സൂപ്പർതാരത്തിന്റെ ഭാര്യയാണോ ഇവർ?, ആഢംബരമോ പൊങ്ങച്ചമോ ഇല്ലാത്ത സാധാരണക്കാരി, എസ്കെയുടെ ലക്കി ചാമായ ആരതി!
ഒറ്റയ്ക്ക് വഴിവെട്ടിവന്നവൻ എന്ന ടാഗ് അമരന്റെ റിലീസിനുശേഷം തമിഴ് താരം ശിവകാർത്തികേയന്റെ പേരിനൊപ്പമാണ് ഏറ്റവും കൂടുതൽ ചേർക്കപ്പെട്ട് കാണുന്നത്. എന്തുകൊണ്ടും ഒറ്റയ്ക്ക് വഴിവെട്ടിവന്നവനെന്ന് നിസംശയം ശിവകാർത്തികേയനെ വിശേഷിപ്പിക്കാം. ഏറ്റവും കൂടുതൽ മത്സരം നടക്കുന്ന ഇന്റസ്ട്രികളിലൊന്നായ തമിഴ് സിനിമയിൽ ഒരു ഗോഡ്ഫാദറിന്റെയും സഹായമില്ലാതെയാണ് ആരാധകരുടെ എസ്കെ എത്തിപ്പെട്ടതും സൂപ്പർതാരങ്ങളുടെ ഗണത്തിൽ ഇടം കണ്ടെത്തിയതും.
ചെറുപ്പത്തിൽ പിതാവിനെപ്പോലെ ഐപിഎസ് ആകാൻ ആഗ്രഹിച്ചിരുന്ന ശിവകാർത്തികേയൻ കോളേജ് കാലം മുതലാണ് മിമിക്രി, അഭിനയം തുടങ്ങിയവയിലേക്ക് ശ്രദ്ധ കൊടുത്ത് തുടങ്ങിയത്. വർഷങ്ങളോളം മിനിസ്ക്രീനിൽ മത്സരാർത്ഥിയായും അവതാരകനായും തിളങ്ങിയശേഷമാണ് സിനിമാ അവസരങ്ങൾ ശിവകാർത്തികേയന് ലഭിച്ചത്. ചെറിയ റോളുകളിൽ തുടങ്ങി പിന്നീട് നായക വേഷങ്ങളിലേക്ക് എത്തി.

തമിഴ് സൂപ്പര്‍താരങ്ങളുടെ ഇടയിലൂടെ സ്വന്തം പ്രയത്നം കൊണ്ട് കരിയറില്‍ വളര്‍ന്ന് വന്ന് ഈ നിലയില്‍ എത്തുക ചെറിയ കാര്യമല്ല. അതുകൊണ്ട് തന്നെയാണ് ശിവകാർത്തികേയന് വിജയങ്ങൾ ഉണ്ടാകുമ്പോൾ സിനിമാപ്രേമികൾ കരഘോഷങ്ങൾ ഉയർത്തുന്നതും വാനോളം പ്രശംസിക്കുന്നതും. തമിഴ് സിനിമയുടെ ബോക്‌സ് ഓഫീസ് രാജാവായ ശിവകാർത്തികേയനെ കുറിച്ച് എല്ലാവർക്കും അറിയാം എന്നാൽ അദ്ദേഹത്തിൻ്റെ ഭാര്യ ആരതിയെക്കുറിച്ച് അധികമാർക്കും അറിയില്ല.
ഏതൊരു പുരുഷൻ്റെയും വിജയത്തിന് പിന്നിൽ ഒരു സ്ത്രീ ഉള്ളതുപോലെ ശിവകാർത്തികേയൻ്റെ വിജയത്തിന് പിന്നിൽ ഭാര്യ ആരതിക്കും കൃത്യമായ പങ്കുണ്ട്. തനിക്ക് ലഭിക്കുന്ന അംഗീകാരങ്ങൾ ഭാര്യ ആരതിക്ക് കൂടി അവകാശപ്പെട്ടതാണെന്ന് നടൻ തന്നെ പലപ്പോഴായി പറഞ്ഞിട്ടുണ്ട്. സിനിമയിൽ ചുവടുറപ്പിക്കും മുമ്പ് തന്നെ ശിവകാർത്തികേയൻ വിവാഹിതനായിരുന്നു.
ശിവകാർത്തികേയൻ്റെ സ്വന്തം അമ്മാവന്റെ മകളാണ് ആരതി. ശിവകാർത്തികേയൻ്റെ പിതാവ് ജി. ദോസിന്റെ മരണശേഷം ശിവകാർത്തികേയന്റെ കുടുംബത്തിന് താങ്ങും തണലും അമ്മാവനായിരുന്നു. ആ സ്നേഹവും കരുതലും കാരണമാണ് അമ്മാവന്റെ മകളെ തന്നെ ശിവകാർത്തികേയൻ ജീവിത പങ്കാളിയാക്കിയത്. ആരതിയെ വിവാഹം കഴിച്ചതിന് ശേഷമാണ് ശിവകാർത്തികേയൻ്റെ കരിയർ കുതിച്ചുയർന്നത്. മിനിസ്ക്രീനിൽ മാത്രം തിളങ്ങിയിരുന്ന ശിവകാർത്തികേയനെ വെള്ളിത്തിരയിലെ മിന്നും താരമാക്കിയതിന് പിന്നിൽ ആരതിക്കും വലിയ പങ്കുണ്ട്.
പല അഭിമുഖങ്ങളിലും ആരതി തൻ്റെ ഭാഗ്യമാണെന്ന് എസ്കെ തന്നെ പറഞ്ഞിട്ടുണ്ട്. മറീന എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിക്കുകയും പിന്നീട് തുടർച്ചയായി നിരവധി സിനിമകൾ നായകനായും സഹനടനായുമെല്ലാം അഭിനയിക്കുകയും ചെയ്ത ശിവകാർത്തികേയൻ ഒരു ഘട്ടത്തിൽ തുടർച്ചയായ പരാജയങ്ങൾ നേരിട്ടിരുന്നു. ചെയ്യുന്ന സിനിമകളെല്ലാം പരാജയമായി മാറുകയായിരുന്നു.

അക്കാലത്ത് സിനിമയിൽ ഉപേക്ഷിച്ച് പോകാനുള്ള മാനസികാവസ്ഥയിലായിരുന്ന എസ്കെയ്ക്ക് പ്രചോദനം നൽകിയതും അഭിനയം തുടരാൻ ആവശ്യപ്പെട്ടതും ആരതിയായിരുന്നു. ഒരു സൂപ്പർതാരത്തിന്റെ ഭാര്യയെന്ന ആഢംബരമോ പൊങ്ങച്ചമോ ഒന്നും തന്നെ ആരതിക്കില്ല. നാട്ടിൻപുറത്തുകാരിയായ... നിഷ്കളങ്കയായ വീട്ടമ്മയും ഭാര്യയുമാണ് ആരതി.
പൊതുവേദികളിൽ എസ്കെയ്ക്ക് ഒപ്പം എത്താറുണ്ടെങ്കിലും എല്ലാത്തിൽ നിന്നും വിട്ടൊഴിഞ്ഞ് സൈലന്റായി ഭർത്താവിന്റെ വിജയങ്ങൾ ദൂരെ നിന്ന് ആസ്വദിക്കുന്ന ഭാര്യയാണ് എപ്പോഴും ആരതി. പൊതുവേദികളിൽ അധികം സംസാരിക്കുന്ന പ്രകൃതക്കാരിയല്ലെങ്കിലും അടുപ്പം തോന്നിയാൽ ശിവകാർത്തികേയനെക്കാൾ മനോഹരമായി ആരതി സംസാരിക്കും.
കുടുംബിനി റോളിന് പുറമെ ശിവകാർത്തികേയൻ നടത്തുന്ന ട്രസ്റ്റിൻ്റെ മേൽനോട്ടം വഹിക്കുന്നതും ആരതിയാണ്. നിരവധി പാവപ്പെട്ട വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ ചിലവുകൾ ശിവകാർത്തികേയന്റെ ട്രസ്റ്റ് വഹിക്കുന്നുണ്ട്.
ശിവകാർത്തികേയൻ-ആരതി ദമ്പതികൾക്ക് ആരാധന, ഗുഗൻ, പവൻ എന്നിങ്ങനെ മൂന്ന് കുട്ടികളാണുള്ളത്. ഈ വർഷമാണ് മൂന്നാമത്തെ കുഞ്ഞിന് ആരതി ജന്മം നൽകിയത്. എല്ലാ വേദികളിലും ഭാര്യയെ കുറിച്ച് അഭിമാനത്തോടെ സംസാരിക്കുന്ന ശിവകാർത്തികേയനോട് തനിക്ക് ഏറ്റവും ചേരുന്ന ജോഡിയായി ആരെയാണ് തോന്നിയിട്ടുള്ളതെന്ന് ഒരിക്കൽ അവതാരകൻ ചോദിച്ചപ്പോൾ എനിക്ക് എൻ്റെ ഭാര്യ ആരതിയല്ലാതെ ഇതിലും നല്ല ജോഡി വേറെയില്ലെന്നായിരുന്നു ശിവകാർത്തികേയന്റെ മറുപടി.
ആരതിയുടെ സ്ഥാനത്ത് മറ്റൊരാളെ സങ്കൽപ്പിക്കാൻ പോലും കഴിയില്ലെന്നും അന്ന് നടൻ പറഞ്ഞിരുന്നു. അടുത്തിടെ അമരൻ ഷൂട്ടിങ് സെറ്റിൽ നിന്നും പട്ടാള യൂണിഫോമിൽ എത്തി ഭാര്യയ്ക്ക് സർപ്രൈസ് കൊടുക്കുന്ന ശിവകാർത്തികേയന്റെ വീഡിയോ വൈറലായിരുന്നു. ദിവസങ്ങൾക്കുള്ളിൽ എസ്കെയുടെ റീൽ വീഡിയോ നൂറ് മില്യൺ വ്യൂസാണ് നേടിയത്.


Click it and Unblock the Notifications











