'ആ സത്രീ പപ്പുവേട്ടന് നേരെ വെടിയുതിർത്തു, സ്ത്രീ സുഹൃത്തുക്കൾ ഒരുപാടുണ്ടായിരുന്നു, സ്യൂട്ട് റൂമിൽ പോയപ്പോൾ'
മലയാളികൾക്ക് മറക്കാൻ പറ്റാത്ത നടനാണ് കുതിരവട്ടം പപ്പു. കോമഡി റോളുകളിലൂടെ കയ്യടി നേടിയ കുതിരവട്ടം പപ്പുവിന്റെ പല ഡയലോഗുകളും ഇന്നും ജനങ്ങൾ ഉപയോഗിക്കുന്നു. മിനുട്ടുകൾ മാത്രമുള്ള റോളുകൾ അവിസ്മരണീയമാക്കാൻ കുതിരവട്ടം പപ്പുവിന് കഴിഞ്ഞിട്ടുണ്ട്. ചുരുക്കം ചില സിനിമകളിലേ സീരിയസായ കഥാപാത്രങ്ങൾ കുതിരവട്ടം പപ്പു ചെയ്തിട്ടുള്ളൂ. ഇപ്പോഴിതാ കുതിരവട്ടം പപ്പുവിനെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ ആലപ്പി അഷ്റഫ്.
നടന്റെ ജീവിതത്തിലുണ്ടായ ഒരു സംഭവത്തെക്കുറിച്ചാണ് ആലപ്പി അഷ്റഫ് യൂട്യൂബ് ചാനലിലൂടെ സംസാരിച്ചത്. അധികമാരും അറിയാത്ത ഒരു കറുത്ത ഏട് പപ്പുവേട്ടന്റെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്. ഞാൻ ഡബ്ബിംഗ് ആർട്ടിസ്റ്റായിരിക്കെ മദ്രാസിലാണ് സംഭവം നടക്കുന്നത്. അന്ന് തമിഴ്, ഇംഗ്ലീഷ് പേപ്പറുകളിൽ ആദ്യ പേജിൽ വാർത്തയായി വന്ന കാര്യം ഞാനിന്നും ഓർക്കുന്നു. പപ്പുവേട്ടന്റെ പെൺസുഹൃത്ത് നടന്റെ തലയ്ക്ക് നേരെ നിറയൊഴിച്ചു എന്നായിരുന്ന വാർത്ത. ഒന്ന് രണ്ട് തവണ വെടിയുതിർത്തെങ്കിലും പപ്പുവേട്ടന്റെ ചെവിക്കടുത്ത് കൂടെ ആ വെടിയുണ്ടകൾ ചീറിപ്പാഞ്ഞ് പോയി.

ഒന്നോ രണ്ടോ ഇഞ്ച് മാറിയിരുന്നെങ്കിൽ ഞാനിപ്പോൾ പപ്പുവേട്ടനെക്കുറിച്ച് പറഞ്ഞ വിവരണങ്ങളൊന്നും ഉണ്ടാകുമായിരുന്നില്ല. പപ്പുവേട്ടന്റെ സൂപ്പർ ടൈമായിരുന്നു അത്. വെടി വെച്ചാൽ പോലും ഏൽക്കാത്ത സമയം. അവരുടെ സൗഹൃദബന്ധത്തിലെ ഉലച്ചിലിൽ നിന്നുണ്ടായ വൈരാഗ്യമാണ് വെടി വെപ്പിൽ കലാശിച്ചത്. അവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. തമിഴ്നാട്ടിൽ ഇത് കോളിളക്കം സൃഷ്ടിച്ചു. കേരളത്തിലെ പത്രങ്ങളൊന്നും ആ വാർത്തയ്ക്ക് വലിയ പ്രാധാന്യം നൽകിയില്ല.
അതുകൊണ്ടായിരിക്കാം അധികമാരും അറിയാതെ പോയതെന്നും ആലപ്പി അഷ്റഫ് പറയുന്നു. ആ സ്ത്രീയുടെ പേര് വെളിപ്പെടുത്തുന്നില്ല. ഭാഗ്യലക്ഷ്മിയെ വിളിച്ച് ആ സ്ത്രീയുടെ നമ്പർ വാങ്ങി അവരെ വിളിച്ചിരുന്നു. പേര് വെളിപ്പെടുത്തുന്നതിൽ അവർ എതിർപ്പറിയിച്ചെന്നും ആലപ്പി അഷ്റഫ് വ്യക്തമാക്കി.

ഒരുപാട് സ്ത്രീ സുഹൃത്തുക്കൾ കുതിരവട്ടം പപ്പുവിനുണ്ടായിരുന്നെന്നും ആലപ്പി അഷ്റഫ് പറയുന്നുണ്ട്. ഷൂട്ടിംഗിന്റെ ഇടവേളകളിൽ പപ്പുവേട്ടന്റെ ഏറ്റവും വലിയ വിനോദം റമ്മി കളിയായിരുന്നു. സിനിമയിൽ ഏറ്റവും കൂടുതൽ സ്ത്രീ സുഹൃത്തുക്കളുള്ളയാളായിരുന്നു പപ്പുവേട്ടൻ. അരിക്കാരി അമ്മുവിന്റെ ഷൂട്ടിംഗ് വേളയിൽ ഞാൻ പപ്പുവേട്ടന്റെ സ്യൂട്ട് റൂമിൽ ചെല്ലുമ്പോൾ ഏഴെട്ട് സ്ത്രീകൾക്കൊപ്പം പപ്പുവേട്ടൻ ചീട്ട് കളിക്കുന്നു. അന്ന് ആ കാഴ്ച എനിക്ക് അത്ഭുതമായിരുന്നു. അവരാരും സിനിമയിൽ അഭിനയിക്കുന്നവരായിരുന്നില്ലെന്നും ആലപ്പി അഷ്റഫ് ഓർത്തു.
അസൂയ, കുശുമ്പ്, പാരവെപ്പ്, കുറ്റം പറച്ചിൽ എന്നിവയൊന്നും പപ്പുവേട്ടന്റെ നിഘണ്ടുവിലില്ലായിരുന്നു. വിശുദ്ധ ഹൃദയത്തിനുടമയായിരുന്നു നടനെന്നും ആലപ്പി അഷ്റഫ് പറയുന്നു. 2000 ൽ തന്റെ 63ാം വയസിലാണ് കുതിരവട്ടം പപ്പു മരിച്ചത്. മരിച്ചിട്ട് വർഷങ്ങൾ പിന്നിട്ടെങ്കിലും മണിച്ചിത്രത്താഴ്, തേൻമാവിൻ കൊമ്പത്ത് തുടങ്ങി ഒട്ടനവധി സിനിമകളിലൂടെ ഇന്നും കുതിരവട്ടം പപ്പുവെന്ന പേര് ഇന്നും മായാതെ നിൽക്കുന്നു.


Click it and Unblock the Notifications











