'54 ലക്ഷം രൂപയോളം നഷ്ടപ്പെട്ടു, അക്കൗണ്ട് ഫ്രീസായി പ്രോപ്പർട്ടി ലേലം ചെയ്യുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തി'
നയന്റീസ് കിഡ്സിന്റെ ബാല്യം മനോഹരമാക്കുന്നതിൽ പ്രധാന പങ്കുവഹിച്ചവരിൽ ഒരാളാണ് നടനും നിർമാതാവുമെല്ലാമായിരുന്ന ടോം ജേക്കബ്. 1999-2005 കാലയളവിൽ മലയാളികളെ ഏറ്റവും കൂടുതൽ പൊട്ടിച്ചിരിപ്പിച്ച ടെലിവിഷൻ സീരിയലാണ് പകിട പകിട പമ്പരം. ദൂരദർശനിൽ ബുധനാഴ്ച വെകിട്ട് 7.15ന് പകിട പകിട പമ്പരം കാണാനായി ആളുകൾ ജോലിയെല്ലാം ഒതുക്കി കാത്തിരിക്കുമായിരുന്നു. അവതരണത്തിലും അഭിനയത്തിലും വ്യത്യസ്തത പുലർത്തിയ സീരിയൽ വളരെ പെട്ടന്നാണ് പ്രേക്ഷക ശ്രദ്ധ നേടിയത്.
സീരിയൽ ആകെ 278 എപ്പിസോഡുകളാണ് സംപ്രേഷണം ചെയ്തത്. ടോം ജേക്കബ് തന്നെയാണ് സീരിയൽ നിർമ്മിച്ച് മുഖ്യ വേഷത്തിൽ അഭിനയിച്ചത്. അന്ന് പ്രശസ്തരായി നിന്നിരുന്ന സിനിമ-സീരിയൽ താരങ്ങളെല്ലാം പകിട പകിട പമ്പരത്തിന്റെ ഭാഗമായിട്ടുണ്ട്. തെസ്നി ഖാൻ, സീമ ജി നായർ, സംഗീതാ രാജേന്ദ്രൻ, മായാ മൗഷ്മി എന്നിവരായിരുന്നു നായികമാർ.

പകിട പകിട പമ്പരം എന്ന പ്രോഗ്രാം കൊണ്ട് ടോം ജേക്കബ് ലക്ഷാധിപതിയായി എന്നാണ് പ്രേക്ഷകരിൽ പലരും വിചാരിച്ചത്. എന്നാൽ ദൂരദർശന് വേണ്ടി പ്രവർത്തിച്ചശേഷം ലക്ഷങ്ങളുടെ കടബാധ്യതയാണ് ടോം ജേക്കബിന് ഉണ്ടായത്. മാസ്റ്റർ ബിന്നിന് നൽകിയ അഭിമുഖത്തിൽ പകിട പകിട പമ്പരം സീരിയലിനെ കുറിച്ച് ടോം നടത്തിയ വെളിപ്പെടുത്തലുകളാണ് ശ്രദ്ധ നേടുന്നത്. നടന്റെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം... പകിട പകിട പമ്പരം ഒരിക്കലും എന്നെ കടക്കാരനാക്കിയിട്ടില്ല. ഞാൻ കോടിപതി തന്നെയായി.
ദൂരദർശന് ഞാൻ ആ പ്രോഗ്രാം കൊണ്ട് അഞ്ച് കോടി രൂപ ഉണ്ടാക്കി കൊടുത്തു. അതിന്റെ കണക്ക് എന്റെ കയ്യിലുണ്ട്. ഞാൻ തന്നെ ഓന്നേമുക്കാൽ കോടി രൂപ ടെലികാസ്റ്റ് ഫീയായി കെട്ടിയ കണക്കും എന്റെ കയ്യിലുണ്ട്. ഒരു സ്റ്റേറ്റിലും പത്ത് മിനിറ്റുള്ള ഇങ്ങനൊരു പ്രോഗ്രാം നടന്നിട്ടേയില്ല. ടാമിൽ ഫസ്റ്റിൽ വന്ന ഇന്ത്യയിലെ ആദ്യത്തെ പ്രോഗ്രാമും ഇത് തന്നെയാണ്. വാർത്തയോ സിനിമയോ അല്ലാതെ ടാം റേറ്റിങിൽ ഫസ്റ്റ് വരുന്ന ആദ്യത്തെ പ്രോഗ്രാമും പകിട പകിട പമ്പരമാണ്.
പിന്നീട് 2016ൽ എസ്എഫ്സി സ്കീമിൽ എനിക്കൊരു പ്രോജക്ട് തന്നു. അന്ന് സൂര്യ ചാനലിനൊക്കെ ഒന്നേമുക്കാൽ പോയിന്റ് മാത്രമാണുള്ളത്. ഏഷ്യാനെറ്റ് എപ്പോഴും അതിന്റെ പവറിൽ തന്നെയെ നിന്നിട്ടുള്ളു. അത് താഴ്ന്നിട്ടില്ല. പിന്നെ ഏഷ്യാനെറ്റിനും മുകളിൽ സൂര്യ പോയൊരു കാലവുമുണ്ട്. ദൂരദർശന്റെ റേറ്റിങ് സീറോയിലായിരുന്നു. റേറ്റിങ് കൊണ്ടുവരാമെന്ന് ഞാൻ അവരോട് പറഞ്ഞു. പോസ്റ്ററുകൾ ഒട്ടിച്ചു.
കേരളത്തിൽ ആദ്യത്തെ മെഗാ സീരിയൽ കൊണ്ടുവരുന്നത് മധു മോഹനാണ്. അത് ആർക്കും മറക്കാൻ പറ്റില്ല. പുള്ളിയെ ഹെൽപ്പ് ചെയ്യാൻ മാർക്കറ്റിങ് ലൈനിൽ ഞാൻ നിന്നു. ആദ്യത്തെ മെഗാസീരിയൽ മാനസിയുടെ പോസ്റ്റർ സിനിമയുടെ പോസ്റ്റർ ഒട്ടിക്കുന്നതുപോലെ ഒട്ടിച്ചു. അതുപോലെ തന്നെ പകിട പകിട പമ്പരം പ്രോഗ്രാമിന് വേണ്ടിയും ചെയ്തു. ഗംഗ മെഗാ സീരിയലിന് വേണ്ടിയും കേരളത്തിൽ മുഴുവൻ പോസ്റ്റർ ഒട്ടിച്ച് അതിനെ റേറ്റിങ്ങിൽ കൊണ്ടുവന്നു.

മൂന്ന് പോയിന്റ് റേറ്റിങ്ങ് കൊണ്ടുവന്നു. അന്ന് ഒന്നേമുക്കാൻ പോയിന്റ് റേറ്റിങെ ഉള്ളുവെങ്കിലും മൂന്ന് ലക്ഷം രൂപ അവർക്ക് റവന്യൂവുണ്ട്. പക്ഷെ മൂന്ന് പോയിന്റുള്ള ദുരദർശന് 25000 രൂപപോലും റവന്യുവില്ല. അതോടെ ഡൽഹിയിൽ നിന്നും ചോദ്യം വന്ന് തുടങ്ങി. മാത്രമല്ല ഇതൊന്നും ശരിയാവില്ലെന്ന് പറഞ്ഞ് അവർ തഴഞ്ഞ് കളഞ്ഞു. ഞാൻ ദുരദർശന് നന്മയെ ചെയ്തിട്ടുള്ളു. പക്ഷെ എന്നെ കൊണ്ടുപോയി കുഴിയിൽ ചാടിച്ചതുപോലെയായി.
ചെയ്ത് വെച്ചിരിക്കുന്നതെങ്കിലും വിടാൻ പറ്റുമോയെന്ന് ഞാൻ അപേക്ഷിച്ചു. റേറ്റിങ്ങുണ്ടായിട്ടും റേറ്റിങ് ഇല്ലെന്ന് അവർ കാണിച്ചു. ദുരദർശൻ കാരണം 54 ലക്ഷം രൂപയോളം എനിക്ക് നഷ്ടപ്പെട്ടു. ബാക്കി വന്ന എപ്പിസോഡുകൾ ഇപ്പോഴും കയ്യിലുണ്ട്. അവരെ ഞാൻ കുറ്റം പറയുന്നില്ല. മറ്റുള്ളവരിൽ നിന്നും പൈസ കടം വാങ്ങിയാണ് ഞാൻ ഇതെല്ലാം തുടങ്ങിയത്. വാങ്ങിച്ചതെല്ലാം തിരിച്ച് കൊടുത്തപ്പോൾ ജീവിതം പോയി.
നഷ്ടം വന്നപ്പോൾ താങ്ങാൻ ഞാൻ മാത്രമെ ഉണ്ടായിരുന്നുള്ളു. എന്റെ അക്കൗണ്ട് ഫ്രീസായി. എന്റെ പ്രോപ്പർട്ടി മുഴുവൻ ലേലം ചെയ്യുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ പോയി. അത് ഇനിയും ഞാൻ റിക്കവർ ചെയ്തിട്ടില്ലെന്നും ടോം ജേക്കബ് പറയുന്നു.


Click it and Unblock the Notifications