'പണമെറിഞ്ഞാൽ എന്തും നടക്കും... ലക്കി ഓൾഡ് മാൻ, വയസ് കാലത്ത് ഇതൊക്കെ വേണോ?, മുത്തച്ഛനും കൊച്ചുമകളും കലക്കി'
തെലുങ്ക് സിനിമയിൽ ഇപ്പോഴും സൂപ്പർ സ്റ്റാർ പദവി അലങ്കരിക്കുന്ന നടനാണ് നന്ദമൂരി ബാലകൃഷ്ണ. അറുപത്തിനാലുകാരനായ താരം നാല് പതിറ്റാണ്ടിലേറെയായി അഭിനയരംഗത്തുണ്ട്. പക്ഷെ സോഷ്യൽമീഡിയ വന്നശേഷമാണ് മലയാളികൾ ബാലയ്യ എന്ന പേരിൽ അറിയപ്പെടുന്ന നന്ദമൂരി ബാലകൃഷ്ണയെ ശ്രദ്ധിച്ച് തുടങ്ങുന്നത്. ട്രോളുകളും മീമുകളും തന്നെയാണ് കാരണം. അതുപോലെ സിനിമയിലെത്തിയ കാലം മുതൽ വിവാദങ്ങളും ബാലയ്യയ്ക്കൊപ്പമുണ്ട്.
സഹതാരങ്ങളെ അപമാനിക്കുക, പരസ്യമായി ദേഷ്യപ്പെടുക, നിർമാതാവിനെ വെടിവെക്കുക, ആരാധകരെ മർദ്ദിക്കുക, സഹായികളെ ഉപദ്രവിക്കുക തുടങ്ങി നിരവധി കേസും വിവാദങ്ങളും ബാലയ്യയുടെ പേരിൽ ഇക്കാലയളവിൽ ഉണ്ടായിട്ടുണ്ട്. കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും എല്ലാ വർഷവും ഒരു സിനിമയെങ്കിലും ബാലയ്യയുടേതായി തിയേറ്ററുകളിൽ എത്താറുണ്ട്.

2025ൽ ആദ്യം തിയേറ്ററുകളിൽ എത്താൻ പോകുന്ന ബാലകൃഷ്ണയുടെ ആദ്യ സിനിമ ഡാകു മഹാരാജാണ്. ആക്ഷൻ ത്രില്ലർ ഗണത്തിൽപ്പെടുന്ന സിനിമ ഈ വരുന്ന 12ന് തിയേറ്ററുകളിലെത്തും. ചിത്രത്തിലെ നായിക ബോളിവുഡ് നടിയും മിസ് യൂണിവേഴ്സുമായ ഉർവശി റൗട്ടേലയാണ്. സിനിമയിലെ ഒരു ഡാൻസ് വീഡിയോ കഴിഞ്ഞ ദിവസം അണിയറപ്രവർത്തകർ റിലീസ് ചെയ്തിരുന്നു.
ബാലകൃഷ്ണയും ഉർവശിയുമാണ് ഗാനരംഗത്തിൽ നിറഞ്ഞ് നിൽക്കുന്നത്. ഇരുവരുടെയും ഡാൻസ് തന്നെയാണ് സോങ് വീഡിയോയുടെ ഹൈലൈറ്റ്. പക്ഷെ പ്രതീക്ഷിച്ചതുപോലൊരു പ്രതികരണമായിരുന്നില്ല വീഡിയോയ്ക്ക് ലഭിച്ചത്. വലിയ രീതിയിലുള്ള വിമർശനവും ട്രോളും വീഡിയോയ്ക്ക് ലഭിച്ച് കഴിഞ്ഞു. അതിന് ഒരു കാരണം നായകൻ അറുപത്തിനാലുകാരൻ ബാലകൃഷ്ണയും നായിക മുപ്പതുകാരി ഉർവശി റൗട്ടേലയുമാണെന്നതാണ്.
മറ്റൊന്ന് ഡാൻസിന്റെ കൊറിയോഗ്രഫിയെ വിമർശിച്ചുള്ളതായിരുന്നു. നീല ഷർട്ടും ജാക്കറ്റും ബ്രൗൺ പാൻ്സുമിട്ട് ബാലകൃഷ്ണയും ഉർവശി റൗട്ടേല ക്രോപ്പ് ടോപ്പും സ്കേർട്ടും അണിഞ്ഞ് ഗ്ലാമറസായുമാണ് വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. സ്ത്രീയെ അപമാനിക്കുന്നതും ഗാനത്തിന് ഒട്ടും യോജിക്കാത്തതുമാണ് ബാലകൃഷ്ണയുടെ സ്റ്റെപ്പുകളും കൊറിയോഗ്രഫിയും എന്നതാണ് വിമർശനം.
നിങ്ങൾ നന്ദമൂരി ബാലകൃഷ്ണയെ സ്നേഹിക്കുന്നുണ്ടെങ്കിൽ ദയവായി നൃത്തരംഗം പിൻവലിച്ച് വീണ്ടും ഷൂട്ട് ചെയ്യുക, ഇത് എന്തുതരം കൊറിയോഗ്രാഫിയാണ്?, ഡാൻസെന്ന പേരിൽ എന്തും ചെയ്യാമെന്നാണോ?, കലയെ നശിപ്പിക്കുകയാണോ എന്നിങ്ങനെ നീളുന്നു വിമർശിച്ചുള്ള കമന്റുകൾ. ഡാൻസ് വീഡിയോ വൈറലായതിന് പിന്നാലെ ഉർവശി സോഷ്യൽമീഡിയയിൽ പങ്കുവെച്ച ബാലകൃഷ്ണയ്ക്കൊപ്പമുള്ള ലൊക്കേഷൻ വീഡിയോയും ചർച്ചയായി മാറിയിട്ടുണ്ട്.

ഡാകു മഹാരാജ് ലൊക്കേഷനിൽ ഫോട്ടോയ്ക്ക് വേണ്ടി ബാലയ്യയ്ക്കൊപ്പം പോസ് ചെയ്യുന്ന ഉർവശിയാണ് പുതിയ വീഡിയോയിൽ ഉള്ളത്. ദബിഡി ദിബിഡി ഗാനം പതിനാറ് മില്യൺ കടന്ന സന്തോഷമാണ് പുതിയ വീഡിയോ പങ്കുവെച്ച് ഉർവശി പങ്കിട്ടത്. എന്നാൽ വീഡിയോ വൈറലായതോടെ നായകനും നായികയും എന്നല്ല മുത്തച്ഛനും കൊച്ചുമകളും എന്നാണ് വിശേഷിപ്പിക്കേണ്ടത് എന്നായിരുന്നു ഒരാളുടെ കമന്റ്.
പണമെറിഞ്ഞാൽ എന്തും നടക്കും... ലക്കി ഓൾഡ് മാൻ എന്നാണ് ഇപ്പോഴും മുപ്പതുകാരികളായ നായികമാർക്കൊപ്പം ലവ് സീൻ ചെയ്യുന്ന ബാലകൃഷ്ണയെ പരിഹസിച്ച് മറ്റൊരാൾ കമന്റ് ചെയ്തത്. വയസ് കാലത്ത് ഇതൊക്കെ വേണോ?, മുത്തച്ഛനും കൊച്ചുമകളും കലക്കി എന്നിങ്ങനെ നീളുന്നു കമന്റുകൾ. പ്രായത്തിനൊത്തെ റോളുകൾ ചെയ്യാൻ ബാലയ്യയെ ഉപദേശിച്ചുള്ള കമന്റുകളും വീഡിയോയ്ക്ക് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
മാത്രമല്ല ഇതേ സിനിമയിൽ ചെറിയ കുട്ടിയുടെ സഹോദരന്റെ വേഷം ബാലകൃഷ്ണ ചെയ്യുന്നുെവന്ന് ചൂണ്ടികാട്ടിയും ട്രോളുകൾ സോഷ്യൽമീഡിയയിൽ നിറഞ്ഞിരുന്നു. ബോബി കൊല്ലി സംവിധാനം ചെയ്യുന്ന സിനിമയിൽ ബോബി ഡിയോളാണ് വില്ലനായി എത്തുന്നത്. അദ്ദേഹത്തിന്റെ ആദ്യ തെലുങ്ക് ചിത്രമാണിത്. ശിവ സംവിധാനം ചെയ്ത് സൂര്യ നായകനായി എത്തിയ കങ്കുവയിലൂടെ തമിഴിലും ബോബി ഡിയോൾ അരങ്ങേറ്റം കുറിച്ചിരുന്നു.


Click it and Unblock the Notifications











