അന്ന് അങ്ങനെയൊന്നും സംഭവിച്ചില്ലായിരുന്നെങ്കിൽ...,ഒരുപാട് നഷ്ടങ്ങൾ ഒഴിവാക്കാമായിരുന്നു: പ്രതികരിച്ച് ഉർവശി
ഈയടുത്ത് മുൻഭാര്യയായ നടി ഉർവശിയെക്കുറിച്ച് നടൻ മനോജ് കെ ജയൻ വെെകാരികമായി സംസാരിച്ചത് വാർത്തയായിരുന്നു. ഇരുവരുടെയും മകൾ തേജാലക്ഷ്മിയുടെ ആദ്യ സിനിമയുടെ പ്രസ്മീറ്റീൽ സംസാരിക്കുകയായിരുന്നു നടൻ. ഉർവശിയുടെ അനുഗ്രഹം വാങ്ങാൻ മകളോട് പറഞ്ഞെന്നും ഉർവശി മികച്ച നടിയാണെന്നും വെെകാരികമായി മനോജ് കെ ജയൻ പറഞ്ഞു. പുതിയ അഭിമുഖത്തിൽ ഇതേക്കുറിച്ച് ഉർവശി പ്രതികരിക്കുന്നുണ്ട്.
ചില വിഷമങ്ങളും നിരാശയും പറയാതെ പറഞ്ഞ് കൊണ്ടാണ് ഉർവശിയുടെ പ്രതികരണം. അത് കണ്ടിരുന്നു. വാർത്താ സമ്മേളനത്തിൽ ഇത്തരം കാര്യങ്ങൾ പറയുന്നത്...., എല്ലാക്കാലത്തും അങ്ങനെ ചിന്തിച്ചിരുന്നെങ്കിൽ ഒരുപാട് നഷ്ടങ്ങൾ ഒഴിവാക്കാമായിരുന്നെന്ന് തോന്നി. അവൾ ജനിക്കുന്നതിന് മുമ്പും ഞാൻ ഈ കഴിവൊക്കെ കൊണ്ട് ഇവിടെ നിൽക്കുന്നുണ്ടായിരുന്നു. ഇപ്പോഴും അങ്ങനെ തന്നെ നിൽക്കുന്നു. പക്ഷെ അന്ന് അങ്ങനെയൊന്നും സംഭവിച്ചില്ലായിരുന്നെങ്കിൽ..., വാക്കുകൾ മുഴുമിപ്പിക്കാതെ ഉർവശി പറഞ്ഞതിങ്ങനെ. മാതൃഭൂമി ന്യൂസിൽ സംസാരിക്കുകയായിരുന്നു നടി.

സോഷ്യൽ മീഡിയയിൽ പല അഭിപ്രായങ്ങളാണ് ഇതേക്കുറിച്ച് വരുന്നത്. വിട്ടുവീഴ്ചകൾ അതിന്റെ യഥാർഥ സമയത്താണ് വേണ്ടത്. സമയവും കാലവും കഴിയുമ്പോൾ അതൊരിക്കലും തുന്നിചേർക്കാൻ ആവാത്ത ആഴത്തിലെ മുറിവായിത്തന്നെ നിൽക്കും, രണ്ടുപേർക്കും നല്ല വിഷമം ഉണ്ട്... പക്ഷെ വിധി ആണ് എല്ലാം....നഷ്ട്ടപെടുമ്പോൾ ആണ് എത്രത്തോളം അയാളെ സ്നേഹിച്ചിരുന്നു എന്ന് നമുക്ക് മനസ്സിലാവുന്നത്, പിരിഞ്ഞുപോയെന്നു കരുതിയ ഇരുവരും ഒരുപോലെ കരയുന്നു..തൊണ്ടയിടരുന്നു...സ്നേഹം അതാണ് നമ്മെ ചുഴലുന്ന ഏക സത്യം, എന്നിങ്ങനെ കമന്റുകളുണ്ട്.
ഉള്ളൊഴുക്കിലെ കഥാപാത്രത്തെ പോലെ ഖനീഭവിച്ച മാനസികാവസ്ഥ തന്റെ ജീവിതത്തിലും ഉണ്ടായിട്ടുണ്ടെന്ന് ഉർവശി അഭിമുഖത്തിൽ പറയുന്നുണ്ട്. ആ അവസ്ഥയിൽ നിന്നും കടന്ന് പോകാൻ വളരെയധികം പ്രയാസപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് ലീലാമ്മ എന്ന കഥാപാത്രത്തെക്കുറിച്ച് ചോദിക്കുമ്പോൾ ഞാൻ എന്തെങ്കിലും തമാശ പറഞ്ഞ് ആ ചോദ്യത്തിൽ നിന്നും രക്ഷപ്പെടുന്നത്. ഉള്ളിൽ കെട്ടി നിൽക്കുന്ന വല്ലാത്ത അവസ്ഥ തന്നെയാണ്. ഞാനൊന്ന് വിശ്രമിക്കുമ്പോൾ അത് വീണ്ടും എന്നെ ആക്രമിക്കും. അതിനി എത്ര കാലം എടുക്കില്ലെന്നും ഉർവശി പറയുന്നു.

2000 ലാണ് മനോജ് കെ ജയനും ഉർവശിയും വിവാഹിതരായത്. പ്രണയ വിവാഹമായിരുന്നു. വിവാഹജീവിതം മുന്നോട്ട് പോകവെ ഇരുവർക്കുമിടയിൽ പ്രശ്നങ്ങൾ വന്ന് തുടങ്ങി. 2008 ലായിരുന്നു പ്രശ്നകലുഷിതമായ വേർപിരിയൽ. മകൾ തേജാലക്ഷ്മിയുടെ കസ്റ്റഡി അവകാശം സംബന്ധിച്ച് ഇരുവരും തമ്മിൽ നിയമതർക്കമുണ്ടായി. ആരോപണ പ്രത്യാരോപണങ്ങൾ തുടരെ വന്നു. ഉർവശി മദ്യപാനിയാണ് എന്ന് മനോജ് കെ ജയൻ മാധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞു. നടിയുടെ പ്രതിച്ഛായക്ക് അക്കാലത്ത് വലിയ മങ്ങലേറ്റിട്ടുണ്ട്. പൊതുസമൂഹത്തിൽ ഉർവശി കുറ്റപ്പെടുത്തലും പരിഹാസവും ഉർവശിക്ക് നേരിടേണ്ടി വന്നു.
മനോജ് കെ ജയനെ ഒരു സുഹൃത്തായി കാണാൻ തനിക്കൊരിക്കലും പറ്റില്ലെന്ന് ഒരിക്കൽ ഉർവശി വ്യക്തമാക്കിയിട്ടുണ്ട്. നമ്മളെ നിരന്തരം മാനസികമായി പീഡിപ്പിച്ച് കൊണ്ടിരിക്കുന്ന ആളെ എങ്ങനെ സുഹൃത്തായി കാണാൻ പറ്റും. സൗഹൃദമെന്നത് നമുക്ക് ആശ്വാസവും സമാധാനവും തരുന്നതാണ്. നിരന്തരം മാനസിക പീഡനം നടത്തിക്കൊണ്ടിരിക്കുന്ന ആളുമായി എങ്ങനെ സൗഹൃദമുണ്ടാക്കാൻ പറ്റുമെന്നായിരുന്നു അന്ന് ഉർവശിയുടെ ചോദ്യം. സൗഹൃദമെന്ന വാക്കിന് വലിയ അർത്ഥങ്ങളുണ്ട്. അങ്ങനെ ജീവിക്കുന്ന എത്രയേ പേരുണ്ട്. പക്ഷെ മനോജ് കെ ജയനുമായി അങ്ങനെ ഒരു സാധ്യതയില്ലെന്നും ഉർവശി വ്യക്തമാക്കുകയുണ്ടായി. ശിവപ്രസാദ് എന്നാണ് ഉർവശി രണ്ടാമത് വിവാഹം ചെയ്തയാളുടെ പേര്.


Click it and Unblock the Notifications