അന്ന് അകന്ന് പോയവർ ഇന്ന് ഒരുമിച്ച്, പക്ഷെ തൃഷയെ കാത്തിരിക്കുന്നത്; വരാനിരിക്കുന്നത് വെല്ലുവിളി നിറഞ്ഞ ദിനങ്ങൾ
കഴിഞ്ഞ ദിവസമായിരുന്നു നടൻ വിജയുടെ 51ാം പിറന്നാൾ ദിനം. നിരവധി പേരാണ് വിജയ്ക്ക് ആശംസകൾ അറിയിച്ചത്. എന്നാൽ ഏവരും ശ്രദ്ധിച്ചത് നടി തൃഷയുടെ പിറന്നാൾ ആശംസയാണ്. ഹാപ്പി ബർത്ത്‍ഡേ ബെസ്റ്റസ്റ്റ് എന്നാണ് തൃഷ പിറന്നാൾ ആശംസയായി ഒരുമിച്ചുള്ള ഫോട്ടോ പങ്കുവെച്ച് കൊണ്ട് കുറിച്ചത്. സോഷ്യൽ മീഡിയയിൽ ഇതിനോടകം പോസ്റ്റ് വലിയ ചർച്ചയായിട്ടുണ്ട്. അടുത്ത സുഹൃത്തുക്കളാണ് വിജയും തൃഷയും. എന്നാൽ സൗഹൃദത്തിനപ്പുറം എന്തോ ഉണ്ടെന്ന വാദം ശക്തമാണ്.
വിജയും ഭാര്യ സംഗീതയും അകൽച്ചയിലാണെന്ന അഭ്യൂഹങ്ങൾക്കിടെയാണ് തൃഷ കുറേക്കാലത്തിന് ശേഷം പരസ്യമായി വിജയുമായുള്ള സൗഹൃദം വ്യക്തമാക്കുന്ന പോസ്റ്റുകൾ പങ്കുവെക്കാൻ തുടങ്ങിയത്. ഇരുവരും തമ്മിൽ അടുപ്പമുണ്ടെന്ന വാദം ശക്തമാണ്. ഗോസിപ്പുകൾ തുടരെ വന്നിട്ടും തൃഷ അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടുന്ന പോസ്റ്റുകൾ വീണ്ടും പങ്കുവെക്കുന്നത് നെറ്റിസൺസ് ചൂണ്ടിക്കാട്ടുന്നുണ്ട്.

സംഗീതയുടെ വിവാഹ ജീവിതം തൃഷ തകർത്തെന്ന വാദവുമുണ്ട്. അതേസമയം ഏറെ നാളുകളായി വിജയ്ക്കൊപ്പം സംഗീതയെ കാണാറില്ല. ലണ്ടനിൽ തന്റെ കുടുംബത്തിനടുത്തേക്ക് സംഗീത മടങ്ങിയെന്ന് വാദമുണ്ട്. 2021-22 കാലഘട്ടത്തിൽ ഇവർ തമ്മിൽ അകൽച്ച വന്നെന്നാണ് റെഡിറ്റിൽ പലരും വാദിക്കുന്നത്.
മൂന്ന് നാല് വർഷത്തോളമായി തൃഷയും വിജയും തമ്മിൽ അടുപ്പമുണ്ടെന്നും എന്നാൽ ഇവർ ഒരുമിച്ചല്ല താമസിക്കുന്നതെന്നും നെറ്റിസൺസ് വാദിക്കുന്നു. ഇതിനോടകം തൃഷ നിരവധി സൂചനകൾ തന്നെന്നും വാദമുണ്ട്. അന്നും ഇന്നും ഹിറ്റ് ജോഡിയാണ് തൃഷയും വിജയും. 2000 ത്തിന്റെ തുടക്ക വർഷങ്ങളിൽ നിരവധി സിനിമകളിൽ ഇവർ ഒരുമിച്ച് അഭിനയിച്ചു. എന്നാൽ ഒരു ഘട്ടത്തിൽ ഈ ഹിറ്റ് കോംബോ അവസാനിച്ചു. 2008 ൽ പുറത്തിറങ്ങിയ കുരുവി എന്ന സിനിമയ്ക്ക് ശേഷം ഇരുവരും ഒരുമിച്ച് അഭിനയിക്കുന്നത് നിർത്തി.

അക്കാലത്ത് തൃഷയും വിജയും അടുക്കുന്നെന്ന് ഗോസിപ്പുകൾ വന്നിരുന്നു. ഇതോടെയാണ് ഹിറ്റ് കോംബോ ഓൺസ്ക്രീനിൽ കാണാതായത്. 15 വർഷത്തിന് ശേഷം ലിയോ എന്ന സിനിമയിൽ ഇരുവരും ഒരുമിച്ചെത്തി. ജീവിതത്തിൽ ഒന്നിക്കാൻ വിധിക്കപ്പെട്ടവരായിരിക്കും തൃഷയും വിജയുമെന്ന് ആരാധകർ പറയുന്നു.
അതേസമയം തൃഷയ്ക്ക് ഇനി മുന്നോട്ടുള്ള വെല്ലുവിളി ചെറുതല്ല. ജീവിതത്തിലെ ഏറ്റവും നിർണായകമായ ഘട്ടത്തിലാണ് വിജയ് ഇപ്പോഴുള്ളത്. സിനിമ വിട്ട് സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നു. രാഷ്ട്രീയ എതിരാളികൾ വിജയുടെ വ്യക്തി ജീവിതവും പാെതുമധ്യത്തിലേക്ക് വലിച്ചിഴയ്ക്കും. തൃഷയ്ക്ക് കടുത്ത അധിക്ഷേപങ്ങൾ ഒരുപക്ഷെ നേരിടേണ്ടി വന്നേക്കും. ഇപ്പോൾ തന്നെ വിജയുടെ വ്യക്തി ജീവിതം ചൂണ്ടിക്കാട്ടി പലരും കുറ്റപ്പെടുത്തുന്നുണ്ട്. വരാനിരിക്കുന്ന ചർച്ചകൾ അറിയാതെയല്ല തൃഷ അഭ്യൂഹത്തിന് ഇട വരുത്തുന്ന പോസ്റ്റ് പങ്കുവെച്ചത്.
കരിയറിലെ തിരക്കുകളിലാണ് തൃഷ. തഗ് ലെെഫ് ആണ് ഒടുവിൽ റിലീസ് ചെയ്ത സിനിമ. മണിരത്നം സംവിധാനം ചെയ്ത ചിത്രത്തിൽ കമൽ ഹാസൻ, സിമ്പു എന്നിവർ പ്രധാന വേഷത്തിലെത്തി. ബോക്സ് ഓഫീസിൽ പരാജയമാണ് തഗ് ലെെഫ്. കരിയറിൽ തുടരെ സിനിമകളുമായി മുന്നേറുകയാണ് തൃഷ. പൊന്നിയിൻ സെൽവന്റെ വിജയമാണ് തൃഷയ്ക്ക് നഷ്‌ടപ്പെട്ട താരമൂല്യം തിരികെ നൽകിയത്. മറുവശത്ത് വിജയുടെ അവസാന സിനിമയായ ജനനായകൻ അണിയറയിൽ ഒരുങ്ങുന്നുണ്ട്. ഈ സിനിമയ്ക്ക് ശേഷം രാഷ്ട്രീയത്തിൽ സജീവമാകാനാണ് വിജയുടെ തീരുമാനം. തമിഴ് മുന്നേട്ര കഴകം എന്നാണ് വിജയുടെ പാർട്ടിയുടെ പേര്. വിജയ് അഭിനയ രംഗത്ത് നിന്നും പിൻവാങ്ങുന്നതിന്റെ നിരാശ ആരാധകർക്കുണ്ട്. എന്നാൽ രാഷ്ട്രീയത്തിലേക്കുള്ള കടന്ന് വരവിൽ വലിയ പ്രതീക്ഷയുമുണ്ട്.


Click it and Unblock the Notifications