മൈക്ക് ഉണ്ടെന്നാൽ ബുദ്ധിയില്ലാത്ത വാക്കുകൾക്കും ശബ്ദം കൂടും, ആരുടെയോ നിർദേശപ്രകാരം ചെയ്ത പ്രവൃത്തി; തൃഷ
നടനും ടിവികെ അധ്യക്ഷനുമായ വിജയിയുമായി ചേർത്ത് വെച്ച് തൃഷയുടെ പേരിൽ ഇപ്പോൾ നടക്കുന്ന വിവാദങ്ങളിൽ തമിഴ് സിനിമാ മേഖലയിൽ നിന്നും പ്രതികരിച്ചൊരാൾ സംവിധായകനും നടനുമായ പാർത്ഥിപനാണ്. പരിഹാസം കലർന്ന പ്രതികരണം ഇതിനോടകം സോഷ്യൽമീഡിയയിൽ വൈറലാണ്. ഒരു അവാർഡ് വിതരണ ചടങ്ങിൽ സംസാരിക്കുമ്പോഴാണ് തൃഷ അവതരിപ്പിച്ച ഒരു കഥാപാത്രത്തിന്റെ പേര് പറഞ്ഞുകൊണ്ട് പാർത്ഥിപൻ നടിയെ വിമർശിച്ചത്.
തൃഷയുടെ ചിത്രം കാണിച്ചുകൊണ്ട് കുന്ദവൈയെക്കുറിച്ച് എന്താണ് പറയാനുള്ളതെന്ന് അവതാരകർ ചോദിച്ചപ്പോഴാണ് പാർത്ഥിപൻ പരിഹാസ രൂപേണ വിമർശിച്ചത്. ഈ കുന്ദവൈയെ കുറച്ച് ദിവസത്തേക്ക് വീട്ടിലിരുത്തേണ്ടതാണ്. അതാണ് നല്ലത്. അവരെ പുറത്ത് വിടരുത് എന്നാണ് പാർത്ഥിപൻ പറഞ്ഞത്.

നടന്റെ വിമർശനം വൈറലായതോടെ തൃഷ തന്നെ പാർത്ഥിപനെ പരോക്ഷമായി വിമർശിച്ച് എത്തി. മൈക്രോഫോണിലൂടെ ഒരു കമന്റ് പറഞ്ഞുവെന്ന് കരുതി അത് ബുദ്ധിപരമാകുന്നില്ലെന്നും മണ്ടത്തരം അൽപം ഉയർന്ന് കേൾക്കുക മാത്രമാണ് ചെയ്തതെന്നും പാർത്ഥിപന്റെ പേര് പരാമർശിക്കാതെ തൃഷ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചു.
സമീപകാലത്ത് നടന്ന ഒരു പരിപാടിയുടെ സംഘാടകർ എന്നെ അറിയിച്ചതനുസരിച്ച് ഒരാളുടെ അസിസ്റ്റന്റിലൂടെ എത്തിയ അഭ്യർത്ഥനയുടെ അടിസ്ഥാനത്തിൽ അവസാന നിമിഷത്തിലാണ് എന്റെ പേരും ചിത്രവും പരിപാടിയിൽ ഉൾപ്പെടുത്തിയതെന്ന് പറയുന്നു. മൈക്രോഫോൺ കൈയിൽ ഉണ്ടായതുകൊണ്ട് ഒരാളുടെ പരാമർശം ബുദ്ധിപരമോ ഹാസ്യകരമോ ആകുന്നില്ല. അതിലൂടെ മണ്ടത്തരം കൂടുതൽ ഉയർന്ന ശബ്ദത്തിൽ കേൾക്കപ്പെടുന്നതേയുള്ളു.
അറിവില്ലാതെ ഉച്ചരിക്കുന്ന അസഭ്യവാക്കുകൾ ലക്ഷ്യമിടുന്ന വ്യക്തിയെക്കാൾ സംസാരിക്കുന്നയാളെ കുറിച്ചാണ് കൂടുതൽ വ്യക്തമാക്കുന്നതെന്നും തൃഷ കുറിച്ചു. വിവാദ വിഷയങ്ങളിൽ എപ്പോഴും മുഖം നോക്കാതെ പ്രതികരിക്കുകയും തന്റെ അഭിപ്രായങ്ങൾ തുറന്ന് പറയുകയും ചെയ്യുന്ന ചുരുക്കം ചില തമിഴ് നടന്മാരിൽ ഒരാളാണ് പാർത്ഥിപൻ.
തൃഷയ്ക്കൊപ്പം അടുത്തിടെ പൊന്നിയൻ സെൽവനിൽ പാർത്ഥിപനും ഒരു ശ്രദ്ധേയ വേഷം ചെയ്തിരുന്നു. ചിന്ന പഴുവേട്ടരായർ എന്ന കഥാപാത്രത്തെയാണ് പൊന്നിയൻ സെൽവനിൽ പാർത്ഥിപൻ അവതരിപ്പിച്ചത്. തൃഷയെ പരസ്യമായി പൊതുവേദിയിൽ പരിഹസിച്ചതിന് പാർത്ഥിപനെ അനുകൂലിച്ചും പ്രതികൂലിച്ചും ആളുകൾ എത്തിയിരുന്നു. തൃഷ അർഹിക്കുന്ന മറുപടിയാണ് പാർത്ഥിപൻ നൽകിയത് എന്നാണ് ചിലർ കുറിച്ചത്.
അതേസമയം മറ്റ് ചിലർ വിജയിയെ വിമർശിക്കാൻ എന്തുകൊണ്ട് പാർത്ഥിപൻ ധൈര്യം കാണിക്കുന്നില്ലെന്ന് ചോദിച്ചു. എന്തുകൊണ്ട് തൃഷയെ മാത്രം എല്ലാവരും ലക്ഷ്യം വെയ്ക്കുന്നു. വിജയിയെ ഇതുപോലെ വിമർശിക്കാൻ ആർക്കും നട്ടെല്ലില്ലേ എന്നായിരുന്നു തൃഷയെ അനുകൂലിച്ച് വന്ന കമന്റുകൾ. പാർത്ഥിപന്റെ ദാമ്പത്യ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ എടുത്തിട്ടും ചിലർ വിമർശിച്ചു. തൃഷ-വിജയ് ബന്ധത്തെ വിമർശിച്ച സിനിമാക്കാരിൽ നടൻ സമുദ്രകനിയുമുണ്ട്.
സംവിധായകൻ ബാലയുമായുള്ള സൗഹൃദ സംഭാഷണത്തിന് ഇടയിൽ വിജയിയെ കുറിച്ച് നടൻ സംസാരിക്കുന്ന വീഡിയോയും വൈറലാകുന്നുണ്ട്. എല്ലാം നന്നായി നടക്കുകയായിരുന്നു. പക്ഷെ പാർട്ടിക്കാർ പോലും ഇതിനോട് യോജിക്കുന്നില്ല എന്നാണ് സമുദ്രക്കനി പറഞ്ഞത്. സംഗീത വിവാഹ മോചന ഹർജി നൽകിയതിന് പിന്നാലെ കഴിഞ്ഞ ദിവസം വിജയ് തൃഷയ്ക്കൊപ്പം ഒരു ഫങ്ഷനിൽ പങ്കെടുക്കാൻ എത്തിയിരുന്നു.
മാത്രമല്ല വിവാഹമോചനവുമായി ബന്ധപ്പെട്ട് നടക്കുന്ന വിവാദങ്ങളിൽ തന്റെ നിലപാടും തുറന്ന് പറഞ്ഞിരുന്നു. ചില പ്രശ്‌നങ്ങൾ നടക്കുന്നുണ്ട്. നിങ്ങൾ അതിൽ വിഷമിക്കുന്നതും അതിനെ പ്രതിരോധിക്കുന്നതും ഞാൻ കാണുന്നുണ്ട്. അത് കാണുമ്പോൾ എനിക്ക് വിഷമമുണ്ട്. അതൊക്കെ ഞാൻ നോക്കിക്കോളാം. ഞാനും നിങ്ങളും ചേർന്ന് ജനങ്ങളുടെ പ്രശ്‌നങ്ങൾ ഏറ്റെടുക്കും.
അതിലൊന്നും വിഷമിക്കരുത്. അതിൽ കാര്യമൊന്നുമില്ല. ആത്മവിശ്വാസത്തോടെ ഇരിക്കണം നല്ലതേ നടക്കൂ. വിജയമുറപ്പ് എന്നാണ് തന്റെ ആരാധകരോടും പാർട്ടി പ്രവർത്തകരോടുമായി നടൻ പറഞ്ഞത്.


Click it and Unblock the Notifications

















