എന്നെ മാറ്റണം എന്ന് പറഞ്ഞ മുൻനിര നായികമാർ; മാലിക്കും ആമേനും ഇറങ്ങിയപ്പോൾ പ്രശ്നമില്ലല്ലോ; ഉണ്ണി മുകുന്ദൻ
വിവാദങ്ങൾ വിടാതെ പിന്തുടരുന്ന നടൻമാരിൽ ഒരാളാണ് ഉണ്ണി മുകുന്ദൻ. അടുത്തിടെ നടനെ ചുറ്റിപ്പറ്റിയുണ്ടായ വിവാദങ്ങൾ നിരവധിയാണ്. കരിയറിൽ വർഷങ്ങളായി തുടരുന്ന ഉണ്ണി മുകുന്ദന് വഴിക്കിരിവാകുന്നത് 2022 ൽ പുറത്തിറങ്ങിയ മാളികപ്പുറം എന്ന സിനിമയാണ്. സ്വാമി അയ്യപ്പനായി വേഷമിട്ട ഉണ്ണി മുകുന്ദൻ പ്രേക്ഷക പ്രശംസ നേടി. ബോക്സ് ഓഫീസിൽ മികച്ച വിജയം നേടാനും മാളികപ്പുറത്തിന് കഴിഞ്ഞു. എന്നാൽ വിശ്വാസത്തെ മുതലെടുക്കുന്നു എന്ന ആരോപണം ഉണ്ണി മുകുന്ദനും സിനിമയ്ക്കും നേരിടേണ്ടി വന്നു.
ഇതാദ്യമായല്ല ഇത്തരമൊരു ആരോപണം നടന് നേരെ വന്നത്. മേപ്പടിയാൻ എന്ന ചിത്രത്തിന് സംഘപരിവാർ ചായ്വുണ്ടെന്ന ആക്ഷേപവും നേരത്തെ വന്നിട്ടുണ്ട്. എന്നാൽ ഇത്തരം വാദങ്ങളെയെല്ലാം നേരിട്ട് മികച്ച വിജയം കൈവരിക്കാൻ രണ്ട് സിനിമകൾക്കും കഴിഞ്ഞു. മലയാള സിനിമാ രംഗത്ത് ഇന്ന് തന്റെതായ സ്ഥാനവും ഉണ്ണി മുകുന്ദനുണ്ട്. ജയ് ഗണേശ് എന്ന ചിത്രം റിലീസ് ചെയ്യുന്നതോടെ ഉണ്ണി മുകുന്ദന്റെ താരമൂല്യം ഇനിയും കൂടുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

ഇപ്പോഴിതാ ചില നായികമാർ തന്നോടൊപ്പം അഭിനയിക്കാൻ വിസമ്മതിച്ചതിനെക്കുറിച്ച് സംസാരിക്കുകയാണ് ഉണ്ണി മുകുന്ദൻ. തനിക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന് പലരും വരുത്തി തീർക്കുന്നെന്ന് ഉണ്ണി തുറന്നടിച്ചു. ചില പ്രത്യയശാസ്ത്രമുള്ളവർ എന്നോടൊപ്പം വർക്ക് ചെയ്യുന്നിൽ നിന്നും മാറി നിൽക്കുന്നു. ചില മുൻനിര നായികമാർ തന്നെ നായക സ്ഥാനത്ത് നിന്നും മാറ്റാൻ സംവിധായകരോട് ആവശ്യപ്പെട്ടെന്നും ഉണ്ണി മുകുന്ദൻ തുറന്നടിച്ചു.
നായകൻമാർ നായികമാരെ മാറ്റാൻ പറയുന്ന ക്ലീഷേ നിങ്ങൾ കേട്ടിട്ടുണ്ടാകാം. പക്ഷെ ഇത് മറ്റൊരു വശമാണ്. ഞാനത് കാര്യമാക്കുന്നില്ല. പക്ഷെ എന്റെ വശവും കേൾക്കേണ്ടതുണ്ടെന്നും ഉണ്ണി മുകുന്ദൻ വ്യക്തമാക്കി. തന്റെ പുതിയ ചിത്രം ജയ് ഗണേശിനെതിരെ ആസൂത്രിത ക്യാംപയിനുകൾ നടക്കുന്നുണ്ടെന്നും ഉണ്ണി മുകുന്ദൻ തുറന്നടിച്ചു. സിനിമയുടെ ട്രെയ്ലറോ ടീസറോ ഒന്നും പുറത്ത് വന്നിട്ടില്ല. എന്നാൽ സിനിമയെക്കുറിച്ച് പലരും മുൻനിധികളോടെ അഭിപ്രായം പറയുന്നെന്ന് ഉണ്ണി മുകുന്ദൻ ആരോപിച്ചു.

ദൈവവും മതവും ചുറ്റിപ്പറ്റി ഒരുപാട് സിനിമകൾ കേരളത്തിൽ വന്നിട്ടുണ്ടെന്ന് ഉണ്ണി മുകുന്ദൻ ചൂണ്ടിക്കാട്ടി. മാലിക്, ആമേൻ തുടങ്ങിയ സിനിമകൾ ഇവിടെ വന്നു. അത് പ്രശ്നമായില്ല. നന്ദനം എന്ന സിനിമ വന്നു. ദൈവങ്ങളെ ചുറ്റി പറ്റി വന്ന മറ്റ് സിനിമകളുണ്ടെന്നും താനല്ല ഇത്തരം സിനിമകൾ ആദ്യമായി കൊണ്ട് വന്നതെന്നും ഉണ്ണി മുകുന്ദൻ വ്യക്തമാക്കി. ഇന്ത്യൻ എക്സ്പ്രസുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം.
രഞ്ജിത് ശങ്കർ സംവിധാനം ചെയ്ത ജയ് ഗണേശ് ഏപ്രിൽ 11 ന് തിയറ്ററുകളിൽ എത്തും. മഹിമ നമ്പ്യാരാണ് ചിത്രത്തിലെ നായിക. ഗന്ധർവ്വ ജൂനിയർ എന്ന ഒരു ചിത്രവും ഉണ്ണി മുകുന്ദന്റേതായി പുറത്തിറങ്ങാനുണ്ട്. ചിത്രത്തിൽ ഗന്ധർവനായാണ് ഉണ്ണി മുകുന്ദൻ അഭിനയിക്കുന്നത്. വിഷ്ണു അരവിന്ദാണ് സിനിമ സംവിധാനം ചെയ്യുന്നത്. ഉണ്ണി മുകുന്ദന്റെ വരാനിരിക്കുന്ന സിനിമകളിൽ പ്രേക്ഷകർക്ക് വലിയ പ്രതീക്ഷയുണ്ട്.


Click it and Unblock the Notifications