മൂവായിരം പേരെ മാറ്റാൻ മഞ്ജുവിന്റെ കൈ മതിയായിരുന്നു; മഞ്ജുവിനൊപ്പം അഭിനയിച്ച് കഴിഞ്ഞ് തിലകൻ ആവശ്യപ്പെട്ടത്
മലയാള സിനിമയിൽ മഞ്ജു വാര്യർക്കുള്ള സ്ഥാനം പകരം വെക്കാനാവാത്തതാണ്. മറ്റൊരു നടിയോട് ആരാധകർ ഇത്രയേറെ മമത മലയാള സിനിമാ ലോകത്ത് കാണിച്ചിട്ടില്ല. മലയാളത്തിൽ പ്രഗൽഭരായ ഒട്ടനവധി നടിമാർ മഞ്ജുവിന് മുൻപെയും ശേഷവും വന്നിട്ടുണ്ട്. പക്ഷെ മഞ്ജുവിനെ പോലെ മറ്റാെരു നടിയും മലയാളത്തിൽ ഇത്ര മാത്രം ആഘോഷിക്കപ്പെട്ടിട്ടില്ലെന്ന് സിനിമാ ലോകം സമ്മതിക്കുന്നു. അതിനാൽ പ്രതിഫലക്കാര്യത്തിലും മഞ്ജു മുൻപന്തിയിലാണ്.
വെറും മൂന്ന് വർഷം മാത്രം സിനിമകളിൽ അഭിനയിച്ച മഞ്ജുവിനെ കണ്ട് കൊതി തീരാൻ പ്രേക്ഷകർക്ക് കഴിഞ്ഞില്ല. അതിന് മുമ്പേ മഞ്ജു അഭിനയം നിർത്തി. വിവാഹ ശേഷം സിനിമാ ലോകം വിട്ട മഞ്ജു വാര്യരുടെ തിരിച്ചു വരവിനായി ആരാധകർ നീണ്ട 15 വർഷം കാത്തിരുന്നു. 2016 ൽ ഹൗ ഓൾഡ് ആർ യു എന്ന സിനിമയിലൂടെ മഞ്ജു തിരിച്ചെത്തിയപ്പോൾ മലയാള സിനിമാ ലോകം അത് ആഘോഷമാക്കി.
ഇപ്പോഴിതാ മഞ്ജു വാര്യരുടെ അഭിനയ മികവിനെ പറ്റി കാൻ ചാനൽ മീഡിയയോട് സംസാരിച്ചിരിക്കുകയാണ് ഫിലിം മേക്കർ ടികെ രാജീവ് കുമാർ. ഇദ്ദേഹം ഒരുക്കിയ കണ്ണെഴുതി പാെട്ടും തൊട്ട് എന്ന സിനിമയിൽ മഞ്ജുവായിരുന്നു നായിക. മഞ്ജു അന്ന് ഇരുത്തം വന്ന നടിയും ഒപ്പം തന്നെ കുട്ടിത്തവുമുള്ള ആളായിരുന്നെന്ന് ടികെ രാജീവ് കുമാർ പറയുന്നു. ഓരോ സീനും പക്വതയോടെ മഞ്ജു അഭിനയിച്ചു.

സെറ്റിൽ ആദ്യത്തെ ഷോട്ടെടുത്തപ്പോൾ നടൻ തിലകൻ പറഞ്ഞ കാര്യവും രാജീവ് കുമാർ ഓർത്തു. 'ആശാനേ ഒരു കാര്യം ഞാൻ പറഞ്ഞേക്കാം. ആശാനേ ഈ പടത്തിൽ എന്റെ പ്രസൻസില്ലാതെ ഒരു ഷോട്ട് പോലും ഈ കൊച്ചിന്റെ എടുക്കരുതെന്ന് പറഞ്ഞു. അതെന്താണെന്ന് ഞാൻ ചോദിച്ചു. ഇതെങ്ങനെ അഭിനയിക്കുമെന്ന് നമുക്ക് പറയാൻ പറ്റില്ലെന്ന് പറയാൻ പറഞ്ഞു. സാധാരണ മഞ്ജുവിനെ കാണുന്നത് പോലെ അല്ല'
'സ്ക്രീനിലേക്ക് വരുമ്പോൾ പെട്ടെന്നുണ്ടാവുന്ന ഗ്ലോ അവർക്ക് ദൈവം കൊടുത്തതാണ്. കണ്ണെഴുതി പൊട്ടും തൊട്ടിലെ ചില സീനുകൾ പ്രായക്കുറവ് മൂലം മഞ്ജുവിനോട് പറയാൻ മടിയുണ്ടായിരുന്നു. ഒരു ദിവസം മഞ്ജു, ചേട്ടാ കൃത്യമായി ഇത് പറഞ്ഞാലേ എനിക്ക് മനസ്സിലാവൂ. എന്നാലേ അഭിനയിക്കാൻ പറ്റൂയെന്ന് പറഞ്ഞു' നല്ല ആക്ടേർസെല്ലാം നന്നായി ശ്രദ്ധിക്കുന്നവരുമാണെന്നും ടികെ രാജീവ് കുമാർ അഭിപ്രായപ്പെട്ടു.
സിനിമയിൽ രണ്ട് കരയുണ്ട്. അക്കരെ മുഴുവൻ ആളായിരിക്കും. അവരെ മാറ്റുക എന്നത് പ്രൊഡക്ഷൻ ആളുകളെക്കൊണ്ട് നടക്കില്ല. അപ്പുറത്ത് പോയിട്ട് വേണം പറയാൻ. മാറാൻ പറയൂയെന്ന് മഞ്ജുവിനോട് ആവശ്യപ്പെട്ടു. ചേട്ടൻമാരെ ഒന്ന് മാറൂ എന്ന് മഞ്ജു കൈ കാണിച്ചു. രണ്ടായിരും മൂവായിരം പേർ ഒറ്റയടിക്ക് മാറി. അതാണ് ഒരു താരത്തിന്റെ പ്രസൻസെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കണ്ണെഴുതി പൊട്ടും തൊട്ട് സെറ്റിൽ ഷൂട്ടില്ലാത്ത മറ്റ് അഭിനേതാക്കളും രാവിലെ തന്നെ മഞ്ജു അഭിനയിക്കുന്നത് കാണാൻ വരുമായിരുന്നെന്നും ടികെ രാജീവ് കുമാർ പറഞ്ഞു. അബ്ബാസിനെയുൾപ്പെടെ മഞ്ജു കംഫർട്ടബിളാക്കി. എന്നെ സംബന്ധിച്ച് അസിസ്റ്റന്റ് ഡയരക്ടറുടെ ആവശ്യം ഇല്ലായിരുന്നു. അതെല്ലാം മഞ്ജു തന്നെ ചെയ്യും.
പാർട്ട് ഓഫ് ദ ഫിലിം മേക്കിംഗ് എന്നത് ആസ്വദിക്കുന്ന ആളായിരുന്നു. സിനിമ ഏറ്റെടുക്കുമ്പോൾ മഞ്ജുവിനുണ്ടായിരുന്ന ഏക സംശയം സിനിമയിൽ ശരീരം കാണിക്കേണ്ടി വരുമോ എന്നായിരുന്നെന്നും അതേപറ്റി ആദ്യം തന്നെ സംസാരിച്ചിരുന്നെന്നും ടികെ രാജീവ് കുമാർ പറഞ്ഞു.


Click it and Unblock the Notifications











