വീട്ട് വാടക കൊടുക്കാൻ പോലും ബുദ്ധിമുട്ടി, പരിഹാസവും അപമാനവും; വിജയിയും രശ്മികയും ഒറ്റയ്ക്ക് വഴിവെട്ടിവന്നവർ!
തെന്നിന്ത്യൻ സിനിമയിൽ ഏറ്റവും ജനപ്രിയരായ താര ജോഡിയാണ് വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും. ഭാവിയിൽ തെന്നിന്ത്യൻ സിനിമ ഭരിക്കാൻ സാധ്യതയുള്ള താരങ്ങളാണ് ഇരുവരും. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇരുവരുടേയും വിവാഹനിശ്ചയം കുടുംബാംഗങ്ങളുടേയും അടുത്ത ബന്ധുക്കളുടേയും സമ്മതത്തോടെ നടന്നുവെന്ന തരത്തിൽ സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. രണ്ടുപേരും ഡേറ്റിങിലാണെന്ന റൂമറുകൾ പ്രചരിക്കാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായി. എന്നാൽ വിജയിയോ രശ്മികയോ റൂമകൾ നിഷേധിക്കുകയോ അംഗീകരിക്കുകയോ ചെയ്തിട്ടില്ല.
മാത്രമല്ല ഇരുവരും പ്രണയത്തിലാണെന്ന റൂമറുകൾ ഊട്ടി ഉറപ്പിക്കുന്ന തരത്തിൽ നിരവധി ഫോട്ടോകളും വീഡിയോകളും സോഷ്യൽമീഡിയയിൽ പ്രചരിക്കുകയും ചെയ്തിട്ടുണ്ട്. വിജയ്-രശ്മിക വിവാഹനിശ്ചയം ചർച്ചയാകുന്ന സാഹചര്യത്തിൽ ഇരുവരുടെയും കുടുംബങ്ങളെക്കുറിച്ചുള്ള ആരാധകർക്ക് അറിവില്ലാത്ത ചില വസ്തുതകളിലൂടെ തുടർന്ന് വായിക്കാം...

ഇരുപത്തിയൊമ്പതുകാരിയായ രശ്മിക മന്ദാനയും മുപ്പത്തിയാറുകാരനായ വിജയ് ദേവരകൊണ്ടയും ആദ്യമായി ഒരുമിച്ച് അഭിനയിച്ചത് ഗീതാഗോവിന്ദത്തിലാണ്. അർജുൻ റെഡ്ഡി നൽകിയ പോപ്പുലാരിറ്റിയിൽ സൗത്ത് ഇന്ത്യയാകെ ആരാധിക്കുന്ന യുവനടനായി വിജയ് മാറിയ സമയമായിരുന്നു അത്. കന്നഡ പ്രേക്ഷകർക്ക് അല്ലാതെ മറ്റാർക്കും രശ്മിക സുപരിചിതയല്ല. പുതുമുഖ നായിക എന്ന പരിഗണനയാണ് നടിക്ക് നൽകിയത്.
പക്ഷെ ഗീതാ ഗോവിന്ദത്തിൽ വിജയിയെ മറികടക്കുന്ന പ്രകടനമായിരുന്നു. പോരാത്തതിന് വിജയിയുമായി അസാധ്യ കെമിസ്ട്രിയും. ഗീതാഗോവിന്ദം സക്സസിനുശേഷമാണ് ഇരുവരേയും ചേർത്തുള്ള റൂമറുകൾ പൊട്ടിമുളച്ച് തുടങ്ങിയത്. പിന്നീട് ഡിയർ കൊമ്രേഡിലും ഇരുവരും ജോഡിയായി പ്രത്യക്ഷപ്പെട്ടതോടെ റൂമറുകൾക്ക് ആഴം കൂടി.
പ്രണയത്തിലാണെന്ന് സമ്മതിച്ചിട്ടിലെങ്കിലും ഇരുവരുടേയും അവധി ആഘോഷങ്ങൾ പോലും എപ്പോഴും ഒരുമിച്ചാണ്. കർണാടകയിലെ കുടക് ജില്ലയിലെ വിരാജ്പേട്ട് എന്ന സ്ഥലത്ത് നിന്നുള്ളയാളാണ് രശ്മിക മന്ദാന. സുമൻ മന്ദാനയും മദൻ മന്ദാനയുമാണ് രശ്മികയുടെ മാതാപിതാക്കൾ. വിരാജ്പേട്ടിൽ ഒരു കോഫി എസ്റ്റേറ്റും ഫംഗ്ഷൻ ഹാളും രശ്മികയുടെ പിതാവിന് സ്വന്തമായുണ്ട്. സിനിമാ മേഖലയിലേക്ക് അല്ല... മറിച്ച് തന്റെ ബിസിനസിലേക്ക് മകളും ഭാവിയിൽ ഭാഗമാകണമെന്നായിരുന്നു രശ്മികയുടെ അച്ഛൻ ആഗ്രഹിച്ചത്.
അമ്മ സുമൻ മന്ദാന വീട്ടമ്മയാണ്. തന്റെ ശക്തി അമ്മയാണെന്ന് രശ്മിക പല അവസരങ്ങളിലും പറഞ്ഞിട്ടുണ്ട്. രശ്മികയുടെ സഹോദരിയുടെ പേര് ഷിമൻ എന്നാണ്. രശ്മിക ജനിച്ച് ഏകദേശം 16 വർഷങ്ങൾക്ക് ശേഷമാണ് സഹോദരി ജനിച്ചത്. ഒരു യാഥാസ്ഥിതിക കുടുംബത്തിൽ നിന്നുള്ള ആളായതിനാൽ രശ്മികയുടെ മാതാപിതാക്കൾക്ക് മകളുടെ സിനിമാ മേഖലയിലേക്കുള്ള പ്രവേശനത്തെക്കുറിച്ച് തുടക്കത്തിൽ ആശങ്കയുണ്ടായിരുന്നു.

അവരുടെ കുടുംബത്തിൽ നിന്ന് ആദ്യമായി സിനിമയിലെത്തിയതും രശ്മികയാണ്. കുട്ടിക്കാലത്ത് കുടുംബം വളരെ മോശം അവസ്ഥയിലായിരുന്നുവെന്നും പണത്തിനായി വളരെയധികം ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നതായും രശ്മിക പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. മുറി വാടക നൽകാൻ ബുദ്ധിമുട്ടായിരുന്നുവെന്നും കുട്ടിയായിരുന്നപ്പോൾ കളിപ്പാട്ടങ്ങൾ വാങ്ങിത്തരാൻ പോലും മാതാപിതാക്കൾ കഴിഞ്ഞിരുന്നില്ലെന്നും നടി തുറന്ന് പറഞ്ഞിട്ടുണ്ട്.
ഇന്ന് ഇന്ത്യൻ സിനിമയിൽ തന്നെ ഏറ്റവും അധികം പ്രതിഫലം വാങ്ങുന്ന നായികയാണ് രശ്മിക. കർണാടകയിലും മുംബൈയിലും എല്ലാമായി ആഢംബര വസതികളും ഫ്ലാറ്റുമെല്ലാം നടിക്ക് സ്വന്തമായുണ്ട്. സമാനമായ കഥയാണ് വിജയിയുടേതും. ആന്ധ്രയിലെ ഒരു ഇടത്തരം കുടുംബത്തിലാണ് വിജയിയുടെ ജനനം. അച്ഛൻ ഗോവർദ്ധൻ റാവു ദേവരകൊണ്ട അമ്മ മാധവി ദേവരകൊണ്ട ഇളയ സഹോദരൻ ആനന്ദ് എന്നിവർ അടങ്ങുന്നതാണ് കുടുംബം.
വിജയയുടെ അച്ഛൻ ഒരു ടിവി സീരിയൽ സംവിധായകനാണ്. നടനാകാനുള്ള സ്വപ്നം സാക്ഷാത്കരിക്കാനാണ് അദ്ദേഹം ഹൈദരാബാദിലേക്ക് വന്നത്. പക്ഷെ ക്യാമറയെ ഭയന്ന് അദ്ദേഹത്തിന് നടനാകാൻ കഴിഞ്ഞില്ല. പിന്നീട് അദ്ദേഹം ടിവി സീരിയലുകളും പരസ്യ ചിത്രങ്ങളും സംവിധാനം ചെയ്യാൻ തുടങ്ങി. വിജയിയുടെ അമ്മ മാധവി ദേവരകൊണ്ട സോഫ്റ്റ് സ്കിൽസും വ്യക്തിത്വ വികസന പരിശീലകയുമായി ജോലി ചെയ്യുന്നു.
തന്റെ കരിയറിന്റെ തുടക്കത്തിൽ നിരവധി ബുദ്ധിമുട്ടുകൾ നേരിട്ടതായി വിജയ് തന്നെ പറഞ്ഞിട്ടുണ്ട്. എന്നാൽ ഇന്ന് തെലുങ്കിലെ മുൻനിര താരവും കോടികൾ ആസ്തിയുള്ള യുവനടനുമാണ് വിജയ്. പരിഹാസങ്ങളും അപമാനവും അതിജീവിച്ച് ഒറ്റയ്ക്ക് വഴിവെട്ടിവന്നവരാണ് വിജയിയും രശ്മികയും ഭാവിയിൽ തെന്നിന്ത്യൻ സിനിമയിലെ പവർ കപ്പിളായി ഇരുവരും മാറിയേക്കും.


Click it and Unblock the Notifications











