'നിന്റെ പെങ്ങളെ ഞാനാണ് കെട്ടിച്ചത്... നിന്റെ മോളെ കെട്ടിക്കാൻ ഇനിയും സമയമുണ്ട്... ഇത്രയും പണിയെടുക്കേണ്ടതില്ല'
മലയാളി സിനിമ പ്രേമികളുടെ മനസിൽ പ്രിയ താരങ്ങളുടെ ലിസ്റ്റിലാണ് ഇന്ന് ടോവിനോ തോമസിന്റെ സ്ഥാനം. എന്നും മികച്ച സിനിമകളും പ്രകടനവും കാഴ്ചവെക്കാൻ നടന് സാധിച്ചിട്ടുണ്ട്. വലിയ സിനിമാ പാരമ്പര്യമോ കൈപ്പിടിച്ചുയർത്താൻ ഗോഡ് ഫാദറോ ഒന്നുമില്ലാതെ സിനിമയിലെത്തി സ്വന്തമായൊരിടം ഉണ്ടാക്കിയെടുത്ത താരമാണ് ടൊവിനോ തോമസ്. ചെറിയ വേഷങ്ങളിലൂടെ പടിപടിയായി ഉയർന്നാണ് നായക പദവിയോളം എത്താനും മലയാളത്തിലെ വിലപിടിപ്പുള്ള താരങ്ങളിൽ ഒരാളായി മാറാനും ടൊവിനോയ്ക്ക് സാധിച്ചത്.
ആക്സിഡന്റ് ആക്ടറൊന്നുമല്ല താരം. സിനിമയോടുള്ള അതിയായ മോഹം കൊണ്ട് ഉണ്ടായിരുന്ന നല്ല ജോലിയും കളഞ്ഞ് വീണും കിതച്ചും അനിശ്ചിതത്വങ്ങളുടെ എണ്ണിയാലൊടുങ്ങാത്ത ദിനരാത്രങ്ങളും താണ്ടിയാണ് ടൊവിനോ തോമസ് ഇന്നു കാണുന്ന സ്റ്റാർഡത്തിലേക്ക് എത്തിച്ചേരുന്നത്.

തീവ്രമായി ആഗ്രഹിച്ചാൽ കഠിനമായി പരിശ്രമിച്ചാൽ സ്വപ്നങ്ങൾ നേടിയെടുക്കാമെന്ന് ജീവിതം കൊണ്ട് തെളിയിച്ചൊരു ചെറുപ്പക്കാരൻ കൂടിയാണ് ടൊവിനോ. സിനിമയ്ക്ക് പിന്നാലെ അലഞ്ഞ കാലത്ത് അനുഭവിച്ച പ്രശ്നങ്ങളിൽ പിന്തുണയുമായി കൂടെ നിന്നതും വീണുപോവാതെ ചേർത്ത് നിർത്തിയതും സഹോദരൻ ടിങ്സ്റ്റണാണെന്ന് ടൊവിനോ പലപ്പോഴായി പറഞ്ഞിട്ടുണ്ട്. ഭാര്യ ലിഡിയയും സിനിമയിൽ കരിയറുണ്ടാക്കാൻ ടൊവിനോയ്ക്ക് പൂർണ പിന്തുണ നൽകി ഒപ്പമുണ്ടായിരുന്നു.
ഒരിക്കൽ പോലും വൈറ്റ് കോളർ ജോലിയിൽ ടൊവിനോയെ തളച്ചിടാൻ ലിഡിയയും ശ്രമിച്ചിട്ടില്ല. വർഷങ്ങൾ നീണ്ട പ്രണയത്തിനുശേഷമാണ് ടൊവിനോയും ലിഡിയയും വിവാഹിതരായത്. അന്ന് നായക നടൻ പോലുമായിട്ടില്ലായിരുന്നു ടൊവിനോ. എന്ന് നിന്റെ മൊയ്തീനിൽ അഭിനയിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു വിവാഹം.
സിനിമയെ കുറിച്ച് ലിഡിയയ്ക്ക് അധികമൊന്നും അറിയില്ലെന്നും പക്ഷെ ഒരുമിച്ചിരിക്കുമ്പോഴൊക്കെ സിനിമയെ കുറിച്ച് സംസാരിക്കുമെന്നും ടൊവിനോ പറഞ്ഞിട്ടുണ്ട്. എഞ്ചിനീയറിങ് ബിരുദധാരിയാണ് ലിഡിയ. ഇന്ന് ഇരുവരും രണ്ട് കുഞ്ഞുങ്ങളുടെ മാതാപിതാക്കളാണ്. ഇപ്പോഴിതാ തല്ലുമാല സിനിമയുടെ ഷൂട്ടിനിടെയുണ്ടായ രസകരമായ സംഭവം പങ്കുവെച്ചിരിക്കുകയാണ് ടൊവിനോ തോമസ്. അജയന്റെ രണ്ടാം മോഷണം എന്ന തന്റെ ഏറ്റവും പുതിയ സിനിയുടെ പ്രമോഷന്റെ ഭാഗമായി ജിഞ്ചർ മീഡിയ എന്റർടെയ്ൻമെന്റിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടൻ.
തല്ലുമാലയിലെ ജ്ജിണ്ടാക്കിക്കോ പാട്ടില്ലേ... അതിന്റെ ഷൂട്ട് കാണാന്‍ എന്റെ ഭാര്യയും മക്കളും വന്നിരുന്നു. ആ സിനിമക്ക് മുമ്പ് ഞാന്‍ ലിഡിയയോട് മടുത്തു സിനിമ കുറച്ച് നാൾ ബ്രേക്ക് എടുക്കണം എന്നൊക്കെ പറയുമായിരുന്നു. അങ്ങനെ ഞാൻ പറയുമ്പോൾ എന്തിനാണ് അങ്ങനെയൊക്കെ ചിന്തിക്കുന്നതെന്ന് പറഞ്ഞ് ലിഡിയ എന്നെ സമാധാനിപ്പിക്കുമായിരുന്നു.

ഒരു ഗോഡൗണിനകത്ത് വെച്ചാണ് ജ്ജിണ്ടാക്കിക്കോ പാട്ട് എടുത്തത്. പടത്തില്‍ കാണിക്കുന്നത് രാത്രിയാണെങ്കിലും പകലാണ് ഷൂട്ട് ചെയ്തത്. അതിന് വേണ്ടി ടിൻ ഷീറ്റിട്ട റൂഫില്‍ മൊത്തം കറുത്ത തുണി വിരിച്ച് വെച്ചിരിക്കുകയായിരുന്നു. ചൂടെടുത്ത് മൊത്തം വിയര്‍ത്ത് നില്‍ക്കുകയായിരുന്നു. ഞാനാണെങ്കില്‍ ഓരോ സ്‌റ്റെപ്പും നാലഞ്ച് ടേക്ക് പോകുന്നുണ്ടായിരുന്നു. ഡാന്‍സൊന്നും നമുക്ക് പറ്റുന്ന പണിയല്ലെന്ന് ആദ്യമേ അറിയാമായിരുന്നു.
ജ്ജിണ്ടാക്കിക്കോ പാട്ടിന് വേണ്ടി ഒരുപാട് ടേക്ക് എടുത്തൊക്കെ ചെയ്യുന്നത് കണ്ടപ്പോൾ ഭാര്യ എന്റെ അടുത്ത് വന്ന് പറഞ്ഞു... അന്ന് പറഞ്ഞില്ലേ അഭിനയം നിർത്തണമെന്ന്... വേണമെങ്കിൽ നിർത്തിക്കോളൂവെന്ന്. ഞാൻ കഷ്ടപ്പെടുന്നത് കണ്ടിട്ട് സഹിക്കാഞ്ഞിട്ടാണ് അവൾ അങ്ങനെ പറഞ്ഞത്. നമുക്ക് ഉള്ളതൊക്കെ വെച്ച് ജീവിക്കാമെന്നും പറയുന്നുണ്ടായിരുന്നു. ലിഡിയയെപ്പോലെ അപ്പനും എന്നോട് പറഞ്ഞിരുന്നു.
നിന്റെ പെങ്ങളെ ഞാനാണ് കെട്ടിച്ചത്. പിന്നെ നിന്റെ മോളെ കെട്ടിക്കാൻ ഒരുപാട് സമയം എടുക്കും. നീ ഇത്രയും പണിയൊന്നുമെടുക്കേണ്ട കാര്യമില്ലെന്നാണ് അപ്പൻ പറഞ്ഞതെന്ന് ടൊവിനോ പറയുന്നു. ഈ വർഷം മലയാളത്തിൽ ഏറെ പ്രതീക്ഷയുള്ള ചിത്രങ്ങളിൽ ഒന്നാണ് അജയന്റെ രണ്ടാം മോഷണം. ടൊവിനോ തോമസ് മൂന്ന് വ്യത്യസ്ത കഥാപാത്രമായി എത്തുന്ന ചിത്രം ത്രീഡിയിലാണ് ഒരുക്കിയിരിക്കുന്നത്.


Click it and Unblock the Notifications