»   » മണിച്ചിത്രത്താഴിലെ ക്ലൈമാക്‌സിന് പിന്നില്‍ സംവിധായകനും തിരക്കഥാകൃത്തും അല്ല??? കഥമാറി!!!

മണിച്ചിത്രത്താഴിലെ ക്ലൈമാക്‌സിന് പിന്നില്‍ സംവിധായകനും തിരക്കഥാകൃത്തും അല്ല??? കഥമാറി!!!

Posted By: Karthi
Subscribe to Filmibeat Malayalam

മലയാളത്തിലെ ക്ലാസിക് ഹൊറര്‍ ചിത്രങ്ങളുടെ പട്ടികയിലാണ് എക്കാലവും മണിച്ചിത്രത്താഴിന് സ്ഥാനം. ചിത്രം എക്കാലത്തേയും മികച്ച കൊമേഴ്‌സ്യല്‍ വിജയങ്ങളില്‍ ഒന്നുമായിരുന്നു. മധു മുട്ടത്തിന്റെ രചനയില്‍ ഫാസിലായിരുന്നു ചിത്രം സംവിധാനം ചെയ്തത്.

മോഹന്‍ലാലും സുരേഷ് ഗോപിയും ശോഭനയും മത്സരിച്ചഭിനയിച്ച ചിത്രത്തിലെ ക്ലൈമാക്‌സ് രംഗം ഏറെ ശ്രദ്ധേയമാണ്. ചിത്രത്തിലെ ക്ലൈമാക്‌സ് രംഗത്തില്‍ തിരക്കഥാകൃത്തിന്റേയോ സംവിധായകന്റേയോ സംഭാവനകളേക്കാലുപരി ചിത്രത്തിലെ പ്രധാന താരത്തിന്റെ സംഭാവനകളുണ്ടെന്ന് സംവിധായകനായ ഫാസില്‍ പറയുന്നു.

സുരേഷ് ഗോപി അവതരിപ്പിക്കുന്ന നകുലന്റെ കഥാപാത്രത്തെ പലകയില്‍ കിടത്തി ചുവന്ന പട്ട് പുതപ്പിച്ച് ഗംഗയ്ക്ക് മുന്നിലേക്ക് വച്ചു കൊടുക്കുകയും പിന്നീട് പലക കറക്കി നകുലനെ രക്ഷിച്ചതിന് ശേഷം കണ്ണട ഊരി സംതൃപ്തിയോടെ സണ്ണി ചിരിക്കുന്നതുമാണ് ക്ലൈമാക്‌സ്. മലയാളികള്‍ ഇന്നും മറക്കില്ല ഈ രംഗം.

സിനിമ പ്രക്ഷകര്‍ ഏറ്റെടുത്തു. ക്ലൈമാക്‌സും പ്രേക്ഷകര്‍ക്ക് പ്രിയങ്കരമായി. ഇന്നും ആളുകള്‍ ചിത്രത്തേക്കുറിച്ച് സംസാരിക്കുന്നു. എന്നാല്‍ ചിത്രത്തിന് ഇങ്ങനെ ഒരു ക്ലൈമാക്‌സ് നിര്‍ദേശിച്ചത് താനോ തിരക്കഥാകൃത്ത് മധു മുട്ടമോ അല്ലെന്നാണ് ഫാസില്‍ പറയുന്നത്. സുരേഷ് ഗോപിയാണ് ഈ ക്ലൈമാക്‌സ് നിര്‍ദേശിച്ചതെന്നും ഫാസില്‍ തന്റെ ആത്മകഥയില്‍ വ്യക്തമാക്കുന്നു.

ചിത്രത്തിന്റെ പ്രധാന ലൊക്കേഷനായ കൊട്ടാരമായി കാണിച്ചത് തൃപ്പൂണിത്തുറയിലെ ഹില്‍പാലസും പത്മനാഭപുരം കൊട്ടാരവുമായിരുന്നു. ചിത്രത്തിന്റെ ക്ലൈമാക്‌സ് രംഗം ചിത്രീകരിച്ചതും ഇവിടെയായിരുന്നു. രണ്ട് യൂണിറ്റുകളിലായി ഫാസിലിനെ കൂടാതെ നാല് സംവിധായകര്‍ ചേര്‍ന്നാണ് ചിത്രമൊരുക്കിയത്.

മിത്തും ശാസ്ത്രവും കൂട്ടി ഇണക്കി അവതരിപ്പിച്ച ചിത്രമായിരുന്നു മണിചിത്രത്താഴ്. സാധരണ ഹൊറര്‍ സിനിമകളുടെ കഥാപശ്ചാത്തലത്തെ മാറ്റി നിറുത്തി കൊട്ടാരത്തിന്റെ പശ്ചാത്തലത്തില്‍ ഒരു സൈക്കോളജിക്കല്‍ ത്രില്ലര്‍ ഒരുക്കുകയായിരുന്നു ചിത്രത്തിലൂടെ. മിത്തും ശാസ്ത്രവും ഒരുമിച്ചാണ് സിനിമയുടെ അവസാനം പ്രശ്‌ന പരിഹാരത്തിലേക്ക് എത്തുന്നത്. പുതിയ കാലത്തില്‍ പോലും ഇത്തരത്തില്‍ മിത്തിനേയും ശാസ്ത്രയും സംയോജിപ്പിച്ച് ഹൊറര്‍ പറയാന്‍ ആരും ശ്രമിച്ചിട്ടില്ല.

മികച്ച സിനിമയ്ക്കുള്ള സംസ്ഥാന ദേശീയ പുരസ്‌കാരങ്ങള്‍ 1993 റിലീസ് ചെയ്ത ഈ ചിത്രം സ്വന്തമാക്കി. ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ശോഭനയ്ക്ക് മികച്ച നടിക്കുള്ള സംസ്ഥാന ദേശീയ പുരസ്‌കാരങ്ങളും ലഭിച്ചു. പിഎന്‍ മണിക്ക് മികച്ച് മേക്കമാനുള്ള സംസ്ഥാന പുരസ്‌കാരവും ചിത്രത്തിലൂടെ ലഭിച്ചു.

തിയറ്ററില്‍ സൂപ്പര്‍ ഹിറ്റായി മാറിയ ചിത്രം ഇന്ന് ചാനലുകളിലും സൂപ്പര്‍ ഹിറ്റായി ഓടിക്കൊണ്ടിരിക്കുകയാണ്. വര്‍ഷത്തില്‍ ശരാശരി 12 പ്രാവശ്യം മണിച്ചിത്രത്താഴ് ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്നുണ്ട്. ഓരോ തവണ പ്രദര്‍ശിപ്പിക്കുമ്പോഴും പരമാവധി ടിആര്‍പി റേറ്റിംഗും ചിത്രത്തിന് ലഭിക്കുന്നു.

മലയാളത്തില്‍ നിന്ന് ഏറ്റവുമധികം ഭാഷകളില്‍ റീമേക്ക് ചെയ്യപ്പെട്ട ചിത്രവും മണിച്ചിത്രത്താഴാണ്. അപ്തമിത്ര എന്ന പേരില്‍ കന്നടയിലും, ചന്ദ്രമുഖി എന്ന പേരില്‍ തമിഴിലും രാജ്‌മോഹോല്‍ എന്ന പേരില്‍ ഭൂല്‍ ഭുലൈയ്യ എന്ന പേരില്‍ ഹിന്ദിയിലും ചിത്രം റീമേക്ക് ചെയ്യപ്പെട്ടു. രജനികാന്ത് നായകനായി എത്തിയ ചന്ദ്രമുഖി തെലുങ്കിലേക്ക് മൊഴിമാറ്റിയെത്തി.

English summary
The climax scene of Manichithrathazhu was not the idea of director or script writer. It was suggested by Suresh Gopi, who played an important role in that movie.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam