ആദ്യ വിവാഹം മറച്ചുവെച്ച ഭർത്താവ്, കഴുത്തറ്റം കടം, കിടപ്പാടം വിറ്റു, ഇന്ന് ആസ്തി 2000 കോടി; രംഭയുടെ ജീവിതം!
ഒരു കാലത്ത് തെന്നിന്ത്യൻ സിനിമാ ആസ്വദകരുടെ പ്രിയ താരമായി മാറിയ നായികയായിരുന്നു രംഭ. അഭിനയ മികവുകൊണ്ടും അഴകുകൊണ്ടും അഭ്രപാളികളിൽ വിസ്മയം തീർത്ത താരസുന്ദരി. നടിയെ മലയാളികൾക്ക് പ്രത്യേകം പരിചയപ്പെടുത്തേണ്ട കാര്യമില്ല. കാരണം മലയാളത്തിലെ പ്രമുഖ സംവിധായകനാണ് രംഭയിലെ കല ആദ്യം തിരിച്ചറിഞ്ഞത്. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും കന്നഡയിലും ബോജ്പുരിയിലും വരെ അഭിനയിച്ച നടി. രജിനികാന്ത്, കമൽഹാസൻ, അനിൽ കപൂർ, ചിരഞ്ജീവി, അക്ഷയ്കുമാർ, അജയ് ദേവ്ഗൺ, സുനിൽ ഷെട്ടി തുടങ്ങിയ സൂപ്പർ താരങ്ങൾക്കൊപ്പമെല്ലാം ജോഡിയായി.
രംഭയുടെ ആസ്തി ഇന്ന് 2000 കോടിയാണെന്ന് പറയപ്പെടുന്നു. സിനിമ എന്താണെന്ന് അറിയാത്ത പ്രായത്തിൽ പതിനഞ്ചാം വയസ് മുതൽ അഭിനയിച്ച് തുടങ്ങി. വിജയവാഡയിലെ ഒരു സ്കൂൾ വാർഷികാഘോഷ പരിപാടിയിൽ പങ്കെടുത്തപ്പോഴാണ് സംവിധായകൻ ഹരിഹരൻ രംഭയെ ആദ്യമായി കാണുന്നതും സിനിമയിലേക്ക് കാസ്റ്റ് ചെയ്തതും.

അമൃത എന്ന പേരിലാണ് മലയാളത്തിന് രംഭയെ ഹരിഹരൻ പരിചയപ്പെടുത്തിയത്. ദേശീയ തലത്തിൽ അടക്കം പുരസ്കാരം നേടിയ സിനിമ സർഗത്തിൽ നായികയായിട്ടായിരുന്നു അരങ്ങേറ്റം. വിജയലക്ഷ്മി എന്നായിരുന്നു യഥാർത്ഥ പേര്. സിനിമയിൽ ചുവടുറപ്പിച്ചശേഷം വിജയലക്ഷ്മി എന്ന പേരും അമൃത എന്ന പേരും ഉപേക്ഷിച്ച് രംഭയായി മാറി. ഒരു കാലത്ത് രംഭയുടെ ഐറ്റം സോങ്ങ്സുകൾക്ക് ആരാധകർ ഏറെയായിരുന്നു. രജിനികാന്ത് സിനിമ അരുണാചലത്തിലെ കഥാപാത്രം നടി രജിനിയോട് ചോദിച്ച് വാങ്ങിയതാണ്.
ഒരിക്കൽ അരുണാചലത്തിന്റെ ഷൂട്ടിങ് ഹൈദരാബാദ് നടക്കുമ്പോൾ അതേ സമയം തന്നെ സൽമാൻ ഖാനൊപ്പം ബന്ദൻ എന്ന സിനിമയിലും രംഭ അഭിനയിക്കുന്നുണ്ടായിരുന്നു. സുസ്മിത സെന്നിന് വേണ്ടി വെച്ചിരുന്ന കഥാപാത്രമാണ് രജിനികാന്ത് ഇടപെട്ട് അരുണാചലത്തിൽ രംഭയ്ക്ക് നൽകിയത്. ഒപ്പം അഭിനയിക്കാനുള്ള ആഗ്രഹം നടി പ്രകടിപ്പിച്ചതുകൊണ്ടാണ് രജിനികാന്ത് അങ്ങനെ ചെയ്തത്.
അരുണാചലത്തിന്റെ സെറ്റിലേക്ക് ഒരിക്കൽ ജാക്കി ഷ്റോഫും സൽമാൻ ഖാനും കൂടി ചെന്നു. രംഭ ഉടനെ ഓടി ചെന്ന് അവരെ ആലിംഗനം ചെയ്ത് സ്വീകരിച്ചു. വന്നവർ പോയി കഴഞ്ഞിപ്പോൾ രജിനികാന്ത് തലയിൽ കെട്ടിയ കർച്ചീഫ് ദേഷ്യത്തിൽ വലിച്ചെറിഞ്ഞശേഷം താൻ ഇനി രംഭയ്ക്കൊപ്പം അഭിനയിക്കില്ലെന്ന് പ്രഖ്യാപിച്ചു. ഉടനെ രംഭ വാവിട്ട് കരച്ചിലായി. കാരണം എന്താണെന്ന് രജിനി രംഭയോട് വിശദീകരിച്ചു. നോർത്ത് ഇന്ത്യൻ നടന്മാരെ ആലിംഗനം ചെയ്യുന്നു. പക്ഷെ സൗത്ത് ഇന്ത്യൻ നടന്മാരോട് നടി അത് ചെയ്യുന്നില്ല.
വിവേചനം കാണിക്കുന്നു. അതുകൊണ്ട് അടുത്ത ദിവസം മുതൽ ലൈറ്റ് ബോയ് മുതലുള്ള ആളുകളെ നിരത്തി നിറുത്തി രംഭ ആലിംഗനം ചെയ്യണം. അത് കേട്ട് രംഭ വീണ്ടും കരച്ചിലായി. അതൊരു പ്രാങ്കാണെന്ന് നടി പിന്നീട് മനസിലാക്കി. ഇന്നും തലൈവരുമായി നല്ലൊരു സൗഹൃദം നടിക്കുണ്ട്. രംഭയുടെ പിതാവ് കശുവണ്ടി കച്ചവടക്കാരനായിരുന്നു. തികച്ചും യാഥാസ്ഥിതിക കുടുംബം. സിനിമ രംഭയ്ക്ക് എല്ലാം സമ്മാനിച്ചു.

എന്നാൽ പിന്നീട് കിടപ്പാടം പോലും വിറ്റൊഴിഞ്ഞ് ജീവിക്കാൻ പാടുപെടുന്ന അവസ്ഥയുണ്ടായി. ത്രീ റോസസ് എന്ന തമിഴ് സിനിമ ബിഗ് ബജറ്റിൽ രംഭ നിർമ്മിച്ചിരുന്നു. ലൈലയും ജ്യോതികയും രംഭയുമായിരുന്നു അഭിനയിച്ചത്. ഏറെ പ്രതീക്ഷ ആ സിനിമയെ കുറിച്ച് രംഭയ്ക്ക് ഉണ്ടായിരുന്നു. സിനിമ പക്ഷെ വൻ പരാജയമായി. അതോടെ വലിയ കട ബാധ്യതയിലേക്ക് വീണു. ഒരു നിമിഷം പകച്ച് പോയിയെങ്കിലും വീണ്ടും കഠിനാധ്വാനത്തിലൂടെ നഷ്ടപ്പെട്ടതെല്ലാം നടി തിരിച്ച് പിടിച്ചു.
ശേഷം 2010ൽ ശ്രീലങ്കൻ വംശജനും കനേഡിയൻ ബിസിനസുകാരനുമായ ഇന്ദ്രകുമാർ പത്മനാതനുമായി രംഭയുടെ വിവാഹം ആർഭാട പൂർവം നടന്നു. ശേഷം അഭിനയജീവിതത്തിൽ നിന്നും തൽക്കാലത്തേക്ക് ബ്രേക്ക് എടുത്തു. കരിയറിനേക്കാൾ കുടുംബ ജീവിതത്തിന് നടി എന്നും പ്രധാന്യം കൊടുത്തിരുന്നു. വിവാഹശേഷം കാനഡയിൽ സെറ്റിലായി. രണ്ട് പെൺകുഞ്ഞുങ്ങൾക്ക് ജന്മം നൽകി. എന്നാൽ 2016 പുതിയ ചില പ്രശ്നങ്ങൾ നടിയുടെ ജീവിതത്തിൽ ഉടലെടുത്തു.
ഇന്ദ്രകുമാർ നേരത്തെ മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചിരുന്നുവെന്നും അത് മറച്ചുവെച്ചാണ് രംഭയെ വിവാഹം ചെയ്തത് എന്ന വിവരം പുറത്ത് വന്നതോടെയാണ് പ്രശ്നങ്ങളുടെ തുടക്ക. അതോടെ ഇരുവർക്കും ഇടയിൽ പ്രശ്നങ്ങൾ ഉടലെടുക്കുകയും അകന്ന് കഴിയുകയും ഡിവോഴ്സിനായി കേസ് ഫയൽ ചെയ്യുകയും ചെയ്തു. ദാമ്പത്യം അവസാനിക്കുന്ന വക്കിലായിരുന്നു.
അതിനിടയിൽ കോടതിയുടെ നിർദേശപ്രകാരം നടന്ന കൗൺസിലിങ്ങിൽ ഇരുവരും പങ്കെടുത്ത് തെറ്റുകളും കുറ്റങ്ങളും പരസ്പരം പറഞ്ഞ് തെറ്റിദ്ധാരണകൾ തിരുത്തി വീണ്ടും ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചു. ശേഷം വീണ്ടും ഒരു ആൺകുഞ്ഞ് കൂടി ഇരുവർക്കും പിറന്നു. സ്വപ്നം കണ്ടതിനേക്കാൾ പതിന്മടങ്ങ് സന്തോഷമുള്ള ജീവിതമാണ് രംഭ ഇന്ന് നയിക്കുന്നതെന്ന് നടിയുടെ സോഷ്യൽമീഡിയ പോസ്റ്റുകളിൽ നിന്ന് വ്യക്തമാണ്.


Click it and Unblock the Notifications











