തെലുങ്കിലെ നടിമാരുമായി മലയാളി നടികളെ താരതമ്യം ചെയ്യാൻ പറ്റില്ല; കാരണമെന്തെന്ന് ഉണ്ണി മുകുന്ദൻ
മലയാള സിനിമയിലെ ഫിറ്റ്നസ് ഐക്കൺ ആയാണ് നടൻ ഉണ്ണി മുകുന്ദൻ അറിയപ്പെടുന്നത്. സിനിമകളേക്കാളുപരി ലുക്ക് കൊണ്ട് ആരാധകർക്കിടയിൽ തരംഗം സൃഷ്ടിച്ച ചുരുക്കം നടൻമാരിലൊരാളും ഉണ്ണി മുകുന്ദനാണ്. കരിയറിൽ നായകൻ, വില്ലൻ, സഹ നടൻ എന്നീ വേഷങ്ങൾ എല്ലാം ഉണ്ണി മുകുന്ദൻ ചെയ്തിട്ടുണ്ട്.
മേപ്പടിയാൻ, ഭ്രമം എന്നിവയാണ് അടുത്തിടെ പുറത്തിറങ്ങിയതിൽ ഉണ്ണി മുകുന്ദന്റെ ശ്രദ്ധേയ സിനിമകൾ, ഭ്രമത്തിൽ നായക വേഷം അല്ലായിരുന്നെങ്കിലും ചെയ്ത കഥാപാത്രം ശ്രദ്ധിക്കപ്പെട്ടു. അതേസമയം മേപ്പടിയാനിൽ മുഴുനീള കഥാപാത്രത്തെ ആണ് ഉണ്ണി മുകുന്ദൻ അവതരിപ്പിച്ചത്.

മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും ഉണ്ണി മുകുന്ദൻ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. തെലുങ്കിലാണ് തമിഴിനേക്കാൾ കൂടുതൽ സിനിമകൾ ചെയ്തത്. വിസ്മയം, ബാഗ്മതി തുടങ്ങിയവയാണ് ഉണ്ണി മുകുന്ദൻ ചെയ്ത തെലുങ്ക് സിനിമകൾ. ബാഗ്മതിയിൽ അനുഷ്ക ഷെട്ടിക്ക് ഒപ്പമാണ് ഉണ്ണി അഭിനയിച്ചത്.
സമാന്ത നായികയാവുന്ന യശോദ ആണ് ഉണ്ണി മുകുന്ദൻ അഭിനയിച്ച ഏറ്റവും പുതിയ തെലുങ്ക് സിനിമ. ഇപ്പോഴിതാ മലയാള സിനിമയും തെലുങ്ക് സിനിമയും തമ്മിലുള്ള വ്യത്യാസത്തെ പറ്റി സംസാരിച്ചിരിക്കുകയാണ് ഉണ്ണി മുകുന്ദൻ. തെലുങ്കിൽ സ്ത്രീ കേന്ദ്രീകൃത സിനിമകൾ വിജയിക്കുന്നതിനെ പറ്റി ഉണ്ണി മുകുന്ദൻ സംസാരിച്ചു.

അനുഷ്കയും സമാന്തയും വലിയ ബ്ലോക് ബസ്റ്ററുകളുടെ ഭാഗമായിട്ടുണ്ട്. അത് അവർക്ക് വിശാലമായ റീച്ച് നൽകുകയും താരമാക്കാനും സ്റ്റീരിയോടൈപ്പുകൾക്ക് അപ്പുറത്തേക്ക് പോവാനും സഹായിച്ചു. പുരുഷമേധാവിത്വമുള്ള ഇൻഡസ്ട്രിയിൽ സമാന്തയ്ക്കും അനുഷ്കയ്ക്കും കുതിച്ച് ചാട്ടം ഉണ്ടായി എന്ന് ഉണ്ണി മുകുന്ദൻ അഭിപ്രായപ്പെടുന്നു.

'വ്യത്യസ്ത വിഭാഗത്തിലുള്ള നിരവധി സിനിമകൾ തെലുങ്ക് ഇൻഡസ്ട്രിയിൽ നിന്ന് വരുന്നു. ഇതല്ല മലയാളത്തിലെ സ്ഥിതി. ഓരോ ഇൻഡസ്ട്രിയും എങ്ങനെ പ്രവർത്തിക്കുന്നു എന്നതിനെ ആശ്രയിച്ചാണ് ഓരോ തരത്തിലുള്ള സിനിമകൾ ഉണ്ടാവുന്നത്. അതിനാൽ തെലുങ്ക് നടിമാരുടെ വളർച്ച മലയാള നടിയുമായി താരതമ്യം ചെയ്യാൻ പറ്റില്ല. രണ്ട് ഇൻഡ്സ്ട്രികളുടെയും പ്രവർത്തനം വേറെ തരത്തിലാണ്,' ഉണ്ണി മുകുന്ദൻ അഭിപ്രായപ്പെട്ടു.
അതേസമയം മലയാള സിനിമയിലും മാറ്റം വരുന്നുണ്ടെന്നും കുമാരി പോലുള്ള സിനിമകൾ പുറത്തിറങ്ങുന്നുണ്ടെന്നും നടൻ ചൂണ്ടിക്കാട്ടി.

തെലുങ്ക് സിനിമയിലെ രണ്ട് സൂപ്പർ താരങ്ങളാണ് അനുഷ്ക ഷെട്ടിയും സമാന്തയും. ഇവരുടെ രണ്ട് പേരുടെ കൂടെയും ഉണ്ണി മുകുന്ദൻ അഭിനയിച്ചു. അടുത്തിടെ സമാന്തയ്ക്ക് മയോസിറ്റിസ് എന്ന അസുഖം ബാധിച്ചതിനെ പറ്റിയും ഉണ്ണി മുകുന്ദൻ സംസാരിച്ചിരുന്നു. അസുഖത്തിന്റെ കാര്യം സമാന്ത പറഞ്ഞിരുന്നില്ലെന്നും വളരെ പ്രൊഫഷണലും കഠിനാധ്വാനിയുമായ നടിയാണ് സമാന്ത എന്നായിരുന്നു. ഉണ്ണി മുകുന്ദൻ പറഞ്ഞത്.

വാടക ഗർഭം ധരിക്കുന്ന ഒരു യുവതിയെ ആണ് യശോദ എന്ന സിനിമയിൽ സമാന്ത അവതരിപ്പിക്കുന്നത്. വരലക്ഷ്മി ശരത്കുമാറും സിനിമയിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഖുശി, ശാകുന്തളം തുടങ്ങിയവയാണ് സമാന്തയുടെ പുറത്തിറങ്ങാനുള്ള തെലുങ്ക് സിനിമകൾ. അറേഞ്ച്മെന്റ്സ് ഓഫ് ലൗ എന്ന ഇംഗ്ലീഷ് സിനിമയിലും നടി അഭിനയിക്കുന്നുണ്ട്. അസുഖം ഭേദമായി നടി വീണ്ടും സിനിമകളിൽ സജീവമാവും എന്നാണ് ആരാധകരുടെ പ്രതീക്ഷ.


Click it and Unblock the Notifications











