അന്നാണ് അവളോട് വല്ലാത്ത പ്രേമം തോന്നിയത്! പ്രണയിച്ച് സ്വന്തമാക്കിയ ലിഡിയയെക്കുറിച്ച് ടൊവിനോ തോമസ്!
യുവജനതയുടെ സ്വന്തം താരമാണ് ടൊവിനോ തോമസ്. സിനിമയ്ക്കപ്പുറത്ത് ജീവിതത്തിലും താന്‍ നായകനാണെന്ന് അദ്ദേഹം അടുത്തിടെ തെളിയിച്ചിരുന്നു. അപ്രതീക്ഷിതമായെത്തിയ പ്രളയത്തിന് മുന്നില്‍ കേരളം ഒന്നടങ്കം വിറുങ്ങലിച്ച് നിന്നപ്പോള്‍ രക്ഷാപ്രവര്‍ത്തനവുമായി ടൊവിനോയും രംഗത്തെത്തിയിരുന്നു. വീടുകളില്‍ കുരുങ്ങിപ്പോയവരെ സഹായിക്കാനും ക്യാംപുകളിലേക്ക് അവശ്യ സാധനങ്ങളുമെല്ലാം എത്തിക്കാനായി താരവും മുന്നിലുണ്ടായിരുന്നു. നിമിഷനേരം കൊണ്ടായിരുന്നു താരത്തിന്റെ പോസ്റ്റുകള്‍ വൈറലായി മാറിയത്. സോഷ്യല്‍ മീഡിയയിലൂടെ ശക്തമായ പിന്തുണ മാത്രമല്ല രൂക്ഷമായ വിമര്‍ശനവും ലഭിച്ചിരുന്നു.
പ്രളയക്കെടുതിയില്‍ ഏതൊരു മനുഷ്യനും ചെയ്യാവുന്നതേ താനും ചെയ്തുള്ളൂവെന്നും ഇതിന്റെ പേരില്‍ ആരും തന്റെ സിനിമ കാണാന്‍ വരേണ്ടെന്നും താരം തുറന്നടിച്ചിരുന്നു. സിനിമാമോഹം വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ഉള്ളിലുണ്ടായിരുന്നുവെന്നും ജോലി ഉപേക്ഷിക്കുന്നതിനെക്കുറിച്ച് പറഞ്ഞപ്പോള്‍ പൂര്‍ണ്ണ പിന്തുണ നല്‍കിയത് ലിഡിയയാണെന്നും താരം പറഞ്ഞിരുന്നു. വിവാഹ ശേഷം ജോലിക്ക് പോവാതെ കുടുംബത്തോടൊപ്പം കഴിയാനാണ് ഈ താരപത്‌നി താല്‍പര്യപ്പെട്ടത്. പ്ലസ് ടുവില്‍ പഠിക്കുമ്പോള്‍ തുടങ്ങിയ പ്രണയമാണ് വിവാഹത്തില്‍ കലാശിച്ചത്. 2014 ഒക്ടോബര്‍ 24നായിരുന്നു ടൊവിനോ ലിഡിയയുടെ കഴുത്തില്‍ മിന്നുചാര്‍ത്തിയത്. വിവാഹ ജീവിതത്തില്‍ നാല് വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ ത്രില്ലിലാണ് താരം. താരത്തിനും കുടുംബത്തിനും ആശംസ നേര്‍ന്ന് രംഗത്തെത്തിയതും ആരാധകരായിരുന്നു. ഫാന്‍സ് പേജുകളിലൂടെ വൈറലായിക്കൊണ്ടിരിക്കുന്ന ചിത്രങ്ങളിലൂടെ തുടര്‍ന്നുവായിക്കാം.

പ്രണയിച്ച് വിവാഹിതരായി
പ്രണയിച്ച് വിവാഹിതരായവരാണ് ടോവിനോയും ലിഡിയയും. പ്ലസ് ടുവില്‍ പഠിക്കുമ്പോള്‍ത്തുടങ്ങിയ പ്രണയമായിരുന്നു അത്. ഒരുപാട് നാളുകള്‍ പുറകെ നടന്നതിന് ശേഷമാണ് ലിഡിയ തന്നോട് യെസ് പറഞ്ഞതെന്ന് ടൊവിനോ പറഞ്ഞിരുന്നു. അഭിമുഖങ്ങളിലൂടെ നിരവധി തവണ താരം തന്റെ പ്രണയത്തെക്കുറിച്ച് തുറന്നുപറഞ്ഞിരുന്നു. സിനിമയില്‍ അഭിനയിക്കുകയെന്ന ലക്ഷ്യവുമായി നടന്നിരുന്ന തന്നെ ശക്തമായി പിന്തുണച്ച് വഴികാട്ടിയായി നിന്നത് ഭാര്യയാണെന്നും താരം പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു ഇവരുടെ വിവാഹ വാര്‍ഷികം.

വീട്ടുകാര്‍ എതിര്‍ത്തില്ല
പ്രണയത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ വീട്ടുകാര്‍ എതിര്‍ത്തിരുന്നില്ലെന്നും പെട്ടെന്ന് തന്നെ പച്ചക്കൊടി കാണിച്ചിരുന്നുവെന്നും ഇരുവരും പറഞ്ഞിരുന്നു. അന്ന് ടൊവിനോയ്ക്ക് താനെഴുതിയ കത്തുകളും ടോവിനോ തിരികെ നല്‍കിയ സമ്മാനങ്ങളുമൊക്കെ ഇപ്പോഴും സൂക്ഷിച്ച് വെച്ചിട്ടുണ്ടെന്നും അത് കാണുമ്പോള്‍ നൊസ്റ്റാള്‍ജിയ തോന്നാറുണ്ടെന്നും ഇരുവരും പറഞ്ഞിരുന്നു. ലിഡിയയുമായി പ്രണയത്തിലാണെന്ന് പറഞ്ഞപ്പോള്‍ വലിയ പൊട്ടിത്തെറികളൊന്നുമുണ്ടായിരുന്നില്ലെന്നും അതില്‍ ആശ്വാസമായിരുന്നുവെന്നും ഇവര്‍ വ്യക്തമാക്കിയിരുന്നു.

റൊമാന്റിക്കായ നിമിഷം
ഭാര്യയെ ലേബര്‍റൂമിലേക്ക് മാറ്റിയപ്പോള്‍ പുറത്തുനിന്ന ആ നിമിഷം ഇന്നും താന്‍ ഓര്‍ത്തിരിക്കുന്നുണ്ടെന്നും അന്നാണ് അവളോട് കൂടുതല്‍ പ്രണയം തോന്നിയതെന്നും താരം പറഞ്ഞിരുന്നു. ജീവിതത്തില്‍ ഏറ്റവും റൊമാന്റിക്കായ നിമിഷത്തെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു താരം ഇങ്ങനെ പറഞ്ഞത്. ഭാര്യയോടുള്ള പ്രണയത്തെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു യുവതാരം അന്ന് വാചാലനായത്.

ഇസ മോളുടെ കുസൃതി
ടൊവിനോയുടെ പൊന്നോമനപ്പുത്രിയായ ഇസ മോള്‍ പ്രേക്ഷകര്‍ക്കും ഏറെ പ്രിയപ്പെട്ടതാണ്. പൊതുചടങ്ങുകളിലും മറ്റും പങ്കെടുക്കാനെത്തുമ്പോള്‍ താരമായി മാറുന്നതും ഈ താരപുത്രിയാണ്. മെക്‌സിക്കന്‍ അപാരതയുടെ നൂറാം ദിനാഘോഷത്തില്‍ തിളങ്ങി നിന്നത് ഈ താരപുത്രിയായിരുന്നു. പപ്പ വേദിയില്‍ കയറിയപ്പോള്‍ ഇസയും ഒപ്പമെത്തി. അമ്മയുടെ അരികിലേക്ക് പോവാന്‍ പറഞ്ഞപ്പോള്‍ ഇസ അതനുസരിച്ചിരുന്നില്ല. ഇസയുടെ കുസൃതിയുമായുള്ള വീഡിയോ അന്ന് സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.

മലയാളത്തിന്റെ ഇമ്രാന്‍ ഹാഷ്മി
ടൊവിനോ തോമസിനെ വിശേഷിപ്പിക്കുന്നത് ഇങ്ങനെയാണ്. താരം അഭിനയിക്കുന്ന സിനിമകളിലെല്ലാം ലിപ് ലോക്ക് രംഗങ്ങളുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്. അതിനാലാണ് ഇത്തരത്തിലൊരു വിശേഷണം. എന്നാല്‍ മറ്റ് രംഗങ്ങളെക്കുറിച്ചോ തന്റെ പ്രകടനത്തെക്കുറിച്ചോ ഒന്നും പറയാതെ എന്തുകൊണ്ട് ഇക്കാര്യം മാത്രം ശ്രദ്ധിക്കുന്നുവെന്നായിരുന്നു അന്ന് താരം ചോദിച്ചത്.


Click it and Unblock the Notifications











