'പതിനഞ്ച് വയസുകാരിയുമായി വിവാഹം, അഭിനയിക്കാൻ അവസരം വന്നിട്ടും നിഷേധിച്ചു'; എസ്.പി.ബിയുടെ ജീവിതം!
എസ്പിബി എന്നത് സംഗീതപ്രേമികള്‍ക്ക് വെറും മൂന്നക്ഷരം മാത്രമായിരുന്നില്ല. അതൊരു വികാരമായിരുന്നു... ആത്മാവിനോട് ചേര്‍ത്ത അനേകം ഗാനങ്ങള്‍ ആയിരുന്നു... മഹാപ്രതിഭയുടെ ഓർമകൾ മൂന്നാണ്ട് ആകുമ്പോൾ പ്രിയപ്പെട്ടവരും സഹപ്രവർത്തകരും ആരാധകരുമെല്ലാം ആ വിടവ് ഇന്നും അനുഭവിക്കുന്നുണ്ട്.
പതിറ്റാണ്ടുകള്‍ നീണ്ട സംഗീതസപര്യയില്‍ അദ്ദേഹം വ്യക്തിമുദ്ര പതിപ്പിക്കാത്ത മേഖലകളില്ല. ഗായകന്‍, സംഗീത സംവിധായകന്‍, നടന്‍, ശബ്ദകലാകാരന്‍ എന്നിങ്ങനെ തെന്നിന്ത്യന്‍ നിറഞ്ഞാടിയ പ്രതിഭയായിരുന്നു.
സൂപ്പര്‍സ്റ്റാര്‍ തലമുറകളുടെ തിളക്കത്തിന് മാറ്റുകൂട്ടിയത് എസ്.പി.ബിയുടെ ശബ്ദമായിരുന്നു. 16 ഇന്ത്യൻ ഭാഷകളിലായി 40000ത്തിലേറെ പാട്ടുകളാണ് അദ്ദേഹം പാടി വെച്ചിട്ടുള്ളത്. ഏറ്റവും കൂടുതൽ ചലച്ചിത്ര പിന്നണി ഗാനങ്ങൾ പാടിയ ഗായകൻ എന്ന ഗിന്നസ് ലോക റെക്കോർഡ് എസ്പിബിയുടെ പേരിലാണ്. ഇനിയും നിരവധി കാര്യങ്ങൾ എസ്പിബിയെ കുറിച്ച് പ്രേക്ഷകർക്ക് അറിയാത്തതായുണ്ട്. അവയിലൂടെ തുടർന്ന് വായിക്കാം...

1946ൽ ആന്ധ്രാപ്രദേശിലെ നെല്ലൂർ ജില്ലയിൽ എസ്.പി സാംബമൂർത്തിയുടെയും ശകുന്തളമ്മയുടെയും മകനായാണ് എസ്പിബി ജനിച്ചത്. അഞ്ച് സഹോദരിമാരാണ് എസ്പിബിക്കുള്ളത്. അതിൽ എസ്.പി ഷൈലജ എസ്പിബിയുടെ പാത പിന്തുടർന്ന് പിന്നണി ഗാനാലാപനത്തിലേക്ക് എത്തിയിരുന്നു. വളരെ ചെറിയ പ്രായത്തിൽ തന്നെ വിവാഹിതനായ ആളാണ് എസ്പിബി.
1969ൽ സാവിത്രിയെ വിവാഹം ചെയ്യുമ്പോൾ എസ്പിബിയുടെ പ്രായം ഇരുപത്തിരണ്ടും ഭാര്യ സാവിത്രിയുടെ പ്രായം പതിനഞ്ചുമായിരുന്നു. അതുകൊണ്ട് തന്നെ ഇരുവരും ഒരുമിച്ച് വളർന്നു എന്നുവേണം പറയാൻ. രണ്ട് മക്കളാണ് താരദമ്പതികൾക്കുള്ളത്.
പല്ലവിയും ചരണും. അതിൽ ചരൺ ഇന്ന് അറിയപ്പെടുന്ന പിന്നണി ഗായകനാണ്. കൂടാതെ അഭിനയത്തിലും സജീവമാണ്. ഒട്ടനവധി തമിഴ് സിനിമകളിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്തിട്ടുണ്ട് എസ്പിബി. ഭാരതിരാജ സംവിധാനം ചെയ്ത മാസ്റ്റർപീസ് ചിത്രമായ മുതൽ ഗൗരവത്തിൽ ശിവാജി ഗണേശന് പകരം എസ്പി ബാലസുബ്രഹ്മണ്യം എത്തേണ്ടതായിരുന്നു. ഭാരതിരാജ ആവർത്തിച്ച് അഭിനയിക്കാൻ നിർബന്ധിച്ചിട്ടും എസ്പിബി അഭിനയിക്കാൻ തയ്യാറായില്ല.
സംഗീതത്തോട് എന്നപോലെ തന്നെ ക്രിക്കറ്റിനോടും കമ്പമുള്ള കൂട്ടത്തിലായിരുന്നു എസ്പിബി. ചെറുപ്പം മുതലേ ക്രിക്കറ്റിനോട് താൽപ്പര്യമുള്ള ആളായിരുന്നു. ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ കുറിച്ച് ആരെങ്കിലും മോശമായി സംസാരിച്ചാൽ ദേഷ്യപ്പെട്ടിരുന്ന പ്രകൃതമായിരുന്നു മഹാഗായകന്റേത്.

കൂടാതെ കപിൽ ദേവിന്റെയും സച്ചിൻ ടെണ്ടുൽക്കറുടെയും കടുത്ത ആരാധകനും. എത്ര സ്വാദിഷ്ടമായ ഭക്ഷണം ലഭിച്ചാലും എസ്പിബിയുടെ ഇഷ്ടഭക്ഷണം തൈരും ചോറുമാണ്. അത് കഴിച്ചതിന് ശേഷം മധുരപലഹാരങ്ങൾ, കൂൾഡ്രിങ്കുകൾ, ഐസ്ക്രീം എന്നിവയിൽ ഏതെങ്കിലുമൊന്ന് എസ്പിബി കഴിക്കും. പൊതുവെ ഗായകർ ഐസ്ക്രീം പോലുള്ളവ ഭക്ഷണത്തിൽ ഉൾപ്പെടുത്താറില്ല. എന്നാൽ എസ്പിബി ഇതെല്ലാം ധാരാളമായി കഴിക്കുകയും മനോഹരമായി പാടുകയും ചെയ്യും.
ഒരിക്കൽ പോലും തൊണ്ട അദ്ദേഹത്തെ ഐസ്ക്രീമിന്റെ പേരിൽ ചതിച്ചിട്ടില്ല. എസ്പിബിക്ക് വിമാന യാത്ര വളരെ ഇഷ്ടമാണ്. അതുകൊണ്ടാണ് ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളിലേക്കും എസ്പിബി സഞ്ചരിച്ചത്. യാത്ര പോകാൻ ആഗ്രഹിച്ചിട്ടും താരത്തിന് അത് സാധ്യമാകാതെ പോയ ഒരു രാജ്യം റഷ്യയാണ്.
പല അവസരങ്ങളിലും ആ സങ്കടം എസ്പിബി പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. 1981ൽ ബെംഗളൂരുവിലെ ഒരു റെക്കോർഡിങ് സ്റ്റുഡിയോയിൽ വെച്ച് ഒറ്റ ദിവസം കൊണ്ട് ഒമ്പത് മണിക്കൂറിനുള്ളിൽ എസ്പിബി ഒമ്പത് ഗാനങ്ങൾ ആലപിച്ചും റെക്കോർഡ് ഇട്ടിരുന്നു. ഒറ്റ ദിവസം കൊണ്ട് 21 തമിഴ് ഗാനങ്ങളും ആറ് മണിക്കൂറിനുള്ളിൽ 19 ഹിന്ദി ഗാനങ്ങളും ആലപിച്ചിട്ടുണ്ട്.
ഗായകൻ എന്നതിലുപരി നല്ലൊരു ഡബ്ബിങ് ആർട്ടിസ്റ്റ് കൂടിയായിരുന്നു താരം. എസ്പിബിക്ക് പുകവലി ശീലവുമുണ്ടായിരുന്നു. 35 വർഷത്തിലേറെയായി പുകവലിച്ചിരുന്ന അദ്ദേഹം ആരോഗ്യം മോശമായതിനെ തുടർന്ന് ആ ശീലം പിന്നീട് ഉപേക്ഷിച്ചു.


Click it and Unblock the Notifications











