'ഞാൻ വൈകി മനസിലാക്കി, പക്ഷെ ഉർവശി അറിയുന്നേയില്ലെന്ന് ശ്രീദേവി; കൽപ്പന ഏറെ ആരാധിച്ചിരുന്നു'
കോമഡി കലർന്ന നായികാ വേഷങ്ങൾ അവിസ്മരണീയമാക്കാൻ നടി ഉർവശിക്ക് പ്രത്യേക മിടുക്കുണ്ട്. ഉർവശിയുടെ ചേച്ചി അന്തരിച്ച നടി കൽപ്പനയും കോമഡി അനായാസം ചെയ്തു. എന്നാൽ കരിയറിൽ കോമഡി വേഷങ്ങളിലേക്ക് മാത്രം കൽപ്പന തളയ്ക്കപ്പെട്ടു. ഉർവശിയെ തേടി വ്യത്യസ്തമായ സിനിമകൾ വന്നു. കരിയറിലെ അവസാന കാലഘട്ടത്തിലാണ് കൽപ്പനയ്ക്ക് വൈകാരികമായി പ്രേക്ഷകരെ തൊട്ട കഥാപാത്രങ്ങൾ ലഭിച്ചത്. ഇപ്പോഴിതാ കൽപ്പനയെക്കുറിച്ച് സംസാരിക്കുകയാണ് ഉർവശി.
തന്നേക്കാൾ വലിയ നടിയായിരുന്നു കൽപ്പനയെന്ന് ഉർവശി പറയുന്നു. അമൃത ടിവിയിൽ സംസാരിക്കുകയായിരുന്നു നടി. മിനി ചേച്ചി (കൽപ്പന) പിന്നീടിങ്ങോട്ട് ചെയ്ത സിനിമകളിൽ എന്നെ അനുകരിക്കുന്നു എന്ന് ചില വിഡ്ഢികൾ പറയും. അവളെ പോലെ ഞാനാണ് ചെയ്യുന്നത്. അതവർക്ക് അറിയില്ല. എനിക്ക് അഭിനയിക്കാൻ ഒരു കഴിവും ഇല്ല. കുട്ടിക്കാലത്ത് സ്റ്റേജിൽ കയറാൻ പോലും ഭയമായിരുന്നു. ടീച്ചറേ ഇനി വേണ്ട ഇവൾ ബോധം കെട്ട് വീഴുമെന്ന് മിനി ചേച്ചി പറയും.

സ്റ്റേജിൽ പെർഫോം ചെയ്യുമ്പോൾ എല്ലാവരും മിനി ചേച്ചിയെ നോക്കുമായിരുന്നെന്നും ഉർവശി ഓർത്തു. ഇന്നത്തെ തലമുറയിലെ സംവിധായകരോട് എനിക്ക് അങ്ങേയറ്റം ബഹുമാനമാണ്. ഈ തലമുറയിലെ സംവിധായകരില്ലെങ്കിൽ ഇന്ദ്രൻസ് എന്ന നടൻ ഇങ്ങനെ ആകില്ല. ജഗദീഷെന്ന നടന് ആ കോമഡി കറക്കത്തിൽ നിന്ന് രക്ഷപ്പെടാൻ പറ്റില്ലായിരുന്നില്ല. അന്ന് സംവിധായകരുടെ ധൈര്യക്കുറവ് കൊണ്ട് മാത്രമല്ല.
ബിസിനസ് ഇല്ല. എല്ലാ റോളും ചെയ്യുന്ന നടനായിരുന്നു വേണു ചേട്ടൻ. കോമഡി ചെയ്യുമ്പോൾ അദ്ദേഹത്തോടൊപ്പം കൽപ്പനയാണ് അഭിനയിച്ചത്. സീരിയസ് റോളുകളിൽ ഞാനും. ഫീമെയിൽ കോമഡി പണ്ട് മുതലേ ഉണ്ടെങ്കിലും ട്രാക്ക് കോമഡിയാകാതെ അതിന് മാറ്റം കൊടുത്ത് സ്വാഭാവികമാക്കിയത് മിനി ചേച്ചിയാണ്. നായിക നടിമാർ കോമഡി ചെയ്താൽ അന്ന് ആരും അംഗീകരിക്കില്ലായിരുന്നു. കുറെശ്ശെ അതിന് തുടക്കം കുറിക്കാൻ എനിക്കായി.

എന്നെ ആദ്യം അഭിനന്ദിച്ചത് ശ്രീദേവിയാണ്. മിനി ചേച്ചിയുടെ ഏറ്റവും വലിയ ആരാധനാപാത്രമായിരുന്നു ശ്രീദേവി. ശ്രീദേവിയുടെ പടങ്ങൾ, എങ്ങനെ ഡ്രസ് ചെയ്യുന്നു, എങ്ങനെ നടക്കുന്നു എന്നെല്ലാം നോക്കും. ശ്രീ അമ്മ (ശ്രീദേവി) എന്നെ ഒരു ഫങ്ഷനിൽ വെച്ച് കണ്ടു. ഞാൻ തമിഴിൽ ചെയ്ത പടങ്ങൾ അവർ ഹിന്ദിയിൽ ചെയ്യും. ശ്രീയമ്മ ഹിന്ദിയിലും തെലുങ്കിലും ചെയ്തത് ഞാൻ തമിഴിൽ ചെയ്യും.
തോഫ എന്ന അവരുടെ പ്രശസ്ത സിനിമ ഞാനാണ് തമിഴിൽ ചെയ്യുന്നത്. ഉർവശി അറിയുന്നില്ല, ഉർവശിക്കകത്ത് ഹ്യൂമർ ഉണ്ടെന്ന് ശ്രീയമ്മ എന്നോട് പറഞ്ഞു. അന്ന് ഞാനാരോടും സംസാരിക്കുന്ന ആളല്ല. ഇൻട്രൊവേർട്ട് ആണ്. എനിക്ക് ഒരുപാട് സംസാരിക്കുന്നത് ഇഷ്ടമല്ല. അങ്ങനെയുള്ള സാഹചര്യങ്ങളിൽ നിന്ന് എങ്ങനെയും ഞാൻ മുങ്ങും.
എനിക്ക് ഇഷ്ടമുള്ള പുസ്തകം കിട്ടിയാൽ അവിടെ ഇരുന്നോളും. അത് മാറ്റിയെടുത്തത് ശ്രീയമ്മയാണ്. ഹീറോയിൻ കോമഡിയെന്നത് ഞാൻ വളരെ വൈകി മനസിലാക്കി പ്രയോഗിച്ച് കൊണ്ടിരിക്കുകയാണ്. അതിൽ തന്റെ ഇൻഫ്ലുവൻസുണ്ട്. കാരണം താനത് നന്നായി പ്രയോഗിക്കുന്നുണ്ട്, പക്ഷെ താനത് അറിയുന്നതേയില്ലെന്ന് ശ്രീദേവി തന്നോട് പറഞ്ഞെന്നും ഉർവശി ഓർത്തു.


Click it and Unblock the Notifications