'ലിപ് ലോക്ക് ചെയ്യുന്നത് നേരിട്ട് കാണാനോ സിനിമയിൽ കാണാനോ താൽപര്യമില്ല, പക്ഷെ ആ സീൻ ചെയ്യരുതെന്ന് ഞാൻ പറയില്ല'
മിന്നൽ മുരളിക്കും അജയന്റെ രണ്ടാം മോഷണത്തിനും ശേഷം പാൻ ഇന്ത്യൻ തലത്തിൽ ആരാധകരുള്ള താരമാണ് ടൊവിനോ തോമസ്. പ്രഭുവിന്റെ മക്കൾ എന്ന സിനിമയിൽ തുടങ്ങിയ ടൊവിനോയുടെ സിനിമാ ജീവിതം അജയന്റെ രണ്ടാം മോഷണത്തിൽ എത്തി നിൽക്കുമ്പോൾ മലയാളത്തിലെ ഏറ്റവും വിലപിടിപ്പുള്ള താരങ്ങളിൽ ഒരാളാണ് നടൻ. യാതൊരു തരത്തിലും സിനിമാ പാരമ്പര്യമില്ലാത്ത കുടുംബത്തിൽ നിന്നും സിനിമാ മോഹം ഒന്നുകൊണ്ട് മാത്രമാണ് ടൊവിനോ അഭിനയിച്ച് തുടങ്ങിയത്.
എഞ്ചിനീയറിങ് ബിരുദധാരിയായ ടൊവിനോയുടെ സിനിമാപ്രേമം മനസിലാക്കി ചേട്ടൻ ടിങ്സ്റ്റണിനെ പോലെ തന്നെ അന്ന് മുതൽ ഇന്ന് വരേയും നടനെ പിന്തുണച്ച് കൂടെ നിൽക്കുന്നൊരാൾ ഭാര്യ ലിഡിയയാണ്. പതിനഞ്ചാം വയസ് മുതൽ ലിഡിയയും ടൊവിനോയും സുഹൃത്തുക്കളാണ്. സൗഹൃദം പിന്നീട് പ്രണയമായി മാറി. പത്ത് വർഷം മുമ്പായിരുന്നു ടൊവിനോയുടെ വിവാഹം.

അന്ന് എന്ന് നിന്റെ മൊയ്തീൻ സിനിമയിൽ അഭിനയിച്ചുകൊണ്ടിരിക്കുകയായിരുന്നു താരം. ഇതുവരെയുള്ള സിനിമാ ജീവിതത്തിനിടെ മായാനദി അടക്കം നിരവധി സിനിമകളിൽ ടൊവിനോ ലിപ് ലോക്ക് സീനുകളിൽ അഭിനയിച്ചിട്ടുണ്ട്. ഇത്തരം രംഗങ്ങളിൽ അഭിനയിക്കുമ്പോഴുള്ള ഭാര്യ ലിഡിയയുടെ പ്രതികരണത്തെ കുറിച്ച് ചോദിച്ചപ്പോൾ നടൻ മുമ്പൊരിക്കൽ മറുപടി പറഞ്ഞിരുന്നു. വർഷങ്ങൾക്ക് മുമ്പ് കൈരളി ടിവിയിലെ ജെബി ജംഗ്ഷൻ എന്ന പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവെയാണ് ഇതിനുള്ള മറുപടി നടൻ പറഞ്ഞത്.
ടൊവിനോയുടെ പഴയ അഭിമുഖം ഇപ്പോൾ വീണ്ടും ആരാധകർക്കിടയിൽ വൈറലാവുകയാണ്. ടൊവിനോയുടെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം... നടിമാർക്കൊപ്പം അടുത്തിടപഴകി അഭിനയിക്കുന്നതിനെ കുറിച്ചുള്ള ആശങ്കയൊന്നും എന്റെ അടുത്ത് ലിഡിയ പ്രകടിപ്പിച്ചിട്ടില്ല.
അല്ലെങ്കിൽ അങ്ങനൊരു ആശങ്ക ഇല്ലായിരിക്കാം. പതിനഞ്ച് വയസിലാണ് ലിഡിയ എന്നെ കാണുന്നത്. അന്ന് മുതൽ എന്നെ വ്യക്തമായി ലിഡിയയ്ക്ക് അറിയാം. ഞങ്ങൾ പഠിച്ചത് കൊയമ്പത്തൂരാണ്. സിനിമ എന്നും എനിക്ക് ഒരു സ്വപ്നമായിരുന്നു. പക്ഷെ സിനിമ മോഹത്തെ കുറിച്ച് ഞാൻ ലിഡിയയോട് പറഞ്ഞിട്ടില്ല.
ഒരു ദിവസം ലിഡിയ എന്നോട് ഇങ്ങോട്ട് ചോദിച്ചതാണ് സിനിമയിൽ എന്തെങ്കിലുമാകാൻ താൽപര്യമുണ്ടോയെന്ന്. പിന്നെ സ്ക്രിപ്റ്റ് ഡിമാന്റ് ചെയ്യുന്നതുകൊണ്ടാണ് ഞാൻ ലിപ് ലോക്ക് ചെയ്തിട്ടുള്ളത്. പക്ഷെ അതല്ല സിനിമയുടെ സെല്ലിങ് പോയിന്റ്.
ലിപ് ലോക്ക് പോലുള്ള സീനുകളുടെ ഷൂട്ട് ദിവസം വരുമ്പോൾ ഞാൻ ലിഡിയയോട് പറയും നീ ഇങ്ങോട്ട് കേറിപ്പോര്... ഇവിടെ നിന്നോളുവെന്ന്. അപ്പോൾ ലിഡിയ പറഞ്ഞ മറുപടി ഇങ്ങനെയായിരുന്നു... എനിക്ക് അത് കാണാൻ വലിയ താൽപര്യമൊന്നുമില്ല. സിനിമയിലും കാണാൻ വലിയ താൽപര്യമൊന്നുമില്ല.

പക്ഷെ ആ സീൻ ചെയ്യരുതെന്ന് ഞാൻ പറയില്ല. കാരണം നിങ്ങൾ ഒരു ഗൈനക്കോളജിസ്റ്റായിരുന്നുവെങ്കിൽ ഒരു സിസേറിയൻ ചെയ്യുന്ന സമയത്ത് ആ സ്ത്രീയുടെ അവിടെ തൊടരുത് ഈ സ്ത്രീയുടെ ഇവിടെ തൊടരുത് എന്നൊന്നും എനിക്ക് പറയാൻ പറ്റില്ലല്ലോ. ജോലിയുടെ ഭാഗമായിട്ട് ചെയ്യുന്ന കാര്യമാണ് എന്നാണ്.
അതുപോലെ ലിപ് ലോക്ക് പോലുള്ള സീനിൽ നൂറ്റിയമ്പതോളം പേരുടെ നടുക്ക് നിന്നാണ് നമ്മൾ അഭിനയിക്കുന്നത്. അതുകൊണ്ട് തീർച്ചയായും ആ കാര്യം അഭിനയമായി മാത്രമെ നമുക്ക് ചെയ്യാൻ പറ്റു എന്നാണ് ടൊവിനോ നൽകിയ മറുപടി. ടൊവിനോയ്ക്കും ലിഡിയയ്ക്കും ഇസ, ടാഹാൻ എന്നിങ്ങനെ രണ്ട് മക്കളുണ്ട്. ഒട്ടുമിക്ക സെലിബ്രിറ്റി ഫങ്ഷനുകളിലും ഭാര്യയ്ക്കൊപ്പമാണ് ടൊവിനോ എത്താറുള്ളത്.
അതേസമയം അജയന്റെ രണ്ടാം മോഷണം ഒരു മാസം പിന്നിടുമ്പോഴും വിജയകരമായി പ്രദർശനം തുടരുകയാണ്. മൂന്ന് കഥാപാത്രങ്ങളെയാണ് ചിത്രത്തിൽ ടൊവിനോ അവതരിപ്പിച്ചത്. എമ്പുരാനാണ് അണിയറയിൽ ഒരുങ്ങുന്ന ടൊവിനോയുടെ മറ്റൊരു സിനിമ.


Click it and Unblock the Notifications