ഞാൻ കണ്ടഭാവം നടിക്കില്ല, ശിവൻ ചേട്ടനുമായാണ് മുഴുവൻ ചർച്ചയും; മകളെക്കുറിച്ച് ഉർവശി
മകൾ തേജാലക്ഷ്മിയുടെ സിനിമാ സ്വപ്നങ്ങളെക്കുറിച്ച് സംസാരിച്ച് നടി ഉർവശി. മകൾക്ക് അഭിനയ രംഗത്തേക്ക് കടന്ന് വരാൻ വലിയ ആഗ്രഹം പണ്ട് തൊട്ടേ ഉണ്ടായിരുന്നെന്ന് ഉർവശി പറയുന്നു. ഏഷ്യാനെറ്റ് ന്യൂസുമായുള്ള അഭിമുഖത്തിലാണ് പരാമർശം. കുഞ്ഞാറ്റ സിനിമയിലേക്ക് വരുമെന്ന് ഞാൻ പ്രതീക്ഷിച്ചതാണ്. അച്ചുവിന്റെ അമ്മയിലെ ഡയലോഗ് എനിക്ക് പോലും ഓർമയില്ല. അത് അവൾ ഡബ്സ്മാഷ് ചെയ്യുന്നത് കണ്ടപ്പോൾ ഇവൾ കോമഡി നന്നായി ചെയ്യുമെന്ന് വിചാരിച്ചു. ഈ രംഗത്തേക്ക് തന്നെ വരുമെന്ന് അറിയാമായിരുന്നു.
ഞാൻ കൂടുതൽ പ്രോമോട്ട് ചെയ്തില്ല. എന്റെ ഭർത്താവിനാണ് വീഡിയോ ചെയ്ത് അയക്കുക. ഉഗ്രനാണെന്ന് അദ്ദേഹം പറയും. ഞാൻ കണ്ടതായി ഭാവിക്കില്ല. കോമഡിയിലേക്കാണ് അവളുടെ ലക്ഷ്യം. നീ പഠിച്ചിട്ട് ശമ്പളം കിട്ടുന്ന ജോലി കണ്ടെത്തിയ ശേഷം മാത്രം അഭിനയം മതിയെന്ന് ഞാൻ പറഞ്ഞു. ശിവൻ ചേട്ടനുമായാണ് മുഴുവൻ പറച്ചിൽ. അവസാനമായപ്പോൾ അവളുടെ സുഹൃത്തുക്കൾ പറയാൻ തുടങ്ങി. അമ്മയ്ക്ക് 14 വയസായപ്പോൾ സിനിമയിലേക്ക് വരാമല്ലോ. നിനക്കെന്താണ് പ്രശ്നം, അമ്മയ്ക്ക് നിന്നോട് കുശുമ്പാണോ എന്നെല്ലാം അവർ ചോദിച്ചു. അങ്ങനെയാണ് മകൾ സിനിമാ രംഗത്തേക്ക് വരുന്നതെന്നും ഉർവശി പറയുന്നു.

സുന്ദരിയായവൾ സ്റ്റെല്ല എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് കടന്ന് വരികയാണ് തേജാലക്ഷ്മി. അമ്മയെ പോലെ നല്ല നടിയായി തേജാലക്ഷ്മി അറിയപ്പെടും എന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ. ഉർവശിക്ക് മുൻഭർത്താവ് മനോജ് കെ ജയനിൽ പിറന്ന മകളാണ് തേജാലക്ഷ്മി. മകളുടെ ജനനം തനിക്ക് മറക്കാനാകില്ലെന്നാണ് ഉർവശി ഒരിക്കൽ പറഞ്ഞത്.
എന്റെ കുഞ്ഞിന്റെ ജനനമാണ് ജീവിതത്തിലെ ഏറ്റവും സുഖമുള്ള ഓർമ. കുഞ്ഞിന്റെ മുഖം ആദ്യമായി കാണുമ്പോൾ അമ്മയ്ക്കുണ്ടാകുന്ന വികാരത്തിന്റെ ഉദാഹരണങ്ങൾ പറഞ്ഞ് കേട്ടിട്ടുണ്ട്. പക്ഷെ കേട്ട് കൊണ്ടിരിക്കുകയല്ലാതെ അതിന്റെ ആഴം നിശ്ചയിക്കാൻ നമുക്ക് പറ്റില്ല. ശരിക്കും ജീവിതത്തിൽ ആ വികാരം ഞാൻ അനുഭവിച്ചറിഞ്ഞു. ആ വേദന പിന്നെ മനസിലാകില്ല. ഏത് ഉറക്കത്തിലും മനസിൽ മായാത്ത സ്മരണ കുഞ്ഞിനെ ആദ്യം കണ്ട നിമിഷമാണെന്നും ഉർവശി അന്ന് പറഞ്ഞു.
അമ്മ സങ്കൽപ്പത്തോടുള്ള ആർത്തി കൊണ്ടാണ് ഞാൻ കല്യാണം കഴിച്ചതെന്നും ഉർവശി ഒരിക്കൽ പറഞ്ഞിരുന്നു. മകളോട് തനിക്കുള്ള വാത്സല്യത്തെക്കുറിച്ചും അന്ന് ഉർവശി സംസാരിച്ചു. എനിക്കത് മാത്രമായിരുന്നു വേണ്ടത്. എനിക്കെന്റെ കുഞ്ഞിനെ വേണം. ആ സ്വാർത്ഥതയ്ക്കാണ് ഞാൻ കല്യാണം കഴിച്ചത്. മകളെ കുളിപ്പിച്ചതും അവളുടെ വസ്ത്രങ്ങൾ കഴുകിയതുമെല്ലാം ഞാനാണ്. വേറൊരാൾ അതൊന്നും ചെയ്യരുതെന്നുണ്ടായിരുന്നു. രണ്ട് മക്കൾ പിറന്നപ്പോഴും അങ്ങനെയാണ്. ഞാൻ തന്നെ കഴുകി ഉണക്കിയിടും. അല്ലെങ്കിൽ ചേട്ടൻ കഴുകി ഉണക്കിയിടും. കാരണം അവർക്ക് അറപ്പ് തോന്നാൻ പാടില്ലെന്ന് തനിക്ക് തോന്നിയെന്നും ഉർവശി പറഞ്ഞു.


Click it and Unblock the Notifications















