തുടങ്ങിയ നാൾ മുതൽ പ്രശ്നങ്ങൾ, ചെലവിട്ടത് കോടികൾ; ഗീതു മോഹൻദാസിന്റെ ടോക്സിക് നേരിടുന്നത്
യാഷ് ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ടോക്സിക്. മാർച്ച് 19 ന് ടോക്സിക് റിലീസ് ചെയ്യാനായിരുന്നു. എന്നാൽ പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യം കാരണം ജൂൺ നാലിലേക്ക് റിലീസ് മാറ്റി. ഇത് രണ്ടാം തവണയാണ് ടോക്സിക് റിലീസ് ഡേറ്റ് മാറ്റുന്നത്. 2025 ഏപ്രിൽ 10 ന് റിലീസ് ചെയ്യാനായിരുന്നു ആദ്യത്തെ തീരുമാനം. പിന്നീടിത് 2026 മാർച്ച് 19 ലേക്ക് മാറ്റി. ഷൂട്ടിംഗ് നീണ്ട് പോകുന്നതായിരുന്നു കാരണം.
2023 ഡിസംബർ മാസത്തിൽ പ്രഖ്യാപിച്ചതാണ് ടോക്സിക്. സംവിധാനംദേശീയ പുരസ്കാരമുൾപ്പെടെ നേടിയ സംവിധായിക ഗീതു മോഹൻദാസ്. നായകൻ ഇന്ത്യൻ സിനിമാ രംഗത്ത് നിലവിൽ ഏറ്റവും കൂടുതൽ ബോക്സ് ഓഫീസ് താരമൂല്യമുള്ള യാഷും. എങ്ങനെയായിരിക്കും ഇവരൊരുമിക്കുന്ന സിനിമയെന്നറിയാൻ ഏവർക്കും താൽപര്യമുണ്ട്.

എന്നാൽ ഷൂട്ടിംഗ് തുടങ്ങിയ നാളുകൾ മുതൽ കേൾക്കുന്നത് തടസങ്ങളുടെ വാർത്തയാണ്. ഷൂട്ടിംഗ് നീണ്ട് പോകുന്നതായിരുന്നു ആദ്യം വാർത്തയായത്. യാഷ് ഗീതുവിന്റെ സംവിധാനത്തിൽ അമിതമായി ഇടപെടുന്നെന്നും വാർത്തകൾ വന്നു. എന്നാൽ ചിത്രത്തിൽ പ്രവർത്തിച്ചവർ ഈ വാദം നിഷേധിച്ചു. ഷൂട്ടിംഗ് നടക്കുന്ന ബംഗ്ളൂരുവിലെ കാട്ടിൽ നിന്നും അനധികൃമായി മരങ്ങൾ വെട്ടി മാറ്റുന്നു എന്ന പരാതിയിൽ കർണാടക വന വകുപ്പ് എഫ്ഐആർ ഇട്ടതായിരുന്നു മറ്റൊരു വാർത്ത.
ടീസറിലെ ഇന്റിമേറ്റ് രംഗങ്ങളും വിവാദമായി. ഗീതു മോഹൻദാസിനാണ് ഇതിൽ ഏറെയും വിമർശനം കേൾക്കേണ്ടി വന്നത്. കസബയെ സ്ത്രീ വിരുദ്ധതയുടെ പേരിൽ വിമർശിച്ച ഗീതു മോഹൻദാസ് മറ്റൊരു ഭാഷയിൽ സിനിമ ചെയ്തപ്പോൾ സ്ത്രീ വിരുദ്ധതയുടെ വ്യാഖ്യാനം തിരുത്തി എന്നാണ് നിതിൻ രഞ്ജി പണിക്കറുടെ വിമർശനം. സ്ത്രീ വിരുദ്ധത തരിമ്പും ഇല്ലാത്ത, സ്ത്രീ ശരീരത്തെ വസ്തുവൽക്കരിക്കുന്ന ആൺനോട്ടങ്ങളില്ലാത്ത കസബയിലെ ആൺമുഷ്ക് മഷിയിട്ട് നോക്കിയാലും കാണാത്ത രാഷ്ട്രീയ ശരികളുടെ ദൃശ്യാവിഷ്കാരം. സേ ഇറ്റ്, സേ ഇറ്റ് എന്ന് പറഞ്ഞ് ഗിയർ കയറ്റി വിട്ട പുള്ളി. പക്ഷെ സ്റ്റേറ്റ് കടന്നപ്പോൾ അവരുടെ സ്ത്രീ വിരുദ്ധതയുടെ വ്യാഖ്യാനം സൗകര്യപൂർവം തിരുത്തി??? എന്നായിരുന്നു നിതിൻ രഞ്ജി പണിക്കറുടെ വിമർശനം.


Click it and Unblock the Notifications
















