ടൊവിനോയ്ക്ക് പിന്നാലെ ബിജു മേനോനും സംയുക്തയും മഞ്ജു വാര്യരും! മത്സരബുദ്ധിയോടെ എല്ലാവരും സഹായിക്കണം!
സിനിമയ്ക്ക് പുറമെ സാമൂഹ്യപ്രവര്‍ത്തനങ്ങളിലും സജീവമാവാറുണ്ട് താരങ്ങള്‍. ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ സൗകര്യമില്ലാത്ത കുട്ടികള്‍ക്ക് സഹായവുമായെത്തിയിരിക്കുകയാണ് ടൊവിനോ തോമസും ബിജു മേനോനും സംയുക്ത വര്‍മ്മയും മഞ്ജു വാര്യരും. അതിജീവനം എം.പീസ് എഡ്യുകെയര്‍ പദ്ധതിയുടെ ഗുഡ് വിൽ അബാസിഡര്‍ കൂടിയാണ് ടോവിനോ തോമസ്.
ലോക് ഡൗണായതിനാല്‍ സ്കൂള്‍ തുറക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഓണ്‍ലൈന്‍ ക്ലാസ് ആരംഭിച്ചിരുന്നു. ട്രെയല്‍ റണ്ണായി നടത്തുന്ന ക്ലാസുകള്‍ ഒരാഴ്ച കൂടി തുടരുമെന്നും കഴിഞ്ഞ ദിവസം മുഖ്യമന്ത്രി അറിയിച്ചിരുന്നു. വരന്തരപ്പിള്ളി എച്ചിപ്പാറ ഗവ. ട്രൈബല്‍ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ കെ.ആര്‍ രഞ്ജുവിനായിരുന്നു ഈ പദ്ധതിയുടെ ഭാഗമായുള്ള സഹായം ആദ്യമായി ലഭിച്ചത്.
ടോവിനോയില്‍ നിന്നും സ്മാര്‍ട്ട് ടി.വി ഏറ്റുവാങ്ങുമ്പോള്‍ സന്തോഷത്താല്‍ രഞ്ജുവിന്റെ കണ്ണുകള്‍ നനയുന്നുണ്ടായിരുന്നുവെന്ന് ടിഎന്‍ പ്രതാപന്‍ എംപിയുടെ കുറിപ്പില്‍ പറയുന്നു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ടൊവിനോ നേരിട്ടെത്തി ടിവി കൈമാറിയതിനെക്കുറിച്ച് വ്യക്തമാക്കിയത്. ഓണ്‍ലൈന്‍ ക്ലാസ് ആരംഭിക്കുന്നതറിഞ്ഞപ്പോള്‍ മുതല്‍ സങ്കടത്തിലായിരുന്നു രഞ്ജു.

വീട്ടിലെ ടി.വി കേടായിട്ട് മാസങ്ങളായി. സ്മാര്‍ട്ട്‌ഫോണാകട്ടെ ഇതുവരെ കണ്ടിട്ടുമില്ല. ലോക്ഡൗണ്‍ കാലമായതിനാല്‍ അച്ഛന്‍ രഘുവിനും ഷീജയ്ക്കും ജോലിയില്ലാതായിട്ട് മാസങ്ങളായി. മറ്റ് വഴികളില്ലാതായതോടെ ട്രൈബല്‍ സ്‌കൂളിലെ പാചകത്തൊഴിലാളിയുടെ വീട്ടില്‍ പോയിട്ടാണ് രഞ്ജു ആദ്യ മൂന്ന് ദിവസങ്ങളിലെ ക്ലാസ് കേട്ടത്. സങ്കടം ഉള്ളിലൊതുക്കി വീട്ടിലിരിക്കുമ്പോഴാണ് വീട്ടിലേയ്ക്ക് കേബിള്‍ കണക്ഷന്‍ കൊടുക്കാന്‍ ആളെത്തിയത്.
അതിജീവനം എം.പീസ് എഡ്യുകെയര്‍ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം തന്റെ വീട്ടിലാണ് നടക്കുന്നതെന്നോ ചലച്ചിത്രതാരം ടോവിനോ തന്റെ വീട്ടിലെത്തി ടി.വി സമ്മാനിക്കുമെന്നോ രഞ്ജുവിന് അറിയില്ലായിരുന്നു. അപ്രതീക്ഷിതമായി ആഗ്രഹം നിറവേറിയപ്പോള്‍ രഞ്ജുവിന് ഇരട്ടി മധുരം. രഞ്ചുവിനൊപ്പം നാലാം ക്ലാസുകാരിയായ അനിയത്തിയും അടുത്ത വീട്ടിലെ രണ്ട് കുട്ടികളും ഈ ടി.വി ഉപയോഗിച്ച് പഠിക്കും. ടി.വി കിട്ടിയതിനൊപ്പം ടി.വി സ്‌ക്രീനില്‍ മാത്രം കണ്ട ടോവിനോ തന്റെ വീട്ടിലുമെത്തിയതിന്റെയും സന്തോഷം.
എല്ലാവരും ഈ കാലഘട്ടത്തില്‍ അവനവന് കഴിയാവുന്ന സഹായങ്ങള്‍ ജാതിയും മതവും രാഷ്ട്രീയവും നോക്കാതെ ചെയ്യണമെന്ന് ടോവിനോ പറഞ്ഞു. ആരു നന്മ ചെയ്താലും നന്മ ചെയ്യുന്നവരെ അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും വേണം. കുട്ടികള്‍ക്ക് വേണ്ടി പഠിക്കാന്‍ സൗകര്യമൊരുക്കുന്നതില്‍ മത്സരബുദ്ധിയോടെ എല്ലാവരും സഹകരിക്കണമെന്നും ടൊവിനോ പറഞ്ഞു.
പത്ത് ടി.വിയാണ് ടൊവിനോ പദ്ധതിയിലേയ്ക്ക് സമ്മാനിച്ചത്. മഞ്ജു വാര്യര്‍ അഞ്ച് ടി.വി നല്‍കും. ബിജു മേനോന്‍, സംയുക്താവര്‍മ്മ എന്നിവരും പദ്ധതിയുടെ ഭാഗമാകും. പദ്ധതിയുമായി സഹകരിക്കുന്നവരുടെ പേര് വിവരങ്ങള്‍ പരസ്യപ്പെടുത്തുമെന്നും എംപി വ്യക്തമാക്കിയിട്ടുണ്ട്.
ഫേസ്ബുക്ക് പോസ്റ്റ് കാണാം


Click it and Unblock the Notifications