സിംഹത്തിനെ പോലെയാണ് മമ്മൂക്ക; എന്നാല്‍ മോഹന്‍ലാലിന്റെ രീതി വ്യത്യസ്തമാണ്: കോട്ടയം രമേശ് പറയുന്നു
ഉപ്പും മുളകും പരമ്പരയിലൂടെ പ്രേക്ഷകരുടെ ഇടയില്‍ ശ്രദ്ധിക്കപ്പെട്ട താരമാണ് കോട്ടയം രമേശ്. ബാലുവിന്റെ അച്ഛനായിട്ടായിരുന്നു മിനിസ്‌ക്രീനില്‍ എത്തിയത്. നല്ല പ്രതികരണമായിരുന്നു ലഭിച്ചത്. സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും എന്ന ചിത്രമാണ് ഇദ്ദേഹത്തിന്റെ കരിയര്‍ മാറ്റുന്നത്. ഈ ചിത്രത്തോടെ സിനിമയില്‍ തന്റേതായ സാന്നിധ്യം അറിയിക്കുകയായിരുന്നു. പിന്നീട് പുറത്ത് ഇറങ്ങിയ നിരവധി സിനിമകളില്‍ ഇദ്ദേഹം ഭാഗമാവുകയായിരുന്നു.

അമല്‍ നീരദിന്റെ സംവിധാനത്തില്‍ മമ്മൂട്ടി നായകനായെത്തിയ ഭീഷ്മ പര്‍വ്വ്ത്തിലും ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. മമ്മൂട്ടിയുടെ അക്കൗണ്ടന്റ് മണി ആയാണ് രമേശ് എത്തിയത്. മോഹന്‍ലാലിനോടൊപ്പവും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിത മോഹന്‍ലാലിനും മമ്മൂട്ടിക്കുമൊപ്പമുള്ള അനുഭവം വെളിപ്പെടുത്തുകയാണ് കോട്ടയം രമേശ്. ഭീഷ്മപര്‍വത്തിന്റെ പ്രെമോഷന്റെ ഭാഗമായി നല്‍കിയ ഒരു അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.
'ഇന്ത്യന്‍ സിനിമയുടെ ഏറ്റവും വലിയ പവറാണ് മമ്മൂക്ക. ഇന്ത്യന്‍ സിനിമ എന്നല്ല ഒരുപക്ഷെ ഹോളിവുഡില്‍ വല്ലതുമായിരുന്നെങ്കില്‍ ലോകം കണ്ടതില്‍ വെച്ച് വലിയൊരു നടനായി അദ്ദേഹം മാറുമായിരുന്നു. അദ്ദേഹത്തിന്റെ കൂടെയുള്ള എന്റെ മൂന്നാമത്തെ സിനിമയാണ് ഭീഷ്മ പര്‍വ്വം. അദ്ദേഹം തന്നെയായിരിക്കും എനിക്ക് സിനിമകളില്‍ അവസരം വാങ്ങി തരുന്നത്. പക്ഷെ ചോദിച്ചാല്‍ പറയില്ല, ഏയ് ഞാനൊന്നുമല്ലെന്ന് പറയും,' രമേശ് പറയുന്നു.
മോഹന്‍ലാലിന്റേയും മമ്മൂട്ടിയുടേയും കൂടെ അഭിനയിക്കുന്നത് രണ്ടും വ്യത്യസ്ത അനുഭവങ്ങളാണെന്നും രമേശ് പറയുന്നു.'മമ്മൂക്കയെ കുറിച്ച് പറയുകയാണെങ്കില്‍ ഒരു സിംഹം സ്നേഹിച്ചാല്‍ എങ്ങനെയുണ്ടായിരിക്കും അതുപോലെയാണ്. മോഹന്‍ലാല്‍ അങ്ങനെയല്ല, നമ്മളെ എപ്പോഴും കൂടെ കൊണ്ടുപോകാനായിട്ട് ശ്രമിക്കുന്നൊരാള്‍ അങ്ങനെയാണ്. നമ്മള്‍ തെറ്റിച്ചാലും ഒരു ബുദ്ധമുട്ടുമില്ലാതെ വീണ്ടും ടേക്ക് എടുക്കാമെന്ന് പറയും. എന്നെ സാറെ എന്നായിരുന്നു അദ്ദേഹം വിളിച്ചിരുന്നത്. ഞാന്‍ അവസാനം അങ്ങനെ വിളിക്കരുതെന്ന് പറയുകയായിരുന്നു. മമ്മൂക്ക ഇടക്ക് നമ്മളോട് ചൂടാവും, പക്ഷെ നമുക്ക് അറിയാം അത് വെറുതെയാണ്, എനിക്കറിയാം അദ്ദേഹത്തിന്റെ മനസ്,' താരം പറഞ്ഞു.
ഡേറ്റില്ലാത്തതുകൊണ്ട് പല സിനിമകളും തനിക്ക് നഷ്ടപ്പെട്ടിട്ടുണ്ടെന്നും രമേശ് പറയുണ്ട്. കൂടാതെ തന്നെ മമ്മൂട്ടിയുടെ കൂടെ തന്റെ മൂന്നാമത്തെ സിനിമയാണ് ഭീഷ്മ പര്‍വ്വമെന്നും അദ്ദേഹം തന്നെയാവും തനിക്ക് വേഷങ്ങള്‍ വാങ്ങിതരുന്നത് എന്നുമാണ് താരം പറയുന്നുണ്ട്.
സച്ചി സാറിന്റെ അയ്യപ്പനും കോശിക്കും ശേഷം പിന്നെ തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ലെന്നും രമേശ് അഭിമുഖത്തില്‍ പറഞ്ഞു. ഡേറ്റില്ലാത്തതിന്റെ പേരില്‍ ഒരുപാട് സിനിമകള്‍ ചെയ്യുന്നില്ലെന്ന് തീരുമാനിക്കേണ്ടി വന്നിട്ടുണ്ട്. മമ്മൂട്ടി സാറിന്റെ തന്നെ നന്‍പകല്‍ നേരത്ത് മയക്കം, ജയസൂര്യയുടെ ജോണ്‍ ലൂഥര്‍, പൃഥ്വിരാജിന്റെ ആടുജീവിതം, ഇതൊക്കെ നഷ്ടപ്പെട്ട സിനിമകളാണ്. നഷ്ടങ്ങളും സംഭവിക്കുമല്ലോ,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.സി.ബി.ഐ 5, പുഴു തുടങ്ങിയ ചിത്രങ്ങളാണ് ഇനി പുറത്ത് വരാനുളളത്.
മാര്‍ച്ച് മൂന്നിന് റിലീസ് ചെയ്ത ഭീഷ്മ പര്‍വം മികച്ച പ്രേക്ഷക സ്വീകാര്യത നേടി മുന്നേറുകയാണ്. 80 കോടി ക്ലബ്ബില്‍ ഇടം പിടിച്ചിട്ടുണ്ട്. പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു ഭീഷ്മപര്‍വം. 14 വര്‍ഷത്തിന് ശേഷമാണ് മമ്മൂട്ടി- അമല്‍ നീരദ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. ബിഗ് ബിയുടെ രണ്ടാംഭാഗമായ ബിലാലിന് വേണ്ടി കാത്തിരിക്കുമ്പോഴായിരുന്നു ഭീഷ്മപര്‍വവുമായി ഇവര്‍ എത്തുന്നത്. ചിത്രം പുറത്ത് വന്നതോടെ ബിലാലിന് വേണ്ടിയുള്ള ആകാംക്ഷ വര്‍ധിച്ചിട്ടുണ്ട്. മമ്മൂട്ടിക്കൊപ്പം വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നത്. എല്ലാവരും തങ്ങളുടെ ഭാഗം വൃത്തിയായി കൈകാര്യം ചെയ്തിട്ടുണ്ട്. സൗബിന്‍, ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി, തുടങ്ങിയവരുടെ പ്രകടനം സോഷ്യല്‍ മീഡിയയിലും സിനിമ കോളങ്ങളിലും ചര്‍ച്ചയായിരുന്നു.


Click it and Unblock the Notifications