അച്ഛനെന്നോട് ചോദിക്കണമായിരുന്നു; കുറേക്കാലം അതെന്റെ മനസിൽ കിടന്നു, വാശിയല്ല; ഉർവശി
അഭിനയ മികവ് കൊണ്ട് ഏവരുടെയും ജനപ്രീതി നേടിയ ഉർവശിയോട് മലയാളി പ്രേക്ഷകർക്ക് എന്നും പ്രത്യേക മമതയുണ്ട്. അഭിനയ പാരമ്പര്യമുള്ള കുടുംബത്തിൽ ജനിച്ച ഉർവശി വളരെ പെട്ടെന്ന് സിനിമാ ലോകത്ത് ശ്രദ്ധിക്കപ്പെട്ടു. പ്രഗൽഭ നാടക കലാകാരൻമാരായിരുന്നു ചാവറ വിപി നായരുടെയും വിജയലക്ഷ്മിയുടെയും മകളാണ് ഉർവശി. ഉർവശി, കൽപ്പന, കലാരഞ്ജിനി എന്നീ മൂന്ന് സഹോദരിമാരും സിനിമാ ലോകത്ത് സ്ഥാനം നേടി. ഇപ്പോഴിതാ താൻ വളർന്ന് വന്ന സാഹചര്യത്തെക്കുറിച്ച് സംസാരിക്കുകയാണ് ഉർവശി.
യാഥാസ്ഥിതിക കുടുംബത്തിലാണ് താൻ ജനിച്ചതെന്നും ഇത് തന്റെ ജീവിതത്തെയും കാഴ്ചപ്പാടുകളെയും സ്വാധീനിച്ചിട്ടുണ്ടെന്നും ഉർവശി പറയുന്നു. മനോരമ ന്യൂസിനോടാണ് പ്രതികരണം. പുരുഷൻമാർക്ക് മേൽക്കോയ്മയുള്ള കുടുംബമായിരുന്നു ഞങ്ങളുടേത്. അച്ഛന്റെയും അമ്മയുടെയും ചിറകിലായിരുന്നു ഞങ്ങൾ വളർന്ന് വന്നത്. എന്തെങ്കിലും വേണമെങ്കിൽ അച്ഛനോടും അമ്മയോടും ചോദിക്കണം. വീട്ടിലുള്ള കാരണവൻമാരെ അനുസരിക്കണം.

അങ്ങനെ വളർന്ന് വന്ന തനിക്ക് ഒറ്റയ്ക്ക് ജീവിക്കുകയെന്നത് പ്രായോഗിമാക്കാനാകില്ലെന്നും ഉർവശി പറയുന്നു. എനിക്ക് റോഡ് ക്രോസ് ചെയ്യാൻ പോലും ഇപ്പോഴും വലിയ പ്രയാസമാണെന്നും നടി വ്യക്തമാക്കി. കുട്ടിക്കാലത്തെ ഒരു അനുഭവവും നടി പങ്കുവെച്ചു. സത്യവും നീതിയും എന്റെ ഭാഗത്താണെങ്കിൽ ആരെന്ത് ചിന്തിക്കുന്നു എന്ന് ഞാൻ കണക്കാക്കാറില്ല. അതിനെ ഈഗോയെന്ന് വിളിക്കണോ അമിതമായ ആത്മവിശ്വാസമെന്ന് വിളിക്കണോ എന്നറിയില്ല.
പക്ഷെ എല്ലാക്കാലത്തും എനിക്കതുണ്ട്. എന്റെ അച്ഛനെന്നെ ജീവിതത്തിൽ ചെറുതായൊന്ന് അടിച്ചിട്ടേയുള്ളൂ. തൊട്ടടുത്തുള്ള പരിചയക്കാരുടെയടുത്താണ് അച്ഛന്റെ വസ്ത്രങ്ങൾ അയേൺ ചെയ്യുന്നത്. അവിടെ ചെന്നപ്പോൾ വേറെ ആരുടെയോ അയേൺ ചെയ്യുന്നു. അച്ഛന് നാടകത്തിന് പോകണം. താൻ വരാൻ വൈകിയപ്പോൾ അച്ഛൻ ചെറുതായി അടിച്ചു.

എത്രയോ നാളുകൾ തന്നെയത് വിഷമിപ്പിച്ചെന്ന് ഉർവശി പറയുന്നു. പിന്നെ അച്ഛനോട് എന്തെങ്കിലും വേണമെന്ന് ഞാൻ പറഞ്ഞിട്ടില്ല. പത്ത് വയസൊക്കെ കഴിഞ്ഞപ്പോൾ ഈ കുഞ്ഞെന്താ എന്നോടൊന്നും ചോദിക്കാത്തതെന്ന് അച്ഛൻ ചോദിച്ചു. സത്യം മനസിലാക്കാതെ പെരുമാറുന്ന ആളാണ് അച്ഛനെന്ന തോന്നൽ ആറോ ഏഴോ വയസിൽ എന്റെ മനസിലുണ്ടായി. വാശിയല്ല, എന്താണ് താമസിച്ചതെന്ന് അച്ഛൻ ചോദിക്കണമായിരുന്നു.
ആ ചിന്ത മനസിൽ കിടന്നു. അത് മാറാൻ കുറച്ച് കാലമെടുത്തു. അതേസമയം തന്റെ മക്കളോട് ഇങ്ങനെയല്ല പെരുമാറാറെന്നും ഉർവശി പറയുന്നു. എന്റെ അത്രയും തെറ്റുകൾ അവർ ചെയ്തിട്ടുണ്ടാവില്ലെന്ന വ്യക്തമായ ബോധ്യമുണ്ട്. പക്ഷെ ചിലപ്പോൾ പ്രായോഗികമായ കാര്യങ്ങൾ മനസിലാക്കാതെയാണ് സംസാരിക്കുന്നതെന്ന് ബോധ്യപ്പെടുത്തിക്കൊടുക്കേണ്ടി വരും. നാലായിരം രൂപയുടെ കാർ വേണമെന്ന് വാശി പിടിക്കും. രണ്ട് പ്രാവശ്യം അങ്ങോട്ടും ഇങ്ങോട്ടും ഓടിച്ച് ഇളക്കി വെക്കും. അപ്പോൾ ഒരമ്മയെന്ന നിലയിൽ തനിക്കുത്തരവാദിത്വമുണ്ടെന്നും ഉർവശി പറയുന്നു.
ഇപ്പോഴത്തെ തലമുറയിലെ കുട്ടികൾ ബ്രില്യന്റാണ്. പക്ഷെ തന്റെ തലമുറയിലെ ചെറിയ സെന്റിമെന്റ്സുകൾ അവർക്കില്ല. അത് നല്ലതാണ്. പക്ഷെ തന്റെ പഴയ മനസിൽ അവരെന്താണത് മനസിലാക്കാത്തതെന്ന് തോന്നുമെന്നും ഉർവശി പറയുന്നു. ഒരുങ്ങി നടക്കുന്നതിൽ താൻ ശ്രദ്ധിക്കാറില്ലെന്നും ഉർവശി പറയുന്നു. ഒരുങ്ങി നടക്കുന്നവരെ വളരെ ഇഷ്ടമാണ്. പക്ഷെ ഞാനതിൽ ശ്രദ്ധ കൊടുക്കാറില്ല. അമ്മയെ കണ്ടാണ് ഞാൻ വളർന്നത്. എന്റെ അമ്മ സുന്ദരിയായ സ്ത്രീയാണ്. ഐശ്വര്യമുള്ള ആളായിരുന്നു അമ്മ. പക്ഷെ ഞങ്ങൾ അഞ്ച് മക്കളായി. ഒപ്പം ജോലിക്ക് പോകണം.
രാവിലെ തലയിൽ കൂടെ വെള്ളമൊഴിച്ച് കുളിച്ച് വന്ന് കൊച്ചു പൂക്കളുള്ള വെളുത്ത സാരിയുടുത്ത് ധൃതിയിൽ ഓഫീസിൽ പോകുന്ന അമ്മയെയാണ് ഞാൻ കണ്ട് വളർന്നത്. എന്നാൽ മിസ് വുമൺസ് കോളേജായിരുന്നു അമ്മ. അന്നത്തെ കാലത്ത് ഏറ്റവും മോഡേണായി ഡ്രസ് ചെയ്തിരുന്നു. പക്ഷെ കുടുംബമായപ്പോൾ അമ്മ മാറി. അതേപോലെ മകളെ പ്രസവിച്ച ശേഷം ജീൻസ് ധരിക്കാൻ തനിക്ക് നാണക്കേട് തോന്നിയെന്നും ഉർവശി പറയുന്നു.


Click it and Unblock the Notifications