പണം ഞാൻ കയ്യിൽ വെക്കില്ല, ഭർത്താവാണ് ചെലവുകൾ ചെയ്യുക; ഒരു ലക്ഷം കയ്യിലുണ്ടായാലും...; ഉർവശി
സിനിമകളുടെ തിരക്കുകളിലാണ് നടി ഉർവശി. തമിഴിലും മലയാളത്തിലും ഒന്നിന് പിറകെ ഒന്നായി ഉർവശിയുടെ സിനിമകൾ വരുന്നു. ഉർവശിയുടെ കരിയറിന് വലിയ പിന്തുണ നൽകുന്നയാളാണ് ഭർത്താവ് ശിവപ്രസാദ്. ഭർത്താവിനെക്കുറിച്ച് പുതിയ അഭിമുഖത്തിൽ ഉർവശി പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.
ഞാൻ വല്ലാതെ ചെലവാക്കുന്ന ആളാണ്. എന്റെ പഴ്സിൽ ഒരു ലക്ഷം രൂപയുണ്ടെങ്കിൽ പിറ്റേ ദിവസം ഒന്നുമുണ്ടാകില്ല. അതിനാൽ എന്റെ ഭർത്താവാണ് ചെലവുകൾ ചെയ്യുക. ഞാൻ ഷോപ്പിംഗിന് പോകില്ല. സമ്പാദിക്കുന്നത് ജീവിക്കുന്നതിനാണ്. ഒന്നും ചെലവാക്കാതെ ബാങ്കിൽ ഇട്ട് വെച്ചിട്ട് എന്ത് കാര്യം. എന്നാൽ ആവശ്യമില്ലാതെ സാധനങ്ങൾ വാങ്ങുകയും ഷോപ്പിംഗ് ചെയ്യുകയും ബ്യൂട്ടി പാർലറിൽ പോകുകയും ചെയ്യുന്ന ശീലം എനിക്കില്ല.

ബ്യൂട്ടി പാർലറിൽ പോയിട്ട് ഏറെ നാളായി. ആർട്ടിസ്റ്റിന് അതെല്ലാം ആവശ്യമാണ്. എന്നാൽ ഞാൻ ചെയ്യുന്ന നാച്വറൽ ക്യാരക്ടറുകൾക്ക് അതൊന്നും ആവശ്യമില്ല. മലയാളത്തിൽ അധികം മേക്കപ്പിടാൻ സമ്മതിക്കില്ല. അങ്ങനെ വന്നതിനാൽ കുറച്ച് മേക്കപ്പ് ചെയ്താലും അധികം മേക്കപ്പ് ചെയ്തത് പോലെ തോന്നുമെന്നും ഉർവശി പറയുന്നു.
അന്തരിച്ച ഭർതൃമാതാവിനെക്കുറിച്ചുള്ള ഓർമകൾ മുമ്പൊരിക്കൽ നൽകിയ അഭിമുഖത്തിൽ ഉർവശി സംസാരിച്ചിരുന്നു. സ്വന്തം അമ്മയെ പോലെയായിരുന്ന ഭർതൃമാതാവിനൊപ്പം നല്ല ഓർമകൾ തനിക്കുണ്ടെന്ന് ഉർവശി പറയുന്നു. ജനം ഓൺലെെനിൽ സംസാരിക്കുകയായിരുന്നു നടി.
ക്ലാസ്മേറ്റിനെ പോലെയായിരുന്നു അമ്മയെ ഞാൻ വിളിക്കുക. ഹായ് മംഗളം, ഹൗ ആർ യു എന്ന് ചോദിക്കും. സ്മാർട്ടായിരിക്കണമെന്ന് പറഞ്ഞാൽ ഓക്കെ ഓക്കെ എന്ന് പറയും. നാട്ടിൻ പുറത്തെ അമ്മയാണ്. ഞാൻ വന്നാൽ ചേട്ടന്റെ അച്ഛനെ വിളിക്കും. അണ്ണാ ഇങ്ങോട്ട് വന്നേ, അവൾക്ക് പുഴുക്ക് വേണമെന്ന്, ചേനയും കാച്ചിലുമൊക്കെ പറിച്ച് കൊണ്ട് വാ എന്ന് പറയും. അതൊക്കെ പറമ്പിൽ തന്നെയുണ്ട്. എരിവുള്ള മുളകൊക്കെയിട്ട് പ്രത്യേക ചമ്മന്തിയുമുണ്ടാക്കും. ആ കെയർഓഫിൽ അമ്മയും കഴിക്കും. അമ്മയ്ക്ക് കഴിച്ച് കൂടാ. ഷുഗറുണ്ട്. ഞാൻ കുറച്ചല്ലേ മക്കളേ കഴിക്കുന്നതെന്ന് ചോദിക്കും.
അത്ര സ്നേഹമാണ് എന്നോട്. അവരുടെ പെൺമക്കളോട് കമ്മ്യൂണിക്കേറ്റ് ചെയ്യാത്ത കാര്യങ്ങളെല്ലാം എന്നോടാണ് അമ്മ പറയുക. ലോക്ഡൗൺ സമയത്ത് ഒരു അയവുണ്ടായപ്പോൾ രണ്ട് മാസത്തോളം ഞാൻ അവിടെ പോയി നിന്നു. ആ രണ്ട് മാസമാണ് അമ്മയുടെ സുവർണ കാലഘട്ടം. കാരണം വേറെ ശല്യങ്ങളൊന്നുമില്ല. ആരും അങ്ങോട്ടും ഇങ്ങോട്ടും പോക്കും വരവുമൊന്നുമില്ല. അമ്മയ്ക്ക് ഇഷ്ടമുള്ളതൊക്കെ എനിക്ക് വെച്ച് തരും. കുറേ നല്ല ഓർമകളുണ്ടായി. അതും ഒരു ഭാഗ്യമാണ്. ഞാൻ വഴക്കുണ്ടാക്കാമെന്ന് വിചാരിച്ചാലും അമ്മ വഴക്കുണ്ടാക്കാത്ത ആളാണെന്നും അന്ന് ഉർവശി പറഞ്ഞു.
സാധാരണക്കാരാണ് തന്റെ ഭർത്താവും കുടുംബവും എന്നാണ് ഉർവശി പറയാറുള്ളത്. ഉർവശിയെ നായികയാക്കി എൽ ജഗദമ്മ ഏഴാം ക്ലാസ് ബി എന്ന സിനിമ ശിവപ്രസാദ് സംവിധാനം ചെയ്തിട്ടുണ്ട്. 2013 ലായിരുന്നു ഉർവശിയും ശിവപ്രസാദും തമ്മിലുള്ള വിവാഹം. ഇഷാൻ പ്രജാപതി എന്ന മകനും ഇവർക്കുണ്ട്. 2008 ലാണ് ഉർവശിയും മുൻഭർത്താവ് മനോജ് കെ ജയനും വേർപിരിഞ്ഞത്.


Click it and Unblock the Notifications