2025 ൽ വരാനിരിക്കുന്ന സിനിമകൾ; മോഹൻലാലിനും മമ്മൂട്ടിക്കും റിലീസുകൾ, പ്രതീക്ഷയോടെ മറ്റ് സിനിമകളും
2025 സിനിമാ ലോകത്തിനും പ്രേക്ഷകർക്കും പ്രതീക്ഷകളുടെ വർഷമാണ്. ബിഗ് ബജറ്റ് സൂപ്പർതാര ചിത്രങ്ങൾ, മൾട്ടി സ്റ്റാർ ചിത്രങ്ങൾ, ത്രില്ലർ, ഹൊറർ, റൊമാന്റിക് ഴോണറുകൾ തുടങ്ങി പല ഘടകങ്ങൾ പ്രേക്ഷകരുടെ പ്രതീക്ഷകളുയർത്തുന്നു. 2024 ൽ ചുവട് പിഴച്ചവർ ശക്തമായ തിരിച്ച് വരവ് പ്രതീക്ഷിക്കുന്ന വർഷം കൂടിയാണിത്. മലയാളത്തിലും മറ്റ് ഭാഷകളിലും വരാനിരിക്കുന്ന സൂപ്പർതാര ചിത്രങ്ങൾ ഏതൊക്കെയെന്ന് നോക്കാം.
2025 ൽ മോഹൻലാൽ ചിത്രങ്ങൾ
തുടരും-തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മോഹൻലാലിനൊപ്പം ശോഭനയാണ് പ്രധാന വേഷം ചെയ്യുന്നത്. തരുൺ മൂർത്തിയും കെആർ സുനിലുമാണ് തിരക്കഥ ഒരുക്കിയത്. നിർമാണം എം രഞ്ജിത്ത്. സിനിമാേട്ടോഗ്രഫി ഷാജി കുമാർ. ജനുവരി 30 ന് ചിത്രം തിയറ്ററുകളിലെത്തും.
L2 എമ്പുരാൻ- 2025 മാർച്ച് 27 ന് എമ്പുരാൻ തിയറ്ററുകളിലെത്തും. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ എമ്പുരാൻ റിലീസ് ചെയ്യും. ലൂസിഫറിന്റെ രണ്ടാം ഭാഗമായ ചിത്രത്തിൽ മോഹൻലാൽ, മഞ്ജു വാര്യർ, ടൊവിനോ തോമസ്, ഇന്ദ്രജിത്ത്, സാനിയ അയ്യപ്പൻ തുടങ്ങിയവർ പ്രധാന വേഷം ചെയ്യുന്നു. പൃഥിരാജ് വീണ്ടും സംവിധായകനായെത്തുന്നു എന്ന പ്രത്യേകതയുമുണ്ട്.

കണ്ണപ്പ-വിഷ്ണു മഞ്ചു പ്രധാന കഥാപാത്രമായെത്തുന്ന ബിഗ് ബജറ്റ് തെലുങ്ക് ചിത്രമാണ് കണ്ണപ്പ. കിരാതയെന്നാണ് ചിത്രത്തിൽ മോഹൻലാലിന്റെ കഥാപാത്രത്തിന്റെ പേര്. സംവിധാനം മുകേഷ് കുമാർ സിംഗ്. മോഹൻലാലിനൊപ്പം അക്ഷയ് കുമാർ, പ്രഭാസ് എന്നിവരും ചിത്രത്തിൽ അതിഥി വേഷത്തിലെത്തുന്നു. 100 കോടിയാണ് കണ്ണപ്പയുടെ ബജറ്റ്. ഹോളിവുഡിൽ നിന്നുള്ള ഷെൽഡൺ ചാവു ആണ് ക്യാമറ. 2025 ഏപ്രിൽ 25 ന് ചിത്രം റിലീസ് ചെയ്യും.
വൃഷഭ- മോഹൻലാൽ പ്രധാന വേഷത്തിലെത്തുന്ന പാൻ ഇന്ത്യൻ ചിത്രമാണ് വൃഷഭ. സംവിധാനം നന്ദകിഷോർ. റോഷൻ മേക്ക, ഷനായ കപൂർ, സഹ്റ എസ് ഖാൻ എന്നിവരും പ്രധാന വേഷം ചെയ്യുന്നു. 200 കോടി രൂപയാണ് വൃഷഭയുടെ ബജറ്റ്. ആക്ഷൻ എന്റർടെയ്നറാണ് വൃഷഭ. ബാലാജി ടെലി ഫിലിംസ്, കണക്ട് മീഡിയ, എവിഎസ് സ്റ്റുഡിയോസ് എന്നിവ ചേർന്നാണ് നിർമാണം.
2025 ലെ മമ്മൂട്ടി ചിത്രങ്ങൾ
ഡൊമിനിക് ആന്റ് ദ ലേഡീസ് പഴ്സ്- ഗൗതം വാസുദേവ് മേനോൻ ആദ്യമായി സംവിധാനം ചെയ്യുന്ന മലയാള ചിത്രം. ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറിൽ ഗോകുൽ സുരേഷും പ്രധാന വേഷം ചെയ്യുന്നു. 2025 ൽ ചിത്രം റിലീസ് ചെയ്യുമെന്നാണ് വിവരം.
ബസൂക്ക- സംവിധാനം നവാഗതതനായ ഡീനി ഡെന്നിസ്. ത്രില്ലർ ചിത്രത്തിൽ ഗൗതം വാസുദേവ് മേനോനും പ്രധാന വേഷം ചെയ്യുന്നു.
മമ്മൂട്ടി, മോഹൻലാൽ, മഹേഷ് നാരായണൻ ചിത്രം-മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന മൾട്ടി സ്റ്റാർ ചിത്രത്തിൽ നയൻതാര, ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ തുടങ്ങിയവരും പ്രധാന വേഷം ചെയ്യുന്നു.

മമ്മൂട്ടിയും വിനായകനും ഒരുമിച്ചെത്തുന്ന സിനിമ- 2025 ൽ റിലീസിനെത്തിയേക്കുമെന്നാണ് സ്ഥിരീകരിക്കാത്ത വിവരം. ജിതിൻ കെ ജോസാണ് സംവിധായകൻ.
മലയാളത്തിൽ വരാനിരിക്കുന്ന മറ്റ് സിനിമകൾ
ഐഡന്റിറ്റി-ടൊവിനോ തോമസ്, തൃഷ എന്നിവർ പ്രധാന വേഷം ചെയ്യുന്ന ചിത്രം 2025 ജനുവരിയിൽ റിലീസ് ചെയ്യും.
കത്തനാർ-ജയസൂര്യ, അനുഷ്ക ഷെട്ടി എന്നിവർ പ്രധാന വേഷം ചെയ്യുന്ന ചിത്രം സംവിധാനം ചെയ്യുന്നത് റോജിൻ തോമസ്. രണ്ട് ഭാഗങ്ങളിലായെത്തുന്ന സിനിമയുടെ ആദ്യ ഭാഗം 2025 ൽ റിലീസ് ചെയ്യും.
ഗെറ്റ് സെറ്റ് ബേബി-ഉണ്ണി മുകുന്ദൻ, നിഖില വിമൽ എന്നിവർ പ്രധാന വേഷം ചെയ്യുന്ന ചിത്രം 2025 ൽ റിലീസ് ചെയ്യും. വിനയ് ഗോവിന്ദ് സംവിധാനം.
ഷാരൂഖ് ഖാൻ ചിത്രങ്ങൾ 2025 ൽ
കിംഗ്-സുജൊയ് ഘോഷ് സംവിധാനം ചെയ്യുന്ന കിംഗിൽ ആക്ഷൻ റോൾ ആണ് ഷാരൂഖ് ചെയ്യുന്നത്. മകൾ സുഹാന ഖാനും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
പഠാൻ 2- പഥാന്റെ വലിയ വിജയത്തിന് ശേഷം വരുന്ന രണ്ടാം ഭാഗം. 2025 ൽ ചിത്രം റിലീസ് ചെയ്യുമെന്ന് റിപ്പോർട്ടുകളുണ്ട്.
ടൈഗർ വെർസസ് പഠാൻ- സൽമാൻ ഖാനും ഷാരൂഖ് ഖാനും ഒരുമിച്ചെത്തുന്ന സിനിമ. 2025 ൽ ഷൂട്ട് തുടങ്ങുന്ന ചിത്രം 2026 ൽ റിലീസ് ചെയ്യും.


Click it and Unblock the Notifications