'സീരിയലിൽ എനിക്ക് സുന്ദരിയായ പെൺകുട്ടിയെ ഭാര്യയായി കിട്ടിയാൽ ഏറ്റവും ഹാപ്പി എന്റെ ഭാര്യയാണ്'; രാജേഷ് ഹെബ്ബാർ!
സീരിയലുകളിലൂടെ മലയാളി പ്രേക്ഷകരുടെ സ്വീകരണമുറിയിലെ സ്ഥിരം അതിഥിയാണ് നടൻ രാജേഷ് ഹെബ്ബാർ. കൂടുതലും വില്ലത്തരമുള്ള വേഷങ്ങളാണ് ചെയ്യുന്നതെങ്കിലും പ്രേക്ഷകർക്ക് ഇദ്ദേഹത്തോട് ഒരിഷ്ടം കൂടുതലുണ്ട്. സിനിമകളിൽ രജേഷ് ചെയ്തിട്ടുള്ള കഥാപാത്രങ്ങളെല്ലാം തന്നെ ശ്രദ്ധിക്കപ്പെട്ടിട്ടുള്ളവയാണ്. സിനിമ-സീരിയൽ ലോകത്തെ ആസ്ഥാന ഡോക്ടർ താനാണെന്നാണ് രാജേഷ് തമാശയായി പറയാറുള്ളത്. കാരണം അത്രത്തോളം ഡോക്ടർ കഥാപാത്രങ്ങൾ രാജേഷ് ചെയ്തിട്ടുണ്ട്.
ഉഡുപ്പി ബ്രാഹ്മണരാണ് രാജേഷും കുടുംബവും. അച്ഛൻ ഡോക്ടറായിരുന്നു. അതോടൊപ്പം ശസ്ത്രക്രിയാ ഉപകരണങ്ങളുടെ ബിസിനസും ഉണ്ടായിരുന്നു. കുടുംബത്തിന് ഇപ്പോഴും ആ ബിസിനസുണ്ടെങ്കിലും രാജേഷ് അതിന്റെയൊന്നും ഭാഗമല്ല. കഴിഞ്ഞ ഇരുപത്തിയഞ്ച് വർഷമായി അഭിനയം തന്നെയാണ് രാജേഷിന്റെ മേഖല.

ഹ്രസ്വചിത്രങ്ങളിലൂടെ മിനിസ്ക്രീനിലേക്കും പിന്നീട് ബിഗ് സ്ക്രീനിലേക്കുമെത്തിയ രാജേഷ് സൈന സൗത്ത് പ്ലസ്സിന് നൽകിയ ഏറ്റവും പുതിയ അഭിമുഖത്തിൽ 25 വർഷത്തെ അഭിനയ ജീവിതത്തിലെ അനുഭവങ്ങൾ പങ്കിട്ടു. സർജിക്കൽ ഇൻസ്ട്രുമെന്റ്സിന്റെ നിർമ്മാണമായിരുന്നു ഞങ്ങളുടെ ബിസിനസ്. പക്ഷെ ഞാൻ ഇപ്പോൾ അതിന്റെ ഭാഗമല്ല. 25 വർഷമായി അഭിനയത്തിൽ മാത്രമാണ് ശ്രദ്ധിക്കുന്നത്. ആദ്യത്തെ സീരിയൽ ഓർമയാണ്.
ഞാൻ ചെയ്തതിൽ എനിക്ക് ഏറ്റവും പ്രിയപ്പെട്ട സിനിമ പ്രിയമാനസമാണ്. ആ സിനിമയ്ക്ക് വേണ്ടി ഞാൻ കഥകളി പഠിച്ചിട്ടുണ്ട്. ഉണ്ണായിവാര്യരുടെ കഥയായിരുന്നു ആ സിനിമ. ഉള്ളൊരുക്കമാണ് മറ്റൊരു പ്രിയപ്പെട്ട സിനിമ. ആ സിനിമ കാരണം ഒരുപാട് അവസരങ്ങൾ എനിക്ക് കിട്ടിയിട്ടുണ്ട്. സിനിമയിൽ കിട്ടുന്ന അവസരങ്ങളെല്ലാം ഭാഗ്യം കൊണ്ട് കിട്ടിയതാണ്.
അല്ലാതെ ചൂസ് ചെയ്യാനുള്ള ലെവലിലേക്ക് ഞാൻ എത്തിയിട്ടില്ല. സീരിയലലിൽ അത്തരം അവസരങ്ങൾ കിട്ടിയിട്ടുണ്ട്. പിന്നെ എനിക്ക് കിട്ടിയത് എന്താണോ അത് നന്നാക്കാൻ എപ്പോഴും ഞാൻ ശ്രമിക്കാറുണ്ട്. ഒരു ആക്ടറുടെ ടൂൾ ഫെയ്സും ബോഡിയുമാണ്. ഇനിയും 25 വർഷം കൂടി അഭിനയിക്കണമെന്ന് ആഗ്രഹമുണ്ട്.
അതുകൊണ്ട് ബോഡി മെയിന്റെയ്ൻ ചെയ്യണമല്ലോ. വർക്കൗട്ട് ഞാൻ ചെയ്യാറുണ്ട്. പിന്നെ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യങ്ങൾ എല്ലാ ദിവസവും ചെയ്യാൻ ശ്രമിക്കും. എപ്പോഴും പോസിറ്റീവായും ഹാപ്പിയായും ഇരിക്കാനും ശ്രമിക്കാറുണ്ടെന്നും നടൻ പറയുന്നു.
മനസിനക്കരെ സെറ്റിൽ വെച്ച് നടി നയൻതാരയുമൊത്തുള്ള ഓർമകളും രാജേഷ് പങ്കിട്ടു. മനസിനക്കരയിൽ അഭിനയിക്കുമ്പോൾ നയൻതാര എന്നായിരുന്നില്ല പേര് ഡയാന എന്നായിരുന്നു. എല്ലാവരും ഔട്ട്ഡോർ ഷൂട്ടിന് പോകുമ്പോൾ ഞാനും നയൻതാരയും മാത്രമെ ഉണ്ടാകാറുള്ളയിരുന്നു.

അപ്പോഴൊക്കെ അവരും ഞാനും സംസാരിച്ചിട്ടുണ്ട്. സിനിമാ സ്വപ്നങ്ങളെ കുറിച്ച് ഞങ്ങൾ പരസ്പരം അന്ന് സംസാരിച്ചിരുന്നു. സത്യൻ സാർ നയൻതാരയ്ക്ക് ആ പേരിടുമ്പോൾ ഞാൻ അവിടെയുണ്ടായിരുന്നു. ഇന്ന് ആ പേര് ഇന്ത്യൻ മുഴുവൻ കൊണ്ടാടുകയല്ലേ എന്നാണ് രാജേഷ് പറഞ്ഞത്. പിന്നീട് ഭാര്യ അനിതയെ കുറിച്ചാണ് രാജേഷ് സംസാരിച്ചത്.
ഭാര്യയെന്നാൽ ജീവനാണെന്നത് രാജേഷിന്റെ സോഷ്യൽമീഡിയ പോസ്റ്റുകളിൽ നിന്നും തന്നെ വ്യക്തമാണ്. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു. ഭാര്യ സ്വന്തമായി ബൊട്ടീക്ക് നടത്തുകയാണ്. എന്റെ ഏറ്റവും വലിയ സപ്പോർട്ട് സിസ്റ്റം കുടുംബമാണ്.
ഞാൻ ചില കഥാപാത്രങ്ങൾ ചെയ്യണോ വേണ്ടയോ എന്ന് കൺഫ്യൂഷനടിക്കുമ്പോൾ അവരാണ് എനിക്ക് ആത്മവിശ്വാസം തരുന്നത്. ഞാൻ ഒരു സ്ട്രിക്ട് ഫാദറല്ല... കൂളാണ്. ഞാനാണ് നിങ്ങളുടെ ഏറ്റവും വലിയ വിമർശകയും സപ്പോർട്ടറും ചിയർ ലീഡറുമെന്ന് ഭാര്യ തന്നെ എന്നോട് പറയാറുണ്ട്.
എന്റെ വർക്കുകളെല്ലാം വളരെ ഡീറ്റെയ്ൽഡായി വൈഫ് കാണും. മാത്രമല്ല എനിക്ക് സീരിയലിൽ ഭാര്യ റോളിൽ സുന്ദരിയായ പെൺകുട്ടിയെ കിട്ടിയാൽ ഏറ്റവും ഹാപ്പി എന്റെ ഭാര്യയാണ്. കാരണം ജീവിതത്തിൽ മാത്രമല്ല സീരിയലിലും എന്റെ ഭർത്താവിന് സുന്ദരിയായ ഭാര്യയെ കിട്ടിയെന്ന് അവൾക്ക് സുഹൃത്തുക്കളോട് പറയാൻ വേണ്ടിയാണ്.
ഞാൻ പേടിത്തൊണ്ടനായതുകൊണ്ട് ഭാര്യ എന്നെയാണ് പ്രപ്പോസ് ചെയ്തത്. അവളുടെ സങ്കൽപ്പങ്ങളിൽ ഉള്ള ഭർത്താവിന്റെ ചില ഗുണങ്ങൾ എനിക്കുള്ളതുകൊണ്ടാണ് എന്നെ സ്നേഹിച്ചത്. ഒന്നര വർഷത്തോളം പ്രണയിച്ചു. അതിന് മുമ്പ് സുഹൃത്തുക്കളായിരുന്നു. ഇപ്പോഴും ഞങ്ങൾ നല്ല സുഹൃത്തുക്കളാണെന്ന് പറഞ്ഞാണ് രാജേഷ് അവസാനിപ്പിച്ചത്.


Click it and Unblock the Notifications











