ലക്ഷക്കണക്കിന് രൂപ മുടക്കി നിര്‍മ്മിച്ച സെറ്റില്‍ ഷൂട്ട് ആരംഭിക്കാന്‍ പോവുകയായിരുന്നുവെന്ന ടൊവിനോ
മലയാളത്തില്‍ നിന്നും ആദ്യമായിട്ടൊരു സൂപ്പര്‍ഹിറോ ചിത്രമൊരുങ്ങുകയായിരുന്നു. മിന്നല്‍ മുരളി എന്ന പേരില്‍ ടൊവിനോ തോമസിനെ നായകനാക്കി ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ലൊക്കേഷന്‍ തല്ലി തകര്‍ത്ത വാര്‍ത്തയാണ് പുറത്ത് വന്നിരിക്കുന്നത്. കാലടി മണപ്പുറത്ത് നിര്‍മ്മിച്ച ക്രിസ്ത്യന്‍ പള്ളിയുടെ സെറ്റാണ് രാഷ്ട്രീയ ബജ്റംഗദള്‍ പൊളിച്ചത്.
ഇരുപത് കോടിയോളം മുതല്‍ മുടക്കില്‍ സോഫിയ പോള്‍ നിര്‍മ്മിക്കുന്ന സിനിമയുടെ ക്ലൈമാക്‌സ് അടക്കം പ്രധാനപ്പെട്ട രംഗം ഷൂട്ട് ചെയ്യുന്നതിന് വേണ്ടി ഒരുക്കിയ സെറ്റ് ആയിരുന്നിത്. മതവികാരം വൃണപ്പെട്ടു എന്ന് ആരോപിച്ച് ഒരു കൂട്ടം ആളുകള്‍ ചേര്‍ന്ന് നടത്തിയ നീജപ്രവര്‍ത്തനത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. സിനിമയുടെ സംവിധായകനും നിര്‍മാതാവും പ്രതികരണം രേഖപ്പെടുത്തി കഴിഞ്ഞു.

കൊറോണ കാരണം വലിയ പ്രതിസന്ധി നേരിട്ട് കൊണ്ടിരിക്കുന്ന അവസരത്തില്‍ ഇത്തരൊരു സാഹചര്യം ഉണ്ടായതിന്റെ ഞെട്ടലിലാണ് എല്ലാവരും. ലക്ഷങ്ങള്‍ മുടക്കിയൊരുക്കിയ സെറ്റ് പൊളിച്ചതില്‍ പ്രതിഷേധം രേഖപ്പെടുത്തി കൊണ്ട് നടന്‍ ടൊവിനോ തോമസ് കൂടി എത്തിയിരിക്കുകയാണ്. ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ച കുറിപ്പിലാണ് ഷൂട്ടിങ് നിര്‍ത്തി വെക്കേണ്ടി വന്ന സാഹചര്യത്തെ കുറിച്ച് ടൊവിനോ സംസാരിച്ചിരിക്കുന്നത്.
ടൊവിനോയുടെ കുറിപ്പ് വായിക്കാം
'മിന്നല്‍ മുരളി ആദ്യ ഷെഡ്യൂള്‍ വയനാട്ടില്‍ നടന്നു കൊണ്ടിരുന്നതിനൊപ്പമാണ്, രണ്ടാം ഷെഡ്യൂളിലെ ക്ലൈമാക്‌സ് ഷൂട്ടിനു വേണ്ടി ആക്ഷന്‍ കോറിയോഗ്രാഫര്‍ വ്‌ലാഡ് റിംബര്‍ഗിന്റെ നിര്‍ദ്ദേശപ്രകാരം ആര്‍ട്ട് ഡയറക്ടര്‍ മനു ജഗദും ടീമും ഉത്തരവാദിത്തപ്പെട്ടവരുടെ അനുമതിയോടെയാണ് സെറ്റ് നിര്‍മ്മാണം ആരംഭിച്ചത്.

ലക്ഷക്കണക്കിന് രൂപ മുടക്കി നിര്‍മ്മിച്ച ഈ സെറ്റില്‍ ഷൂട്ടിംഗ് ആരംഭിക്കുന്നതിനു തൊട്ട് മുന്‍പാണു നമ്മുടെ രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്നതും, ഞങ്ങളുടേതുള്‍പ്പടെ എല്ലാ സിനിമകളുടെയും ഷൂട്ടിംഗ് നിര്‍ത്തി വയ്ക്കുന്നതും. വീണ്ടും ഷൂട്ടിംഗ് എന്നു ആരംഭിക്കാന്‍ കഴിയുമോ അന്ന് ഷൂട്ട് ചെയ്യുന്നതിന് വേണ്ടി നിലനിര്‍ത്തിയിരുന്ന സെറ്റാണു ഇന്നലെ യാതൊരു മുന്നറിയിപ്പുമില്ലാതെ ഒരു കൂട്ടം വര്‍ഗ്ഗീയവാദികള്‍ തകര്‍ത്തത്.
അതിനവര്‍ നിരത്തുന്ന കാരണങ്ങളൊന്നും ഈ നിമിഷം വരെ ഞങ്ങള്‍ക്കാര്‍ക്കും മനസ്സിലായിട്ടുമില്ല. വടക്കേ ഇന്ത്യയിലൊക്കെ മതഭ്രാന്തിന്റെ പേരില്‍ സിനിമകളും ലൊക്കേഷനുകളുമൊക്കെ ആക്രമിക്കപ്പെടുന്നത് നമുക്ക് ഇതു വരെ കേട്ടു കേള്‍വി മാത്രമായിരുന്നിടത്താണു ഞങ്ങള്‍ക്കീ അനുഭവമുണ്ടായിരിക്കുന്നത്.. ഒരുപാട് വിഷമം ഉണ്ട് അതിലേറെ ആശങ്കയും . അതുകൊണ്ടു തന്നെ നിയമനടപടികളുമായി മുന്നോട്ടു പോവുകയാണ്' എന്നും ടൊവിനോ പറയുന്നു.
ടൊവിനോയുടെ പോസ്റ്റ്


Click it and Unblock the Notifications