എനിക്ക് എപ്പോൾ വേണമെങ്കിലും എഴുന്നേൽക്കാം, എല്ലാം ഭർത്താവ് നോക്കും; വിവാഹ ജീവിതത്തെക്കുറിച്ച് ഉർവശി
അഭിനയത്തിൽ ഉർവശിക്ക് പകരക്കാരിയില്ലെന്ന് സിനിമാ പ്രേക്ഷകർ പറയാറുണ്ട്. കമൽ ഹാസൻ, ശ്രീദേവി തുടങ്ങിയ പ്രഗൽഭരെല്ലാം ഉർവശിയുടെ അഭിനയ മികവിനെ പ്രശംസിച്ചിട്ടുണ്ട്. ഈ വർഷത്തെ മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരം ഉർവശിക്കാണ്. കരിയറിൽ എല്ലാ കാലഘട്ടത്തിലും ശ്രദ്ധേയ വേഷങ്ങൾ ഉർവശിക്ക് ലഭിച്ചിട്ടുണ്ട്. ഒരിക്കൽ പോലും ഉർവശി ഫീൽഡ് ഔട്ട് ആയെന്ന് പ്രേക്ഷകർ പറഞ്ഞിട്ടില്ല. എൺപതുകളിലും തൊണ്ണൂറുകളിലും നായികമാരായി തിളങ്ങിയ പല നടിമാർക്കും ഈ ഭാഗ്യം ലഭിച്ചിട്ടില്ല. ഉർവശിയുടെ കരിയറിന് വലിയ പിന്തുണ നൽകിക്കൊണ്ട് ഭർത്താവ് ശിവപ്രസാദ് ഒപ്പമുണ്ട്. 2013 ലാണ് ശിവപ്രസാദും ഉർവശിയും വിവാഹിതരായത്. ഇഷാൻ പ്രജാപതി എന്നാണ് ഇവർക്ക് പിറന്ന മകന്റെ പേര്.
ഭർത്താവിനെക്കുറിച്ച് ഉർവശി ഗോബിനാഥുമായുള്ള പുതിയ അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. വീട്ടിലെ എല്ലാ കാര്യങ്ങളും ഭർത്താവ് നോക്കുമെന്ന് ഉർവശി പറയുന്നു. എന്റെ ഭർത്താവ് ശിവപ്രസാദ് എനിക്ക് വലിയ സപ്പോർട്ടാണ്. അതിനാൽ ഞാനെന്റെ ഇഷ്ടത്തിന് ഉറങ്ങും. അദ്ദേഹം എല്ലാം നോക്കും. ഷൂട്ടിംഗില്ലെങ്കിൽ ഞാൻ എപ്പോൾ വേണമെങ്കിലും എഴുന്നേൽക്കും. വീട്ടിലെ മറ്റൊരു കാര്യത്തിലും ഞാൻ തലയിടില്ല. കറണ്ട് ബില്ലും ഫോൺ ബില്ലുമെല്ലാം അദ്ദേഹം അടയ്ക്കും. എന്നാൽ ഇതൊന്നുമില്ലാതെ ഞാൻ ഒറ്റയ്ക്ക് നിന്ന സമയമുണ്ട്. എല്ലാം നോക്കി നടത്തേണ്ടി വന്ന സമയം. ഇതും കടന്ന് പോകും എന്ന് അമ്മ പറയും. എല്ലാം നല്ലതിനെന്ന് പറയുന്ന പഴയൊരു കഥ പറയും. നമ്മളെ നമ്മൾ തന്നെ വിശ്വസിക്കുന്നത് വലിയ കാര്യമാണ്.

ഒന്നുകിൽ ദെെവത്തെ വിശ്വസിക്ക് അല്ലെങ്കിൽ നിന്നിൽ വിശ്വസിക്ക് എന്നതാണ് എന്റെ രീതി. ഞാൻ എന്റെ ദെെവത്തിൽ വിശ്വസിക്കുന്നു. ഇതുവരെ ദെെവം എന്നെ മുന്നോട്ട് കൊണ്ട് പോയി. സിനിമയിലെയും ജീവിതത്തിലെയും തിരിച്ചടികളെ നേരിടുന്നതിനെക്കുറിച്ച് സംസാരിക്കവെയാണ് പരാമർശം. സിനിമയിലെ തിരിച്ചടി നേരിട്ട് മുന്നോട്ട് പോകാം. എന്നാൽ ജീവിതത്തിലുണ്ടാകുന്ന തിരിച്ചടികൾ നേരിടുക എളുപ്പമല്ല. സിനിമ ഒരുപാട് പേരുടെ അധ്വാനം കൊണ്ട് ഉണ്ടാകുന്നതാണ്. ഒരാളെ മാത്രം ബാധിക്കുന്നതല്ല. എല്ലാവരെയും ബാധിക്കും. പക്ഷെ ജീവിതത്തിൽ നമ്മൾ തന്നെ പരിഹരിക്കേണ്ട പ്രശ്നങ്ങൾ വരുമ്പോൾ അവിടെ ബാലൻസ് ചെയ്യാൻ നമ്മൾ ബുദ്ധിമുട്ടും.
പ്രശ്നങ്ങൾ മനുഷ്യർ ഒറ്റയ്ക്ക് നേരിടണം. നിങ്ങൾക്കുള്ളിലുള്ള വേദനയുടെ അളവ് എനിക്കെങ്ങനെ അറിയാം. അത് നിർണയിക്കാനുള്ള ഒരു കണ്ടുപിടിത്തവും ഇല്ല. അതിനാൽ നമ്മളുടെ പ്രശ്നങ്ങൾ നമ്മൾ തന്നെ അഭിമുഖീകരക്കണമെന്നും ഉർവശി വ്യക്തമാക്കി. നടൻ മനോജ് കെ ജയനാണ് ഉർവശിയുടെ ആദ്യ ഭർത്താവ്. ഇവർക്ക് പിറന്ന മകളാണ് തേജാലക്ഷ്മി. അമ്മയെ കാണാൻ തേജാലക്ഷ്മി ഇടയ്ക്കിടെ എത്താറുണ്ട്. ആശ എന്നാണ് മനോജ് കെ ജയന്റെ രണ്ടാമത്തെ ഭാര്യയുടെ പേര്. ഇരുവർക്കും ഒരു മകനുണ്ട്. ആശയുടെയും രണ്ടാം വിവാഹമായിരുന്നു ഇത്.

പ്രശ്നകലുഷിതമായാണ് മനോജ് കെ ജയനും ഉർവശിയും പിരിഞ്ഞതെങ്കിലും ഇപ്പോൾ ഇവർ തമ്മിൽ പ്രശ്നങ്ങളൊന്നുമില്ല. അടുത്തിടെ ഒരു പ്രസ്മീറ്റിൽ ഉർവശിയെക്കുറിച്ച് സംസാരിക്കവെ മനോജ് കെ ജയന്റെ വാക്കുകളിടറിയത് വാർത്തയായിരുന്നു. സുന്ദരിയായവൾ സ്റ്റെല്ല എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് കടന്ന് വരാനൊരുങ്ങുകയാണ് തേജാലക്ഷ്മി. ഉർവശി മലയാളത്തിലും തമിഴിലുമായി സിനിമകളുടെ തിരക്കിലാണ്. ഉള്ളൊഴുക്ക്, ജെ ബേബി എന്നിവയാണ് അടുത്ത കാലത്തിറങ്ങിയ ഉർവശിയുടെ ശ്രദ്ധേയ സിനിമകൾ. ഉള്ളൊഴുക്കിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരവും മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരവും ഉർവശിക്ക് ലഭിച്ചു.


Click it and Unblock the Notifications