'പറയുന്നതല്ല റിലീസ് നീളാൻ കാരണം, വെറും 35 കോടിയേ കിട്ടൂ!' ഗീതു മോഹൻദാസിന്റെ ടോക്സിക്കിന് പിന്നിൽ: ബിസ്മി
പ്രേക്ഷകർ കാത്തിരിക്കുന്ന സിനിമയാണ് യാഷ് നായകനായെത്തി ഗീതു മോഹൻദാസ് സംവിധാനം ചെയ്ത ടോക്സിക്. എന്നാൽ ചിത്രത്തിന്റെ റിലീസ് നീണ്ട് പോകുകയാണ്. പശ്ചിമേഷ്യൻ യുദ്ധം കാരണം ജൂൺ നാലിലേക്ക് റിലീസ് മാറ്റിയിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം പുറത്ത് വിട്ട പ്രസ്താവനയിൽ റിലീസ് നീട്ടുകയാണെന്നറിയിച്ചു. സിനിമാകോൺ 2026 വേദിയിൽ ചിത്രം അവതരിപ്പിച്ചപ്പോൾ മികച്ച പ്രതികരണം ലഭിച്ചു. അതിനാൽ അന്താരാഷ്ട്ര റിലീസിനുള്ള സാധ്യതകൾ കണക്കിലെടുത്താണ് മാറ്റമെന്നും ഇവർ പറയുന്നു. റിലീസ് തിയതി വെെകാതെ അറിയിക്കും.
എന്നാൽ ടോക്സിക്ക് റിലീസ് നീണ്ട് പോകാൻ മറ്റൊരു കാരണമുണ്ടെന്നാണ് തമിഴ് ഫിലിം ജേർണലിസ്റ്റ് ബിസ്മി പറയുന്നത്. ഇദ്ദേഹത്തിന്റെ വാക്കുകൾ ശ്രദ്ധ നേടുകയാണ്. എത്ര വലിയ പടമായാലും ഡിജിറ്റൽ, സാറ്റ്ലെെറ്റ് റെെറ്റ്സിലൂടെ ലഭിക്കുന്ന റെവന്യൂവിലാണ് ഇന്ന് സിനിമാ നിർമാതാക്കളുടെ വിശ്വാസം. ബഡ്ജറ്റിന്റെ 60 ശതനമാനത്തോളം നോൺ തിയറ്ററിക്കൽ റെെറ്റ്സിലൂടെ ലഭിക്കും. എന്നാൽ കഴിഞ്ഞ ഒന്ന് രണ്ട് വർഷത്തിനുള്ളിൽ ഡിജിറ്റൽ, സാറ്റ്ലെെറ്റ് റെെറ്റ്സുകളുടെ വില വല്ലാതെ ഇടിഞ്ഞു. മുമ്പത്തെ പോലെ വാരിക്കോരി കൊടുക്കാൻ ഒരു ഒടിടി പ്ലാറ്റ്ഫോമുകളും തയ്യാറല്ല. ടോക്സിന്റെ റിലീസ് ഡേറ്റ് മാർച്ച് 19 എന്ന് തീരുമാനിച്ചതായിരുന്നു.

എന്നാൽ ആ ഡേറ്റിൽ റിലീസ് ആയില്ല. ഉടനെ ജൂൺ നാലിലേക്ക് മാറ്റി. കാരണം ഡിജിറ്റൽ, സാറ്റ്ലെെറ്റ് വിൽപ്പന നടന്നില്ല. ജൂൺ നാലിനുള്ളിൽ വിൽക്കാമെന്നാണ് കരുതിയത്. നെറ്റ്ഫ്ലിക്സിൽ നിന്നും 130 കോടി രൂപയാണ് ആവശ്യപ്പെട്ടത്. എന്നാൽ അവർ വെറും 35 കോടിക്കാണ് വാങ്ങാൻ നോക്കിയത്. ഈ പ്രശ്നങ്ങൾ കാരണമാണ് സിനിമയുടെ റിലീസ് മാറ്റിയത്. എന്നാൽ ഇക്കാര്യങ്ങൾ പുറത്ത് പറയാനാകില്ല. കാരണം ടോക്സിക്കിൽ ജനങ്ങൾക്ക് പ്രതീക്ഷയുണ്ട്. അതിനാൽ ഹെെപ്പ് കൂടുന്ന തരത്തിൽ വേറൊരു കഥ പറഞ്ഞു.
ഈ പടം ലോകോത്തരമായി റിലീസ് ചെയ്യുമെന്ന് പറയുന്നു. അത് സത്യമല്ല. ഡിജിറ്റൽ, സാറ്റ്ലെെറ്റ് റെെറ്റ്സ് കച്ചവടം നടക്കാത്തത് കൊണ്ടാണെന്ന് ബിസ്മി പറയുന്നു. തെന്നിന്ത്യൻ സിനിമാ രംഗത്തെ സമകാലിക സംഭവങ്ങളെക്കുറിച്ച് തമിഴ് മീഡിയകളിലൂടെ തുടരെ സംസാരിക്കുന്ന ജേർണലിസ്റ്റാണ് ബിസ്മി. ടോക്സിക്കിന്റെ ടീസർ അടുത്തിടെ പുറത്ത് വന്നപ്പോൾ സോഷ്യൽ മീഡിയയിലുണ്ടായ ചർച്ചകൾ ചെറുതല്ല. ടീസറിൽ സ്ത്രീ വിരുദ്ധത പ്രകടമാണെന്ന ആരോപണം ഉയർന്നു.
അവാർഡ് മൂല്യമുള്ള സിനിമകളാണ് ഗീതു മോഹൻദാസ് ഇതുവരെ സംവിധാനം ചെയ്തിട്ടുള്ളത്. ഇന്ത്യൻ സിനിമാ രംഗത്ത് നിലവിൽ ഏറ്റവും കൂടുതൽ ബോക്സ് ഓഫീസ് താരമൂല്യമുള്ള സൂപ്പർസ്റ്റാറാണ് യാഷ്. എങ്ങനെയായിരിക്കും ഇവരൊരുമിക്കുന്ന സിനിമയെന്നറിയാൻ ഏവർക്കും കൗതുകമുണ്ട്.
എന്നാൽ ടോക്സിക്കിന്റെ ഷൂട്ടിംഗ് തുടങ്ങിയ നാളുകൾ മുതൽ കേൾക്കുന്നത് തടസങ്ങളുടെ വാർത്തയാണ്. ഷൂട്ടിംഗ് നീണ്ട് പോകുന്നതായിരുന്നു ആദ്യം വാർത്തയായത്. യാഷ് ഗീതുവിന്റെ സംവിധാനത്തിൽ അമിതമായി ഇടപെടുന്നെന്നും വാർത്തകൾ വന്നു. എന്നാൽ ചിത്രത്തിൽ പ്രവർത്തിച്ചവർ ഈ വാദം നിഷേധിച്ചു.


Click it and Unblock the Notifications