'കല്യാണം കഴിഞ്ഞ് വന്നപ്പോൾ അതെല്ലാം എന്റെ വീട്ടിൽ നിന്നും കൊണ്ടുവന്നു, പത്ത് വർഷത്തോളം പ്രണയിച്ചിട്ടുണ്ട്'
വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിലാണ് ടൊവിനോ തോമസ് ലിഡിയയെ ജീവിതസഖിയാക്കുന്നത്. പ്ലസ് ടു കാലത്താണ് ഇരുവരും തമ്മിലുള്ള പ്രണയം തുടങ്ങിയത്. ഒരുപാട് കാലം പിറകെ നടന്നിട്ടാണ് ലിഡിയ തന്നോട് ഇഷ്ടമാണെന്ന് പറഞ്ഞതെന്ന് ടൊവിനോ തന്നെ നിരവധി അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. 2012ൽ സിനിമയിൽ അരങ്ങേറ്റം കുറിച്ച ടൊവിനോ 2014ലാണ് ലിഡിയയെ വിവാഹം ചെയ്യുന്നത്. ഇരുവർക്കും ഇപ്പോൾ രണ്ട് കുഞ്ഞുങ്ങളുണ്ട്. സ്കൂളിൽ മാത്രമല്ല ഇരുവരും എഞ്ചിനീയറിങ് പഠിച്ചതും ഒരേ കോളജിലാണ്.
വലിയ കലാപങ്ങളൊന്നും ടൊവിനോ-ലിഡിയ പ്രണയ കാലത്ത് വീട്ടുകാർ സൃഷ്ടിച്ചിട്ടില്ല. പത്ത് വർഷത്തോളം പ്രണയിച്ച ശേഷമാണ് ടൊവിനോ ലിഡിയയെ വിവാഹം ചെയ്തത്. ഇപ്പോഴിതാ അടുത്തിടെ ആനീസ് കിച്ചണിൽ ഇരുവരും പങ്കെടുത്തപ്പോൾ പ്രണയിച്ച് നടന്ന സമയത്തെ ചില രസകരമായ സംഭവങ്ങൾ പങ്കുവെച്ചതിന്റെ വീഡിയോയാണ് വൈറലാകുന്നത്.

ലിഡിയയ്ക്ക് കവിത എഴുത്തിനോടുള്ള പ്രേമത്തെ കുറിച്ച് അടക്കം ടൊവിനോ പങ്കുവെക്കുന്നുണ്ട്. പ്രേമിച്ച് നടന്ന കാലത്ത് താനും ചില കവിതകൾ കുത്തികുറിച്ചിട്ടുണ്ടെന്നും ടൊവിനോ പറയുന്നു. ഇരുവരുടേയും വാക്കുകളിലേക്ക്... 'ഞാൻ എഞ്ചിനീയറിങ് കഴിഞ്ഞതാണ്. കല്യാണത്തിന് മുമ്പ് വർക്ക് ചെയ്തിരുന്നു. ഇപ്പോൾ സ്വസ്ഥം ഗൃഹഭരണം.'
'പത്താം ക്ലാസിനുശേഷം പ്ലസ് വൺ, പ്ലസ് ടു ഞങ്ങൾ ഒരുമിച്ച് പഠിച്ചതാണ്. അന്ന് തുടങ്ങിയ പരിചയമാണ്. ഇരിങ്ങാലക്കുടയിലാണ് പഠിച്ചത്. ഞങ്ങളുടെ വീടുകൾ തമ്മിൽ ഒരു രണ്ട് കിലോമീറ്റർ വ്യത്യസമേയുള്ളു. എഞ്ചിനീയറിങ്ങിന് ആദ്യം ചേർന്നത് ടോവിയാണ്. ഞാൻ ഒരുകൊല്ലം റിപ്പീറ്റ് ചെയ്തു. എന്നിട്ട് സെയിം കോളേജിൽ എനിക്കും അഡ്മിഷൻ എടുത്തു.'
'വീട്ടിൽ വലിയ കലാപങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. പത്തുവർഷത്തോളം പ്രേമിച്ചിട്ടുണ്ട്. ഞാൻ പാട്ട് ആസ്വദിക്കുന്ന ആളാണ്. കവിതകൾ കേൾക്കാൻ ഇഷ്ടമാണ്. പണ്ടൊക്കെ എഴുതുമായിരുന്നു. ഇപ്പോൾ ഞാനും മടിയത്തിയായി കൂടെ കൂടിയ ശേഷം. എന്നെ നന്നായി പ്രോത്സാഹിപ്പിക്കാറുണ്ട് എഴുതാൻ വേണ്ടി. പക്ഷെ എനിക്ക് അങ്ങിനെ തോന്നാറില്ല എഴുതണമെന്ന്', എന്നാണ് ഇഷ്ടങ്ങൾ വെളിപ്പെടുത്തി ലിഡിയ പറഞ്ഞത്. പിന്നെ ടൊവിനോയാണ് സംസാരിച്ചത്.
'ഞാനും കവിതകളൊക്കെ എഴുതിയിട്ടുണ്ട്. പക്ഷെ ദൈവം സഹായിച്ച് ഇവൾ മാത്രമെ അത് വായിച്ചിട്ടുള്ളു. ഞാൻ കത്തുകൾ എഴുതി പ്രേമിച്ചിട്ടുള്ള ആളാണ്. ഈ കത്തുകൾ കൊടുത്തുവിടാൻ ഒരുപാട് ആളുകളുണ്ടായിരുന്നു. അങ്ങിനെ എഴുതുന്ന കത്തുകളിലായിരുന്നു എന്റെ കവിതാശകലങ്ങൾ ഉണ്ടായിരുന്നത്. ഇതൊക്കെ ഞങ്ങൾ സൂക്ഷിച്ച് വെച്ചിട്ടുണ്ട്.'

'കുറച്ച് വർഷങ്ങൾക്ക് ശേഷം അത് എടുത്ത് നോക്കിയപ്പോഴാണ് മനസിലായത് വളരെ മോശമായിരുന്നു എന്നത്. കല്യാണ രാമൻ സിനിമയിൽ പറയുന്നപോലെ ഇളം കാറ്റിൽ തേങ്ങാ കുലകൾ ആടുന്നു എന്നൊക്കെ ആയിരുന്നു എന്റെ കവിതകൾ. പ്രേമിക്കുന്ന സമയത്ത് നല്ല പൈങ്കിളി ആയിരുന്നു. അത് അന്ന് മനസിലാവില്ലെന്നാണ്', തന്റെ കവിത എഴുത്തിനെ കുറിച്ച് ടൊവിനോ രസകരമായി പറഞ്ഞത്. ഇപ്പോഴും ടൊവിനോ തന്ന കത്തുകളെല്ലാം ലിഡിയ സൂക്ഷിച്ചുവെച്ചിട്ടുണ്ട്.
'കല്യാണം കഴിഞ്ഞ് വന്നപ്പോൾ ഈ കവിതകളും ഞാൻ എന്റെ വീട്ടിൽ നിന്നും കൊണ്ടുവന്നിട്ടുണ്ടായിരുന്നു. ഒരു ദിവസം ഞാൻ എടുത്ത് വായിച്ചപ്പോൾ ചിരിച്ച് ചിരിച്ച് കുഴഞ്ഞുപോയി. വേറെ ആരെയും കാണിക്കാതെ സൂക്ഷിച്ചുവച്ചിട്ടുണ്ട്. മിഥുനം സിനിമയിൽ ഉർവശി ചേച്ചി ലാൽ സാറിനെ ലെറ്റർ കാണിക്കുന്ന പോലെ തന്നെയാണ് ഇതെന്നും', ലിഡിയ കൂട്ടിച്ചേർത്തു.


Click it and Unblock the Notifications











