താരമൂല്യം പോയതോടെ ബിസിനസിലേക്ക്, 3300 കോടിയുടെ കമ്പനി; വീണ്ടും തകർന്ന് പോയ ഘട്ടം വന്നപ്പോൾ
തമിഴകത്ത് ഒരു കാലത്ത് നടൻ അരവിന്ദ് സ്വാമിയുണ്ടാക്കിയ തരംഗം ചെറുതല്ല. മണിരത്നം സിനിമകളിലൂടെ ആരാധികമാരുടെ ഹൃദയം കീഴടക്കിയ അരവിന്ദ് സ്വാമി തുടരെ ഹിറ്റുകളുമായി കരിയറിൽ മുന്നേറി. എന്നാൽ നാടകീയമായാണ് പലപ്പോഴും അരവിന്ദ് സ്വാമിയുടെ കരിയറും ജീവിതവും മുന്നോട്ട് പോയത്. റൊമാന്റിക് ഹീറോ ആയെങ്കിലും ഒരു ഘട്ടത്തിൽ നടൻ ഇത്തരം വേഷങ്ങളിലേക്ക് സ്റ്റീരിയോടെെപ് ചെയ്യപ്പെട്ടു. വ്യക്തി ജീവിതത്തിലെ ചില കാരണങ്ങളാൽ അരവിന്ദ് സ്വാമി കരിയറിൽ നിന്നും മാറി നിന്നു.
വർഷങ്ങൾക്ക് ശേഷം സിനിമാ രംഗത്തേക്ക് തിരിച്ച വന്ന നടൻ തനി ഒരുവൻ എന്ന ചിത്രത്തിലെ വില്ലൻ വേഷത്തിലൂടെ പഴയ താരമൂല്യം തിരികെ നേടി. തന്റെ 30ാം വയസിലാണ് അരവിന്ദ് സ്വാമി കരിയർ വിടുന്നത്. ഇതിന് കാരണം കരിയറിലെ സാഹചര്യമായിരുന്നു. 90 കളുടെ അവസാനത്തിൽ അരവിന്ദ് സ്വാമിയുടെ കരിയർ അത്ര സുഗമമായില്ല മുന്നോട്ട് പോയത്. എഞ്ചിനീയർ. മുദൽ മുദലാക, ശാസനം എന്നീ സിനിമകൾ മുടങ്ങി.

ശാസനം വർഷങ്ങൾക്ക് ശേഷം 2006 ലാണ് റിലീസ് ചെയ്തത്. മറ്റ് രണ്ട് സിനിമകൾ തിയറ്ററിൽ റിലീസ് ചെയ്തതുമില്ല. ബോളിവുഡിൽ നിന്ന് വന്ന പ്രൊജക്ടുകളും മുടങ്ങി. ഐശ്വര്യ റായ്ക്കൊപ്പമുള്ള സിനിമയായിരുന്നു ഒന്ന്. സിനിമാ കരിയറിൽ പ്രതിസന്ധികൾ വന്നതോടെ അരവിന്ദ് സ്വാമി ബിസിനസിലേക്ക് തിരിഞ്ഞു. അലൈപായുതെ എന്ന മണിരത്നം ചിത്രത്തിൽ അതിഥി വേഷം ചെയ്ത ശേഷമാണ് അരവിന്ദ് സ്വാമി ഇടവേളയെടുത്തത്.
ബിസിനസ് ലോകത്തെ വമ്പനായിരുന്നു അരവിന്ദ് സ്വാമിയുടെ പിതാവ് വിഡി സ്വാമി. അമേരിക്കയിൽ നിന്നും ഇന്റർനാഷണൽ ബിസിനസിൽ ബിരുദാനന്തര ബിരുദം നേടിയ വ്യക്തിയാണിദ്ദേഹം. കമ്പനിയുടെ ഡയരക്ടറായി ചുമതലയേറ്റ അരവിന്ദ് സ്വാമി സിനിമാ ലോകം പൂർണമായും വിട്ടു. പിന്നീട് ഇന്റർപ്രൊ ഗ്ലോബൽ, പ്രോറിലീസ് ഇന്ത്യ എന്നീ കമ്പനിയുടെ മേധാവികളിലൊരാളായി അരവിന്ദ് സ്വാമി ബിസിനസ് ലോകത്ത് വളർന്നു.

2005 ൽ തന്റേതായ കമ്പനി അരവിന്ദ് സ്വാമി തുടങ്ങി. ടാലന്റ് മാക്സിമസ് എന്നായിരുന്നു കമ്പനിയുടെ പേര്. 2022 ൽ ഈ കമ്പനിയുടെ മൂല്യം 3300 കോടി രൂപയായിരുന്നു. എന്നാൽ അപ്രതീക്ഷിതമായി ഒരു വീഴ്ച അരവിന്ദ് സ്വാമിയുടെ ജീവിതത്തിലുണ്ടായി. 2005 ൽ അപകടത്തിൽ താരത്തിന്റെ നട്ടെല്ലിന് പരിക്ക് പറ്റി. കാലിന് തളർച്ച വന്നു.
അരവിന്ദ് സ്വാമിയുടെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടങ്ങളിലൊന്നായിരുന്നു ഇത്. അഞ്ച് വർഷത്തോളം ചികിത്സ നീണ്ടു. ഈ കാലഘട്ടത്തിൽ അരവിന്ദ് സ്വാമിക്ക് രൂപത്തിലും മാറ്റം വന്നു. മുടി കൊഴിഞ്ഞ് വണ്ണം വെച്ച അരവിന്ദ് സ്വാമിയുടെ ദൃശ്യങ്ങൾ പ്രചരിച്ചപ്പോൾ പലരും പരിഹസിച്ചു. എന്നാൽ നിശ്ചയദാർഡ്യത്തോടെ മുന്നോട്ട് നീങ്ങിയ അരവിന്ദ് സ്വാമി പഴയത് പോലെ ആരോഗ്യവാനായി തിരിച്ചെത്തി.
ഇതിനിടെ നടൻ വിവാഹ ബന്ധവും പിരിഞ്ഞിരുന്നു. ഗായത്രി രാമമൂർത്തി എന്നാണ് മുൻഭാര്യയുടെ പേര്. ഈ ബന്ധത്തിൽ രണ്ട് മക്കളും പിറന്നു. 2010 ൽ അരവിന്ദ് സ്വാമിയും ഗായത്രിയും നിയമപരമായി പിരിഞ്ഞു. ഇരുവരും അതിന് മുമ്പേ ഏറെക്കാലമായി അകന്ന് കഴിയുകയായിരുന്നു. 2013 ൽ നടൻ രണ്ടാമത് വിവാഹിതനായി. അപർണ മുഖർജി എന്നാണ് രണ്ടാം ഭാര്യയുടെ പേര്.


Click it and Unblock the Notifications











