മോശമായി പോയെന്ന് പറയും, വല്ലാത്തൊരു അന്തരീക്ഷമാകും വീട്ടിൽ; സ്വഭാവം മാറുന്നതിന് കാരണം കുടുംബം: ഉർവശി
അഭിനയ രംഗത്ത് സജീവമായ ഉർവശിക്ക് ശ്രദ്ധേയമായ കഥാപാത്രങ്ങൾ തുടരെ ലഭിക്കുന്നുണ്ട്. എൺപതുകളിൽ അഭിനയ രംഗത്തേക്ക് വന്ന ഉർവശി പിന്നീട് തെന്നിന്ത്യയൊട്ടാകെ അറിയപ്പെടുന്ന നായികയായി മാറിയത് പ്രേക്ഷകർ കണ്ടതാണ്. ഇക്കാലയളവിൽ ഉർവശിയുടെ ജീവിതത്തിലും കരിയറിലുമുണ്ടായ സംഭവ വികാസങ്ങൾ ജനം കണ്ടിട്ടുണ്ട്. അന്നും ഇന്നും ആരാധകർക്ക് ഉർവശി പ്രിയങ്കരിയാണ്. താര ജാഡകളോടെ ഒരിക്കലും ഉർവശിയെ ജനം കണ്ടിട്ടില്ല. ഈ സ്വഭാവ സവിശേഷതയെക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ ഉർവശി. ചെറുപ്പം തൊട്ടെ വീട്ടിൽ നിന്നും പഠിപ്പിച്ച കാര്യമാണതെന്ന് ഉർവശി പറയുന്നു. മെെൽസ്റ്റോൺ മേക്കേർസിന് നൽകിയ അഭിമുഖത്തിലാണ് നടി മനസ് തുറന്നത്.
നമ്മുടെ സ്വഭാവം മാറുന്നതിൽ നമ്മുടെ കുടുംബം ഒരു വലിയ കാര്യമാണ്. നമ്മുടെ മാറ്റം ആവശ്യമാണ് എന്ന് ധരിക്കുന്ന കുടുംബമാണെങ്കിൽ തീർച്ചയായും നമ്മൾ മാറിപ്പോകും. നമ്മൾ ലെെം ലെെറ്റിലാണ് അവിടെ പ്രത്യേക പെരുമാറ്റം വേണം എന്നൊക്കെ ഓർമ്മിപ്പിക്കുന്നവരല്ല എന്റെ വീട്ടുകാർ. എന്തുപറ്റി സംസാരമൊക്കെ മാറി വരുന്നു എന്ന് നമ്മളെ ഓർമ്മിപ്പിക്കും. മുട്ടു വേദന വന്നപ്പോൾ ഡോക്ടർ പറഞ്ഞത് കാലിൻമേൽ കാൽ കയറ്റി ഇരിക്കാനാണ്. പക്ഷെ എന്റെ വീട്ടിൽ സമ്മതിക്കില്ല. എന്തുപറ്റി മക്കളേ കാൽ ഭാരമായി തോന്നുന്നോ ചോദിക്കും. എന്നാലും ആരുമില്ലാത്തപ്പോൾ ഞാനങ്ങനെ ഇരിക്കും.

നല്ല വിദ്യഭ്യാസമുള്ളയാളാണ് അമ്മ. പക്ഷെ പറഞ്ഞ് തരുന്നത് ഇങ്ങനെയാണ്. കുറച്ച് പരുക്കമായി സംസാരിച്ചാൽ കുടുംബത്തിലെ എല്ലാവരും എതിർക്കും. അങ്ങനെ സംസാരിച്ചത് ഭയങ്കര മോശമായി പോയി എന്ന് പറയും. വല്ലാത്തൊരു അന്തരീക്ഷമാകും വീട്ടിൽ. നമ്മുടെ ഓപ്പോസിറ്റുള്ള ആളെ വ്രണപ്പെടുത്താതെ പെരുമാറിയേ പറ്റൂ എന്ന ചിന്ത അറിയാതെ മനസിൽ കിടക്കുകയാണ്. കുറേ ഇറിറ്റേഷൻ വരുമ്പോൾ അറിയാതെ കുറച്ച് പ്രകടിപ്പിച്ച് പോകും. കുറച്ച് കഴിയുമ്പോൾ അമ്മയെയും വീട്ടിലുള്ളവരെയും ഓർക്കും. കുടുംബാന്തരീക്ഷങ്ങൾ പെരുമാറ്റത്തിൽ വലിയ ഘടകമാണെന്നും ഉർവശി പറഞ്ഞു.
കരച്ചിൽ പടങ്ങൾ അമ്മ കാണാറില്ല. മക്കളെ ആ ചാനൽ മാറ്റ് അല്ലെങ്കിലേ നമുക്ക് പ്രശ്നങ്ങളുണ്ട്, കരഞ്ഞ് കൊണ്ടിരിക്കാൻ വയ്യ എന്ന് പറയും. ഉള്ളൊഴുക്ക് എന്റെ വീട്ടിലെ ആരും കണ്ടിട്ടില്ല. ഗുസ്തി പോലും കാണില്ല. അത്രയും പോസിറ്റീവ് അന്തരീക്ഷം ഇഷ്ടപ്പെടുന്ന ആളാണ് അമ്മയെന്നും ഉർവശി പറയുന്നു. മകൾ തേജാലക്ഷ്മിയെക്കുറിച്ചും ഉർവശി സംസാരിച്ചു. കൊച്ചിലേ മുതൽ അവളെ ഒരു ഫോട്ടോയ്ക്ക് പോലും നിർത്തുന്നത് എനിക്കിഷ്ടമായിരുന്നില്ല. അവൾ പഠിക്കണം, സിനിമ വേണ്ടെന്ന് ഞാൻ മാത്രമേ പറഞ്ഞിരുന്നുള്ളൂ.

പഠിക്കാൻ മിടുക്കിയായിരുന്നു. നിന്റെ പഠിത്തത്തിൽ ജോലി നേടി ആ ശമ്പളത്തിൽ സ്വന്തം കാര്യങ്ങൾ ചെയ്ത് പെെസയുടെ വിലയറിയണം എന്ന് ഞാൻ പറഞ്ഞു. അവൾ അക്ഷരംപ്രതി അനുസരിച്ചു. ഡബ്സ്മാഷൊക്കെ ശിവൻ ചേട്ടനാണ് പ്രോത്സാഹിപ്പിച്ചത്. എല്ലാ കാര്യങ്ങളും കമ്മ്യൂണിക്കേറ്റ് ചെയ്യും. ചാച്ചാ ഞാൻ ഒരെണ്ണം അയച്ചിട്ടുണ്ട്, കാണണേ അമ്മയെ ഒന്ന് കാണിച്ച് നോക്ക് എന്ന് പറയും. ഞാനത് ശ്രദ്ധിക്കുന്നതായി ഭാവിക്കില്ലായിരുന്നു.
പക്ഷെ ഹ്യൂമർ നന്നായി ചെയ്യും. മിനി ചേച്ചിയുടെ ഹ്യൂമർ അവൾക്ക് കിട്ടിയിട്ടുണ്ട്. അതാണ് ഞാൻ അകറ്റി നിർത്തുന്നത്. ഹ്യൂമർ ചെയ്യാനാണ് ഇഷ്ടം. കൊച്ചിലേ അവളെ ഉറക്കാനും എന്റർടെയിൻ ചെയ്യിക്കാനും എടുത്തിരുന്നത് കിലുക്കത്തിലെ രേവതിയുടെ ഡയലോഗുകളായിരുന്നു. അപ്പോൾ മുതലേ ഇവൾക്ക് ഹ്യൂമറിനോടാണ് താൽപര്യം എന്നറിയാം. ഒരു വർഷം അഭിനയത്തിൽ മകൾ ശ്രമിച്ച് നോക്കട്ടെ എന്ന തീരുമാനത്തിലാണിപ്പോഴെന്നും ഉർവശി വ്യക്തമാക്കി.


Click it and Unblock the Notifications