ്ക്ക് ഇത് പരിഹാസങ്ങള്‍ക്കും കാരണമായി. എന്നാല്‍ പിന്നീട് താരസംഘടനയായ അമ്മയുടെ എക്‌സിക്യൂട്ടീവ് അംഗത്തിലൊരാളായി സ്ഥാനമേല്‍ക്കാനും ടിനിയ്ക്ക് സാധിച്ചു.
ഇതോടെ പല താരങ്ങളുടെയും മരണത്തില്‍ പങ്കെടുക്കേണ്ടി വന്നു. തന്നെ ട്രോമയിലാക്കിയ മരണങ്ങളെ കുറിച്ച് പറഞ്ഞ് എത്തിയിരിക്കുകയാണ് ടിനിയിപ്പോള്‍. കാന്‍ മീഡിയ ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെയായിരുന്നു ഇന്നസെന്റ് തന്റെ ബന്ധുവാണെന്ന് അടക്കമുള്ള കഥകള്‍ ടിനി ടോം വെളിപ്പെടുത്തിയത്.

താരങ്ങളുടെ മരണം തന്നെ വല്ലാതെ ബാധിക്കാറുണ്ടെന്നാണ് ടിനി പറയുന്നത്. ശശി കല്ലിംഗയുമായി ഞാന്‍ നല്ല സൗഹൃദമായിരുന്നു. പെട്ടെന്നാണ് അദ്ദേഹത്തിന്റെ വിയോഗം ഉണ്ടാവുന്നത്. അമ്മയുടെ എക്‌സിക്യൂട്ടീവിലേക്ക് വന്നതിന് ശേഷം താരങ്ങളുടെ വിയോഗത്തിന് റീത്തുമായി പോവേണ്ടി വന്നിരുന്നു. ഇനി വരുന്നില്ലെന്ന് ഞാന്‍ പറഞ്ഞു. കാരണം അവിടെ ചെന്ന് അവരെ കാണാന്‍ എനിക്ക് സാധിക്കുന്നില്ല. എന്തൊക്കെ ചെയ്തിരുന്ന ആളുകളാണ്.
പൊന്നമ്മ ചേച്ചിയെയാണ് അവസാനം കാണാന്‍ പോയത്. എത്രയോ വര്‍ഷം സിനിമയിലുണ്ടായിരുന്ന ആളാണ്. പക്ഷേ ആരൊക്കെ കാണാന്‍ വന്നെന്നോ എന്താണ് നടക്കുന്നതെന്നോ അറിയാതെ കിടക്കുകയാണ്. മരണം ശരിക്കും ആര്‍ക്കും ഒഴിവാക്കാന്‍ പറ്റാത്ത അത്ഭുതമാണ്. ടിപി മാധവന്റെ അവസ്ഥ കണ്ടപ്പോഴൊക്കെ എനിക്ക് ട്രോമയാണ് ഉണ്ടായത്. കാരണം പുള്ളി ആര്‍ഭാടമായി ജീവിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. തിരുവനന്തപുരത്തും തൃശ്ശൂരുമൊക്കെ പല ക്ലബ്ബുകളിലും അദ്ദേഹം അടിച്ച് പൊളിച്ച് ജീവിച്ചു. എനിക്ക് പ്രോഗ്രാമുകളും തന്നിട്ടുണ്ട്. അങ്ങനെയൊക്കെ പറഞ്ഞ ആള്‍ ഒരു ദിവസം ഇല്ലാതെയായി.
സംവിധായകന്മാരായ സിദ്ദിഖ്, ഷാഫി തുടങ്ങിയവരുടെയൊക്കെ മരണമൊക്കെ എന്നെ വല്ലാതെ ബാധിച്ചു. സിദ്ദിഖ് സാറിനെ അവസാനമായി ആശുപത്രിയില്‍ പോയി കണ്ടത് വലിയ വേദനയായി. അദ്ദേഹത്തെ ആരെയും കാണിക്കണ്ടെന്ന് പറഞ്ഞിരിക്കുകയായിരുന്നു. പക്ഷേ ഞാന്‍ പോയി കണ്ടു. കൈയ്ക്ക് ചൂടുണ്ട് എന്നല്ലാതെ വേറൊരു അനക്കവുമില്ല. മരിച്ച അവസ്ഥയിലായിരുന്നു. അങ്ങനെ കാണേണ്ടി വരുമെന്ന് കരുതിയില്ല. അതുപോലെയാണ് ഷാഫി സാറും. എല്ലാ ദിവസവും തമാശ പറഞ്ഞിരുന്ന ആളാണ് പെട്ടെന്നാണ് മരിക്കുന്നത്. ഞാന്‍ കാണാന്‍ പോലും പോയിട്ടില്ലെന്നും ടിനി പറയുന്നു.

ഇന്നസെന്റ് ചേട്ടനുമായി എനിക്ക് ബന്ധമുണ്ടായിരുന്നു. ഒരു വിഷുവിന്റെ അന്ന് എല്ലാവരോടും പറയാമെന്നും പറഞ്ഞ് ഇരിക്കുകയായിരുന്നു. ഇന്നസെന്റ് ചേട്ടന്റെ ഭാര്യ ആലീസ് എന്റെ കുടുംബത്തില്‍ നിന്നുള്ള ആളാണ്. 'ഞാന്‍ അമ്മയില്‍ നിന്നും ഇറങ്ങിയപ്പോള്‍ എന്നെക്കാളും വിഷാംശമുള്ള ഒരുത്തനെ അവിടെ കയറ്റി എന്ന് ഇവിടെ ആരും അറിഞ്ഞിട്ടില്ല. അത് നീയാണ്. ഞാന്‍ അമ്മയുടെ പ്രസിഡന്റ് ആയിരിക്കുമ്പോള്‍ നീയിവിടെ ഇല്ല. ഞാന്‍ ഇറങ്ങിയപ്പോള്‍ നീ വന്നു. ഞാന്‍ പോയെന്നാണ് എല്ലാവരും കരുതിയത്. ഇവിടെ ബോംബ് വെച്ചിട്ടാണ് ഞാന്‍ ഇറങ്ങിയതെന്ന്,' പറഞ്ഞ് നിന്നെ എല്ലാവര്‍ക്കും പരിചയപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
പക്ഷേ അത് പറഞ്ഞ അന്ന് ആശുപത്രിയിലായതിന് ശേഷം പിന്നീടൊരിക്കലും അദ്ദേഹത്തെ കണ്ടില്ല. ഞാനും ഇന്നസെന്റ് ചേട്ടനും തമ്മില്‍ ബന്ധമുണ്ടെന്ന് ഞാന്‍ പറയുന്നതിലും അദ്ദേഹം പറയുന്നതിലാണ് വിലയുള്ളത്. അതും പൂര്‍ത്തിയാക്കാത്ത കഥ പോലെയായി. ഇന്നസെൻ്റ് ചേട്ടൻ മരിച്ചെന്ന് ഇപ്പോഴും വിശ്വസിക്കാൻ സാധിച്ചിട്ടില്ല. അദ്ദേഹത്തിൻ്റെ ഭാര്യയും അതിൽ നിന്നും ഇനിയും മുക്തയായിട്ടില്ല. അത്രയും തമാശ പറഞ്ഞ് ചിരിപ്പിച്ചിരുന്ന ആളായിരുന്നു അദ്ദേഹമെന്നും ടിനി കൂട്ടിച്ചേർത്തു...


Click it and Unblock the Notifications











