തിരിച്ചറിയാൻ ഒരുപാട് കാലമെടുത്തു,വളരെ ബുദ്ധിമുട്ടായിരുന്നു, എല്ലാം നല്ലതിന്: ഉർവശി
കരിയറിലെ തിരക്കുകളിലാണ് നടി ഉർവശി. ഉള്ളൊഴുക്കിലെ പ്രകടനത്തിന് മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരത്തിന് ഉർവശി അർഹയായി. കരിയറിലെ താരത്തിളക്കത്തിനപ്പുറം ജീവിതത്തിൽ പല വിഷമഘട്ടങ്ങളും ഉർവശി നേരിട്ടിട്ടുണ്ട്. ഗോപിനാഥുമായുള്ള പുതിയ അഭിമുഖത്തിൽ തന്റെ ജീവിതത്തെക്കുറിച്ച് ഉർവശി തുറന്ന് സംസാരിക്കുന്നുണ്ട്. അമ്മയായ ശേഷം കരിയറിൽ നിന്നെടുത്ത ഇടവേളയെക്കുറിച്ചും വിവാഹമോചനത്തെക്കുറിച്ചും നടി സംസാരിച്ചു.
ഇടവേളയെടുത്തപ്പോഴും ഞാൻ ബിസിയായിരുന്നു. എനിക്ക് പാചകം ചെയ്യലും വീട്ടുജോലികളും ഇഷ്ടമാണ്. എന്റെ രണ്ട് മക്കളെയും വേറെ ആരുമല്ല നോക്കിയത്. എന്റെ മടിയിൽ വെച്ച് ഞാൻ തന്നെ കുളിപ്പിക്കും. അവരുടെ തുണി പോലും മറ്റൊരാളെക്കൊണ്ട് കഴുകിച്ചിട്ടില്ല. അവരെ ബാത്ത് റൂമിൽ കൊണ്ട് പോകുന്നതും ഭക്ഷണം കൊടുക്കുന്നതും മറ്റാരും ചെയ്യുന്നത് എനിക്കിഷ്ടമല്ല. ഞാൻ തന്നെ ചെയ്യും. സ്കൂളിൽ പോകുന്നത് വരെയും അവരെ ഷൂട്ടിംഗിൽ ഒപ്പം കാെണ്ട് പോകും. അവരെ ഫീഡ് ചെയ്യും. ആ പ്രായം വരെ അവരെ ഫീഡ് ചെയ്തിട്ടുണ്ട്.

മകളെ പത്ത് മാസം ഗർഭിണിയായിരിക്കെ അഭിനയിച്ചിട്ടുണ്ടെന്നും ഉർവശി പറയുന്നു. ഇളയ മകനെ ഗർഭിണിയായപ്പോൾ ഉത്തമവില്ലൻ എന്ന സിനിമ ചെയ്തു. ആദ്യ വിവാഹ ബന്ധത്തിൽ പ്രശ്നങ്ങൾ നേരിട്ട കാലത്തെക്കുറിച്ചും ഉർവശി അഭിമുഖത്തിൽ സൂചിപ്പിച്ചു. എല്ലാവരും നമ്മളെ മനസിലാക്കില്ല. എനിക്ക് മനസിലായവർക്കൊപ്പം ഞാൻ വർക്ക് ചെയ്തിട്ടുണ്ട്. എന്നെ മനസിലായവർക്കൊപ്പം വളരെ കുറച്ച് മാത്രമേ ജോലി ചെയ്തിട്ടുള്ളൂ.
എന്നെ മനസിലാക്കാത്തത് തെറ്റല്ല. കയ്പ്പേറിയ അനുഭവങ്ങൾ ആരോടും പങ്കുവെക്കാൻ എനിക്ക് താൽപര്യമില്ല. അത് വലിയ മെെനസായി. ഇപ്പോഴും എന്റെ സുഹൃത്തുക്കളുടെ ഒരുപാട് പ്രശ്നങ്ങൾ ഞാനാണ് പരിഹരിക്കാറ്. പക്ഷെ അവർ എന്റെ പ്രശ്നങ്ങൾ പരിഹരിക്കുന്നത് ശരിയല്ലെന്ന് എനിക്ക് തോന്നി. ഇത്രയും ബുദ്ധിമതിയാണെന്ന് പറഞ്ഞിട്ടും ഇവൾക്കിത് അറിയില്ലേ എന്ന് ചിന്തിക്കുമെന്ന് കരുതി.

എല്ലാം നല്ലതിനാണെന്ന് കരുതുന്നു. സ്വർണത്തിന്റെ മൂല്യം നോക്കി രൂപയെ നിർണയിക്കുന്ന നാടാണിത്. എന്നാൽ വീട്ടിൽ ആണി അടിക്കണമെങ്കിൽ സ്വർണ ആണി ആയിരിക്കില്ല. ഇരുമ്പിന്റെ ആണിയാണ്. ജീവിതത്തിന് ബലം തരുന്നത് കയ്പ്പേറിയ അനുഭവങ്ങളാണ്. ജീവിതത്തിൽ എനിക്കെല്ലാം എളുപ്പത്തിൽ ലഭിച്ചു.
കഷ്ടങ്ങൾ മനസിലാക്കാൻ ദെെവം എന്തെങ്കിലും തരും. അങ്ങനെയാണ് താൻ കരുതുന്നതെന്നും ഉർവശി പറയുന്നു. വളരെ കാലം കഴിഞ്ഞ ശേഷമാണ് എനിക്കിതെല്ലാം മനസിലായത്. കുറച്ച് കഷ്ടപ്പെട്ട ശേഷമാണ് മനസിലായത്. എനിക്ക് മനസിലാക്കി തരാൻ ദെെവം ചെയ്തതാണ്. ഇത് ആരാണ്, എപ്പോൾ വരെ നമുക്കൊപ്പം ഉണ്ടാകുമെന്നെല്ലാം തിരിച്ചറിഞ്ഞെന്നും ഉർവശി വ്യക്തമാക്കി.നടൻ മനോജ് കെ ജയനാണ് ഉർവശിയുടെ ആദ്യ ഭർത്താവ്.
2000 ൽ വിവാഹിതരായ ഇരുവരും 2008 ൽ വേർപിരിഞ്ഞു. തേജാലക്ഷ്മി എന്നാണ് ഇവരുടെ മകളുടെ പേര്. മകളുടെ കസ്റ്റഡി അവകാശം സംബന്ധിച്ച് ഇരുവരും തമ്മിൽ തർക്കമുണ്ടായിരുന്നു. വിവാഹമോചനസമയത്ത് ഉർവശിക്ക് നേരെ പല ആരോപണങ്ങളും വന്നു. ജീവിതത്തിലെ ഏറ്റവും വിഷമമകരമായ നാളുകളായിരുന്നു ഉർവശിക്കത്. ശിവപ്രസാദ് എന്നാണ് ഉർവശി രണ്ടാമത് വിവാഹം ചെയ്തയാളുടെ പേര്. ഇരുവർക്കും ഇഷാൻ പ്രജാപതി എന്ന മകനുമുണ്ട്.
ഉർവശിയുടെ പാത പിന്തുടർന്ന് അഭിനയ രംഗത്തേക്ക് കടന്ന് വരികയാണ് മകൾ തേജാലക്ഷ്മി. ഉർവശിയെയു അനുജനെയും കാണാൻ തേജാലക്ഷ്മി ഇടയ്ക്കിടെ വരാറുണ്ട്. ജീവിതത്തിൽ ഏറെ വിഷമിച്ച നാളുകളിലും ഉർവശി സിനിമാ രംഗത്ത് സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഉർവശിയുടെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.


Click it and Unblock the Notifications