നാലര മാസം മുതൽ അധ്വാനിക്കുന്നു, കാറ് വാങ്ങി കുടുംബത്തിനായി വീട് വെക്കുന്നു; ഏഴ് വയസുകാരി പാറുക്കുട്ടി പറയുന്നു
തുടക്കത്തിൽ എല്ലാം ഒരു തമാശയും ഹരവുമായിരുന്നു... മകളുടെ ജീവിതത്തിന്റെ ടേണിങ് പോയിന്റാണ് ഉപ്പും മുളകുമെന്ന് അന്ന് പാറുക്കുട്ടിയുടെ മാതാപിതാക്കൾ അറിഞ്ഞിരുന്നില്ല. മിനിസ്ക്രീനിൽ ഏറ്റവും സക്സസ്ഫുള്ളായി സംപ്രേഷണം ചെയ്യുന്ന സിറ്റ്കോം ഉപ്പും മുളകിൽ ഏറെ ആരാധകരുള്ളത് പാറുക്കുട്ടി എന്ന കഥാപാത്രത്തിനാണ്. ഏഴ് വയസുകാരി ബേബി അമേയയാണ് പാറുക്കുട്ടിയായി അഭിനയിക്കുന്നത്.
രണ്ടായിരം എപ്പിസോഡുകൾ പിന്നിട്ട സിറ്റ്കോമിലേക്ക് വെറും നാലര മാസത്തിലാണ് അമേയ എത്തിയത്. ബാലുവിന്റേയും നീലുവിന്റേയും അഞ്ചാമത്തെ കുഞ്ഞായി അഭിനയിക്കാൻ കുട്ടികളെ തേടുന്നുവെന്ന് അറിഞ്ഞാണ് കസിൻ അമേയയുടെ ഫോട്ടോ അണിയറപ്രവർത്തകർക്ക് അയച്ച് കൊടുക്കുന്നത്. ഫോട്ടോ കണ്ട് താൽപര്യം തോന്നിയ ടീം ഓഡീഷനായി അമേയയെ ഉപ്പും മുളകിന്റെ സെറ്റിലേക്ക് വിളിപ്പിച്ചു.

അവസരം കിട്ടിയില്ലെങ്കിലും ഷൂട്ടിങ്ങും താരങ്ങളേയും കണ്ട് മടങ്ങി വരാമെന്ന് കരുതിയാണ് അമേയയേയും കൊണ്ട് മാതാപിതാക്കളും ബന്ധുവും സെറ്റിലെത്തിയത്. കാരണം എല്ലാവരും ഉപ്പും മുളകിന്റെ കടുത്ത ആരാധകരാണ്. യാത്ര വെറുതെയായില്ല. അമേയയ്ക്ക് സെലക്ഷനും ലഭിച്ചു. ഒപ്പം പോയ മാതാപിതാക്കൾക്കും ബന്ധുവിനും ഉപ്പും മുളകിലെ പ്രിയ താരങ്ങളെ കാണാനും സാധിച്ചു. അങ്ങനെയാണ് ബേബി അമേയ പാറുക്കുട്ടിയാകുന്നത്.
അമേയ എന്ന പേര് പല ആരാധകർക്കും അറിയില്ല. എല്ലാവർക്കും ഇപ്പോഴും ബാലുവിന്റെയും നീലുവിന്റേയും കുറുമ്പിയായ മകൾ പാറുക്കുട്ടിയാണ് അമേയ. രണ്ടായിരം രൂപ പ്രതിഫലത്തിന് അഭിനയിച്ച് തുടങ്ങിയ അമേയയ്ക്ക് ഇന്ന് ഏഴ് വയസുണ്ട്. ഏഴ് വർഷമായി ഉപ്പും മുളകിൽ സ്ഥിരം സാന്നിധ്യവുമാണ്.
ഒരുപക്ഷെ കേരളത്തിൽ വിവിധ കാലാരംഗത്ത് പ്രവർത്തിക്കുന്നവരിൽ ഏറ്റവും ചെറിയ പ്രായത്തിൽ സമ്പാദിച്ച് തുടങ്ങിയ താരം അമേയ മാത്രമാകും. അമേയയ്ക്ക് ഇന്ന് കൈ നിറയെ അവസരങ്ങളാണ്. പ്രമോഷൻ, ആക്ടിങ്, ഉദ്ഘാടന പരിപാടികൾ തുടങ്ങിയവയിലൂടെയെല്ലാം ലക്ഷങ്ങൾ സമ്പാദിക്കാൻ ഈ ഏഴ് വയസുകാരിക്ക് കഴിയുന്നുണ്ട്. ഉപ്പും മുളകിനും പുറമെ വേറെയും നിരവധി സീരിയലുകളിൽ അമേയ അഭിനയിക്കുന്നുണ്ട്.
ഇപ്പോഴിതാ തൻരെ സമ്പാദ്യം കൊണ്ട് പ്രിയപ്പെട്ടവർക്ക് വേണ്ടി ചെയ്യുന്ന കാര്യങ്ങൾ വെളിപ്പെടുത്തുകയാണ് അമേയ. ഫ്ലവേഴ്സിൽ തന്നെ തിരുവോണത്തോട് അനുബന്ധിച്ച് സംപ്രേഷണം ചെയ്ത ഓണം മൂഡ് സ്പെഷ്യൽ പ്രോഗ്രാമിൽ ഉപ്പും മുളകിലെ മറ്റ് താരങ്ങൾക്കൊപ്പം അമേയയും പങ്കെടുത്തിരുന്നു. നടിയും നർത്തകിയുമായ മാളവിക കൃഷ്ണദാസായിരുന്നു അവതാരക.

പുതിയ വിശേഷങ്ങളെ കുറിച്ച് ചോദിച്ചപ്പോഴാണ് അഭിനയിച്ച് നേടിയ കാശുകൊണ്ട് താൻ എന്താണ് ചെയ്തതെന്ന് അമേയ വെളിപ്പെടുത്തിയത്. എനിക്ക് വേണ്ടി ഡ്രസ്സ് വാങ്ങിക്കും. പിന്നെ ഓണം ആഘോഷിക്കാനായുള്ളതെല്ലാം വാങ്ങിയിരുന്നു. അതുപോലെ കാറും വാങ്ങി. വീട് വെക്കാൻ ആരംഭിച്ചു എന്നായിരുന്നു പാറുക്കുട്ടിയുടെ നിഷ്കളങ്കമായ മറുപടി.
താൻ എത്രത്തോളം വലിയ കാര്യമാണ് മാതാപിതാക്കൾക്കും സഹോദരങ്ങൾക്കും വേണ്ടി ചെയ്യുന്നതെന്ന് ഭാവിയിൽ തന്റെ പഴയ വീഡിയോകൾ എടുത്ത് കാണുമ്പോൾ അമേയ മനസിലാക്കും. പാറുക്കുട്ടിയുടെ പുതിയ വിശേഷങ്ങളുടെ വീഡിയോ വൈറലായതോടെ നിരവധി പേരാണ് അഭിനന്ദിച്ച് എത്തിയത്. ഉപ്പും മുളകും പലരുടേയും ലൈഫ് മെച്ചപ്പെടുത്തി, ജനിച്ചപ്പോൾ മുതൽ സ്വന്തമായി സമ്പാദിച്ച് ജീവിക്കുന്ന ഒരേ ഒരു മുതൽ.
വലുതാകുമ്പോൾ തന്റെ ചെറുപ്പം മുതലുള്ള വളർച്ച സീരിയലിലൂടെ കണ്ടറിയാൻ അമേയ്ക്ക് പറ്റും. അതും ഒരു അനുഗ്രഹമാണ് എന്നിങ്ങനെ എല്ലാം കമന്റുകളുണ്ട്. മകളെ അഭിനയിക്കാൻ വിടുന്നതിന്റെ പേരിൽ തങ്ങൾ ഒരുപാട് വിമർശനങ്ങൾ കേട്ടിട്ടുണ്ടെന്ന് അമേയയുടെ അമ്മ ഗംഗാ ലക്ഷ്‍മി അടുത്തിടെ തുറന്ന് പറഞ്ഞിരുന്നു. മോളുടെ പണം കൊണ്ട് ഞങ്ങൾ ജീവിക്കുന്നുവെന്ന തരത്തിൽ വിമർശനം വരാറുണ്ടെന്നാണ് ഗംഗ ലക്ഷ്മി പറഞ്ഞത്.


Click it and Unblock the Notifications











