ഉണ്ണി മുകുന്ദനൊപ്പം ഫോട്ടോയ്ക്കില്ലെന്ന് നടി, കർമ എന്നൊന്നുണ്ട്, ഇന്നവർ ആഗ്രഹിക്കുന്നുണ്ടാകും; ടിനി പറഞ്ഞത്
മോളിവുഡിൽ ഇന്ന് ഏറ്റവും വിലപിടിപ്പുള്ള നായക നടൻമാരിൽ ഒരാളായി മാറിയിരിക്കുകയാണ് ഉണ്ണി മുകുന്ദൻ. ബോക്സ് ഓഫീസിൽ വൻ കലക്ഷൻ നേടി മുന്നേറുന്ന മാർക്കോയിൽ ഉണ്ണി മുകുന്ദന്റെ സംഹാര താണ്ഡവമാണെന്ന് ആരാധകർ ഒന്നടങ്കം പറയുന്നു. ഇന്ത്യൻ സിനിമയിൽ ഇതുവരെയും ഇത്രയും വയലൻസ് പ്രേക്ഷകർ കണ്ടിട്ടില്ല. ആക്ഷൻ രംഗങ്ങൾ നടൻ മികവുറ്റതാക്കി. ഒപ്പത്തിനൊപ്പം നിൽക്കുന്ന വില്ലൻമാർ കൂടിയായതോടെ മാർക്കോ പ്രേക്ഷകർ ഏറ്റെടുത്തു.
കരിയറിൽ ഏറെ വെല്ലുവിളികൾ നേരിട്ടാണ് ഉണ്ണി മുകുന്ദൻ ഇന്നത്തെ സൂപ്പർതാര പദവിയിലേക്ക് എത്തിയിരിക്കുന്നത്. സിനിമാ രംഗത്ത് ഗോഡ്ഫാദർ ഉണ്ണി മുകുന്ദനുണ്ടായിരുന്നില്ല. മോളിവുഡിൽ പൃഥിരാജ്, ഫഹദ് ഫാസിൽ തുടങ്ങി ഒട്ടുമിക്ക താരങ്ങളും സിനിമാ കുടുംബ പശ്ചാത്തലമുള്ളവരാണ്. എന്നാൽ സ്വന്തം പ്രയത്നം കൊണ്ട് മാത്രം ഉണ്ണി ഇന്ന് മോളിവുഡിലെ സൂപ്പർതാരമായിരിക്കുന്നു.

താൻ നേരിട്ട അവഗണനകളെക്കുറിച്ച് ഉണ്ണി മുകുന്ദൻ നേരത്തെ സംസാരിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഉണ്ണി മുകുന്ദനെ ഒരു നടി അവഗണിച്ചതിനെക്കുറിച്ച് നടൻ ടിനി ടോം പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. തത്സമയം ഒരു പെൺകുട്ടി എന്ന സിനിമയിൽ വിക്കനായി അഭിനയിക്കാൻ ഒരു പയ്യൻ വന്നിരുന്നു. എങ്ങനെയാണ് ചേട്ടാ വിക്കി സംസാരിക്കുക എന്ന് അവൻ എന്നോട് ചോദിച്ചു. ഞാൻ പഠിപ്പിച്ച് കൊടുത്തു. ഇന്ന് ആ പയ്യൻ നല്ല സ്റ്റാറായി വന്നു.
എന്നോടൊപ്പം തന്നെ അമ്മ എന്ന സംഘടനയിൽ എക്സിക്യൂട്ടീവ് മെമ്പറായി. ഉണ്ണി മുകുന്ദൻ എന്നാണ് പേര്. ഉണ്ണി പോലും ഷെയർ ചെയ്യാത്ത കാര്യമാണ് ഞാൻ ഷെയർ ചെയ്യുന്നത്. അന്ന് ഒരു നടിക്ക് അവന്റെയൊപ്പം ഫോട്ടോ എടുക്കാൻ കുറച്ചിൽ പോലെ. ഫോട്ടോഷൂട്ടിൽ ഒപ്പം ഫോട്ടോ എടുക്കാൻ പറ്റില്ലെന്ന് പറഞ്ഞു. നടിയുടെ പേര് ഞാൻ പറയുന്നില്ല. ഉണ്ണി അന്ന് പുതിയ പയ്യനാണ്. പക്ഷെ കാലം അവനെ നായകനാക്കി തിരിച്ച് കൊണ്ട് വന്നു.

ഒരുപക്ഷെ ആ നടി ഇന്ന് ഉണ്ണിക്കൊപ്പം ഫോട്ടോ എടുക്കാൻ ആഗ്രഹിക്കുന്നുണ്ടാകും. കർമ്മ എന്നൊന്നുണ്ട്. ആരെയും ചെറുതായി കാണാൻ പാടില്ല. മയിൽപീലി കുറ്റി ആണെങ്കിലും നാളെ എന്താകുമെന്ന് പറയാനാകില്ലെന്നും ടിനി ടോം അന്ന് പറഞ്ഞു. ടിനി ടോം പറഞ്ഞ നടി ആരാണെന്ന ചോദ്യമാണിപ്പോൾ ആരാധകർക്ക്. താനാണ് നായകനെങ്കിൽ സിനിമ ചെയ്യില്ലെന്ന് പറഞ്ഞ നായിക നടിമാരുണ്ടെന്ന് ഉണ്ണി മുകുന്ദൻ നേരത്തെ പറഞ്ഞിട്ടുണ്ട്.
മറ്റ് ഐഡിയോളജികളിൽ വിശ്വസിക്കുന്നവർ എന്നോടൊപ്പം വർക്ക് ചെയ്യാൻ തയ്യാറായില്ല. ചില മുൻനിര നായിക നടിമാർ സംവധായകനോട് നായകനായ എന്നെ മാറ്റണമെന്ന് പറഞ്ഞിട്ടുണ്ട്. നായകൻമാർ നായികയെ മാറ്റാൻ പറയുന്നത് കേട്ടിട്ടുണ്ട്. ഇത് അതിന്റെ മറ്റൊരു വശമാണെന്നും ഉണ്ണി മുകുന്ദൻ അന്ന് പറഞ്ഞു. മാർക്കോയുടെ വിജയത്തിളക്കത്തിലാണ് ഉണ്ണി മുകുന്ദനിപ്പോൾ. താരത്തിന്റെ വരാനിരിക്കുന്ന സിനിമകളിൽ ആരാധകർക്കുള്ള പ്രതീക്ഷ ഏറെയാണ്.


Click it and Unblock the Notifications