'മിനുമിനുത്ത മുഖമുള്ളയാളെ പ്രേമിക്കാൻ നടന്ന സംയുക്ത രോമേശ്വരനായ ബിജുവിനെ കെട്ടി... ഞാനെന്ത് മണ്ടിയാണ്'; ഊർമിള!
ഒരുകാലത്ത് മലയാള സിനിമയിലെ ഏറ്റവും തിരക്കുള്ള നടിയായിരുന്നു സംയുക്ത വര്‍മ. സംയുക്ത വര്‍മ സിനിമയിലേക്ക് എന്ന് മടങ്ങിവരും എന്ന ചോദ്യം ചിലപ്പോഴൊക്കെ ആരാധകരില്‍ നിന്ന് വരാറുണ്ട്. സംയുക്ത വര്‍മ വിവാഹശേഷമാണ് സിനിമയില്‍ നിന്ന് മാറി നിന്നത്.
സംയുക്ത വര്‍മ തിരിച്ചുവരുമോ എന്ന ചോദ്യത്തിന് ബിജു മേനോൻ പറഞ്ഞ മറുപടിയും അടുത്ത കാലത്ത് വൈറലായിരുന്നു. സ്വമേധയാ അഭിനയ ജീവിതം ഉപേക്ഷിച്ച നടിയാണ് സംയുക്ത വർമ. ആളുകളുടെ മനസിൽ ഇടംനേടാനും എന്നേക്കും ഓർമിക്കപ്പെടാനും വാരി വലിച്ച് സിനിമ ചെയ്യേണ്ടതില്ലെന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് സംയുക്ത വർമ.
വെറും നാല് വർഷത്തെ സിനിമാ ജീവിതം കൊണ്ട് ഒരുപിടി മികച്ച സിനിമകളും കഥാപാത്രങ്ങളുമാണ് സംയുക്ത മലയാളിക്ക് സമ്മാനിച്ചത്. നാൽപ്പത്തിമൂന്നുകാരിയായ സംയുക്ത 2002ലാണ് ഏറെ നാളത്തെ പ്രണയത്തിന് ശേഷം ബിജു മേനോനെ വിവാഹം ചെയ്തത്. ഇരുവരും ഇരുപത്തിയൊന്നാം വിവാഹ വാർഷികം ആഘോഷിക്കുമ്പോൾ നടിയും സംയുക്തയുടെ അടുത്ത ബന്ധുവുമായ ഊർമിള ഉണ്ണി പങ്കുവെച്ച രസകരമായ കുറിപ്പാണ് ശ്രദ്ധിക്കപ്പെടുന്നത്.

സംയുക്തയുടെ പ്രണയ സങ്കൽപ്പങ്ങൾ ബിജുവിനെ പരിചയപ്പെട്ടതോടെ മാറി മറിഞ്ഞുവെന്നാണ് ഊർമിള കുറിക്കുന്നത്. 'കുട്ടിക്കാലത്ത് നല്ല കുറുമ്പിയായിരുന്നു സംയുക്ത. എവിടെയായാലും ഉള്ള സ്ഥലത്ത് വേഗത്തിൽ വട്ടത്തിൽ ഓടുക വീഴുക ശരീരമാകെ മുറിവേൽപ്പിക്കുക അതാണ് ഹോബി. വീട്ടിൽ നിന്ന് നടക്കാവുന്ന ദൂരമേയുള്ളു സ്ക്കൂളിലേക്ക്.'
'വൃത്തിയായി ഒരുക്കിയാണ് അവളെ സ്ക്കൂളിലേക്ക് വിടുക. എൻ്റെ ചൂണ്ടുവിരൽ പിടിച്ച് നടക്കുമ്പോൾ അവൾ പറയും ഹോം വർക്ക് ചെയ്യുമ്പോൾ അമ്മ എന്നെ കുറെ ചീത്ത പറഞ്ഞുവെന്ന്. എന്നെ അത്രക്ക് ഇഷ്ടമല്ലെങ്കിൽ ചുരുട്ടി കൂട്ടി വയറ്റിലേക്ക് ഇട്ടോളൻ പറയൂ അമ്മയോട്... എനിക്കു താത്താതെയ്യെ മാത്രമെ ഇഷ്ടമുള്ളു. സ്ക്കൂളിൽ നിന്ന് തിരിച്ച് വരുമ്പോൾ അവളുടെ രൂപമൊന്ന് കാണണം... തലമുടിയൊക്കെ ഷോക്കടിച്ച പോലെ പൊങ്ങി നിൽക്കുന്നുണ്ടാവും.'
'മേലാസകലം ചെളി പുരണ്ടിരിക്കും. ഷൂസിൻ്റെ ലേസ് കൂട്ടികെട്ടി തോളിലിട്ടിരിക്കും. അവൾക്ക് 14 വയസായി... ഹിന്ദി പാട്ടുകൾ ടിവിയിൽ കണ്ടിരിക്കുമ്പോൾ സംയുക്ത എന്നോടു പറഞ്ഞു. മീശയില്ലാത്ത മിനുമിനാ മുഖമുള്ള ഒരാളെ താത്താതൈ എനിക്ക് കണ്ട് പിടിച്ചുതരണം... പ്രേമിക്കാനാ... ഉമചേച്ചി എന്നെ അടുക്കളയിൽ നിന്ന് കണ്ണുരുട്ടി നോക്കി.'
'സംയുക്ത സിനിമാ താരമായി. അവൾക്ക് തിരക്കായി. എൻ്റെ ഒരു സുഹൃത്ത് എന്നെ വിളിച്ച് പറഞ്ഞു സംയുക്തയും ബിജു മേനോനും പ്രണയത്തിലാണെന്ന് കേൾക്കുന്നല്ലോ ഊർമ്മിളേ... ഞാൻ പൊട്ടിച്ചിരിച്ചു... ചുമ്മാ... ഒന്നാമത്തെ കാര്യം അവൾ പ്രണയിക്കുന്നത് പോലും എന്നോട് ചോദിച്ചിട്ടായിരിക്കും... പിന്നെ മിനുമിനാ മുഖമുള്ളയാൾ വേണമല്ലോ. അല്ലാതെ രോമേശ്വരനായ ബിജുവിനെ അവൾക്ക് ശരിയാവുമോ?.'

'നമ്മുടെ മനസിൽ കുട്ടികൾ വലുതാവലേയില്ല. ഞാനെന്ത് മണ്ടിയാണ് അവൾ പ്രണയമൊക്കെ എന്നോട് പറയുമെന്ന് കരുതി വെറുതെ കാത്തിരുന്നു. അവരുടെ ഇരുപതാം വിവാഹ വാർഷികം വന്നെത്തി. ഞാൻ സംയുക്തയോട് ചോദിച്ചു. എങ്ങിനെ പോകുന്നു കുടുംബ ജീവിതം... അവൾ പറഞ്ഞു... ചിലർ നമ്മുടെ ജീവിതത്തിൽ എത്തുമ്പോൾ മുതൽ നമുക്ക് ഒരു ഉത്തരവാദിത്വം അനുഭവപ്പെടും.'
'അത് തോന്നിയാൽ ആ ബന്ധം നിലനിൽക്കും. സ്നേഹത്തിന് വേണ്ടിയുള്ള വിട്ടുവീഴ്ചകളാണ് പിന്നീടങ്ങോട്ട്. ഞാനിപ്പോൾ സംയുക്തയല്ല... സംതൃപ്തയാണ് താത്താതൈ. ഞാൻ കുസൃതി ചോദ്യം ചോദിച്ചു... അപ്പോൾ മിനുമിനുത്ത മുഖമുള്ളയാൾ? അവൾ പൊട്ടി ചിരിച്ചു എന്നിട്ട് മമ്മൂക്കയുടെ വാക്കുകൾ കടമെടുത്തു. ഭാര്യാഭർത്തൃബന്ധമെന്ന് പറയുന്നത് ഒരു രക്തബന്ധമല്ല.'
'പക്ഷെ എല്ലാ ബന്ധങ്ങളും ജീവിതവും ഒക്കെ തുടങ്ങുന്നത് ഒരു വിവാഹബന്ധത്തിൽ നിന്നാണ്. പരസ്പരം മനസിലാക്കുന്ന ഒരു ജീവിത പങ്കാളിയുണ്ടെങ്കിൽ പിന്നെ ജീവിതം സുന്ദരം... ജന്മങ്ങൾക്കപ്പുറമെന്നോ ഒരു ചെമ്പകം പൂക്കും സുഗന്ധം...', എന്നായിരുന്നു ഊർമിള ഉണ്ണിയുടെ കുറിപ്പ്. എന്ത് രസമാണ് ഊർമ്മിളേ കുറിപ്പ് വായിക്കാൻ. സംയുക്തക്കും ബിജുവിനും ഹൃദ്യമായ വിവാഹ വാർഷിക ആശംസകൾ എന്നൊക്കെയാണ് ആരാധകർ കമന്റായി കുറിച്ചത്.


Click it and Unblock the Notifications











