ഉറുമിയെ നശിപ്പിച്ചത് ഇവരിൽ ആര്? ജഗതിയുടെ സൂക്ഷ്മത, പക്ഷെ...; ഹിറ്റാകേണ്ടിയിരുന്ന സിനിമയ്ക്ക് സംഭവിച്ചത്
തിയറ്ററിൽ സ്വീകാര്യത ലഭിക്കാതെ പോയി പിന്നീട് ഒടിടി സ്ട്രീമിംഗിന് ശേഷം ജനശ്രദ്ധ നേടുന്ന നിരവധി സിനിമകൾ ഇപ്പോഴുണ്ട്. ഒടിടിയുടെ സാന്നിധ്യം തിയറ്റർ പെർഫോമൻസ് എന്ന സമ്മർദ്ദത്തെ കുറയ്ക്കാനും ഇന്ന് ഉപകരിക്കുന്നു. തിയറ്ററിലെ പ്രകടനം കൊണ്ട് മാത്രം ഇന്നൊരു സിനിമയെ വിലയിരുത്താനാകില്ല. മുമ്പും ഇതേ സാഹചര്യമുണ്ടായിരുന്നു. മുമ്പ് തിയറ്ററിൽ ചലനമുണ്ടാക്കാതെ പോയ പല സിനിമകൾക്കും ഇന്ന് സോഷ്യൽ മീഡിയയിൽ പ്രശംസ ലഭിക്കുന്നു. ഇതിനുഹാരണമാണ് 2011 ൽ പുറത്തിറങ്ങിയ ഉറുമി. മിത്തും റിയാലിറ്റിയും ഭൂതകാലവുമെല്ലാം ഇഴ ചേർന്നുള്ള കഥയായിരുന്നു ഉറുമിയിലേത്.
പൃഥിരാജ് നായകനായെത്തി സന്തോഷ് ശിവൻ സംവിധാനവും സിനിമാേട്ടോഗ്രഫിയും ചെയ്ത ഉറുമി ഹിസ്റ്റോറിക്കൽ ഡ്രാമ വിഭാഗത്തിൽ മോളിവുഡിന് എടുത്ത് പറയാൻ പറ്റുന്ന സിനിമയാണ്. പൃഥിരാജ്, പ്രഭുദേവ, ജഗതി ശ്രീകുമാർ, ജെനീലിയ ഡിസൂസ, നിത്യ മേനോൻ, വിദ്യ ബാലൻ, ആര്യ എന്നിവർ പ്രധാന വേഷത്തിലെത്തിയ ഉറുമിയിൽ തബു ഗാനരംഗത്തിലുമെത്തി.

ഇത്രയും വലിയ സ്റ്റാർ കാസ്റ്റ് അന്ന് ഏവരിലും കൗതുകമുണർത്തി. എന്നാൽ കേരളത്തിൽ ഉറുമി കാര്യമായ ചലനമുണ്ടാക്കിയില്ല. എന്താണ് ഉറുമിക്ക് പറ്റിയ പിഴവെന്ന ചോദ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. പെർഫോമൻസ്, മികച്ച സംവിധാനം, സിനിമോട്ടോഗ്രാഫിയിലെ സന്തോഷ് ശിവൻ മാജിക്, ദീപക് ദേവിന്റെ സംഗീതം എന്നിവയെല്ലാം ഉറുമിയുടെ പ്രധാന മേൻമകളായിരുന്നു.
ഉറുമിയിൽ അവിസ്മരണീയ പ്രകടനം കാഴ്ച വെച്ചത് നടൻ ജഗതി ശ്രീകുമാറാണ്. ചേണിച്ചേരി കുറുപ്പ്, മുഖ്യമന്ത്രി എന്നീ രണ്ട് കഥാപാത്രങ്ങളായാണ് ജഗതി ഉറുമിയിലെത്തിയത്. സ്ത്രെെണതയുള്ള കൂർമ്മബുദ്ധിക്കാരനായ ചേണിച്ചേരി കുറുപ്പായി ജഗതി തകർത്തഭിനയിച്ചു. ഉറുമിയിലെ ജഗതിയുടെ സൂക്ഷ്മാഭിനയം ചൂണ്ടിക്കാണിക്കുന്നവർ ഏറെയാണ്.

ചിത്രത്തിൽ ചെറുതെങ്കിലും വലിയ ശ്രദ്ധ ലഭിച്ച മറ്റൊരു കഥാപാത്രം നിത്യ മേനോൻ ചെയ്ത ചിറയ്ക്കൽ ബാലയാണ്. നിത്യയുടെ വശ്യ സൗന്ദര്യം ഈ കഥാപാത്രത്തിന് മിഴിവേകി. ചിമ്മി ചിമ്മി എന്ന ഗാനവും നിത്യയുടെ സൗന്ദര്യവും അക്കാലത്ത് ഏറെ ചർച്ചയായി. പൃഥ്വിരാജ് ലുക്കിലും പെർഫോമൻസിലും മികച്ച് നിന്നു.
ഇതൊക്കെയുണ്ടായിട്ടും ഉറുമി സ്വീകരിക്കപ്പെടാതെ പോയതിന് പ്രേക്ഷകർ ചൂണ്ടിക്കാണുന്ന പ്രധാന ഘടകം ഡയലോഗുകളാണ്. പ്രേക്ഷകരെ ഒരു തരത്തിലും ഉറുമിയിലെ ഡയലോഗുകൾ ആകർഷിച്ചില്ല. അർത്ഥഗർഭമായ ഡയലോഗുകൾ ഉറുമിക്ക് ക്ലാസിക്കൽ ടച്ച് നൽകി. എന്നാൽ പ്രേക്ഷകരിൽ വലിയൊരു വിഭാഗത്തിനും ഇത് രസിച്ചില്ല. ഡയലോഗുകൾ ഉറുമിയെ നാടകീയമാക്കി. അതേസമയം ഇപ്പോഴത്തെ ചർച്ചകളിൽ ഉറുമിയിലെ ഡയലോഗുകളെ പ്രശംസിക്കുന്നവർ ഏറെയാണ്. ശങ്കർ രാമകൃഷ്ണനാണ് ഉറുമിയുടെ തിരക്കഥയെഴുതിയത്.
പ്രഭുദേവയുടെയും ജെനീലിയയുടെയും കാസ്റ്റിംഗ് തെറ്റായിപ്പോയെന്നും അഭിപ്രായം വരുന്നുണ്ട്. രണ്ട് കാലഘട്ടങ്ങളിലായുള്ള വാവലി, തൻസീർ എന്നീ കഥാപാത്രങ്ങളാണ് പ്രഭുദേവ അവതരിപ്പിച്ചത്. ഈ രസികൻ കഥാപാത്രങ്ങൾ പക്ഷെ പ്രേക്ഷകർക്കിഷ്ടപ്പെട്ടില്ല. ജെനീലിയയുടേത് തീർത്തും മിസ് കാസ്റ്റ് ആയെന്നും അഭിപ്രായമുണ്ട്. സ്ക്രീൻ പ്രസൻസിൽ ജെനീലിയ മികച്ച് നിന്നെങ്കിലും ഡയലോഗുകൾ വരുമ്പോഴുള്ള പാകപ്പിഴ പലരും ചൂണ്ടിക്കാട്ടി. ഡബ്ബിംഗും ലിപ്സിങ്കും ചേർന്നില്ല.
വടക്കൻ വീരഗാഥയിലെ ഉണ്ണിയാർച്ചയെ അവതരിപ്പിച്ച മാധവിയുടെ പെർഫോമൻസ് ജെനീലിയക്ക് പറ്റിയ പിഴവുകൾ ചൂണ്ടിക്കാണിക്കവെ പ്രേക്ഷകർ ഉദാഹരണമാക്കുന്നുമുണ്ട്. ശക്തയായ സ്ത്രീയെ അവതരിപ്പിക്കുന്നതിന് ഇത്രയും 'മസിൽ' പിടിക്കേണ്ടതില്ല, മാധവി അനായാസമായി അത് ചെയ്തു. എന്നാൽ ജെനീലിയക്ക് സാധിച്ചില്ലെന്നാണ് അഭിപ്രായം. അതേസമയം നടിയുടെ പ്രകടനത്തെ പ്രശംസിക്കുന്നവരുമുണ്ട്.
പ്രേക്ഷകർ 2011 ൽ അവഗണിച്ചത് മലയാള സിനിമാ ലോകത്തിന് അഭിമാനിക്കാവുന്ന ക്ലാസിക് ചിത്രമാണ് റെഡിറ്റിലെ ചർച്ചകളിൽ പലരും അഭിപ്രായപ്പെട്ടു. ഇന്നായിരുന്നു റിലീസെങ്കിൽ ഇന്ത്യൻ സിനിമാ ലോകം ഒന്നടങ്കം ഉറുമിയെക്കുറിച്ച് സംസാരിച്ചേനെയെന്ന് അഭിപ്രായമുണ്ട്. അതേസമയം അക്കാലത്ത് തെലുങ്കിൽ മൊഴി മാറ്റി റിലീസ് ചെയ്പ്പോൾ ഉറുമി വൻ ഹിറ്റായിരുന്നു.


Click it and Unblock the Notifications











