ഉർവ്വശിയെക്കുറിച്ച് പതിനാലാം വയസ്സിൽ ആദ്യ ഗോസിപ്പ്; അത്രയല്ലേ പറഞ്ഞുള്ളൂവെന്ന് അമ്മ
മലയാള സിനിമയ്ക്ക് എന്നും അഭിമാനമായ താരമാണ് ഉർവ്വശി. തന്റെ പത്താം വയസ്സിൽ ബാല താരമായി മലയാള സിനിമയിലെത്തിയ നടി, ആദ്യമായി നായികയാവുന്നത് തമിഴിലാണ്. പതിനാലാം വയസ്സിൽ നടനും സംവിധായകനുമായ ഭാഗ്യരാജ് അണിയിച്ചൊരുക്കിയ മുന്താനൈ മുടിച്ച് എന്ന ചിത്രമാണ് ഉർവ്വശി നായികയായി ആദ്യമായി തീയറ്ററുകളിൽ എത്തുന്നത്. പിന്നീട് മലയാളത്തിലും തമിഴിലും പ്രശസ്ത താരം ഏറ്റവും തിരക്കുള്ള നായികയായി മാറി.
മുൻപൊരിക്കൽ, മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ, ഉർവ്വശി തന്റെ കരിയറിന്റെ തുടക്കകാലത്തെ കുറിച്ച് മനസ്സ് തുറന്നിരുന്നു. അന്ന്, തന്നെ പറ്റി ആദ്യമായി ഒരു ഗോസിപ്പ് വന്നതും, അതിന് തന്റെ കുടുംബം എങ്ങനെ പ്രതികരിച്ചുവെന്നതിനെ കുറിച്ചും, പ്രശസ്ത താരം വെളിപ്പെടുത്തി. ഉർവ്വശിയെ ഏറ്റവും കൂടുതൽ അമ്പരപ്പിച്ചത്, താരത്തിന്റെ അമ്മയും, സീനിയർ നാടക നടിയുമായ വിജയലക്ഷ്മി ആ ഗോസിപ്പുകളോട് പ്രതികരിച്ച രീതിയാണ്. അതേക്കുറിച്ച് പ്രശസ്ത താരം വളരെ രസകരമായാണ് അഭിമുഖത്തിൽ വിവരിച്ചത്.

തന്റെ ആദ്യ സിനിമയുടെ ഷൂട്ടിന് ഇടയ്ക്കാണ് ആദ്യമായി തന്നെക്കുറിച്ചു ഗോസിപ്പ് വരുന്നതെന്ന് ഉർവ്വശി ഓർത്തെടുത്തു. "എന്റെ ഫസ്റ്റ് ഫിലിമിന്റെ ഷൂട്ടിന് ഇടയ്ക്കാണ് എന്നെ കുറിച്ച് ആദ്യമായി ചെറിയ ഒരു ഗോസിപ്പ് പുറത്തിറങ്ങുന്നത്. ഇന്ന് എ വി എം പോലെ ഒരു വലിയ ബാനറിന്റെ പടത്തിൽ ഒരു പുതിയ കുട്ടി അഭിനയിക്കാൻ വരുന്നുണ്ട്. സ്കൂൾ കുട്ടിയാണ്. പക്ഷെ ഒരു വകയും പറഞ്ഞാൽ അനുസരിക്കില്ല. ഡയറക്ടർ എന്തെങ്കിലും ഒന്ന് ദേഷ്യപ്പെട്ട് സംസാരിച്ചാൽ അന്ന് വീട്ടിൽ പോകുമെന്ന് പറഞ്ഞ് പേടിപ്പിക്കുകയാണ്. ഇങ്ങോട്ട് വരാൻ പറഞ്ഞാൽ അങ്ങോട്ട് പോവും," ഇങ്ങനെയൊക്കെയാണ് അതിൽ എന്നെ കുറിച്ച് എഴുതിയിരുന്നത്," താരം പറഞ്ഞു.
പക്ഷെ അത് വായിച്ചപ്പോഴുള്ള തന്റെ അമ്മ വിജയലക്ഷ്മിയുടെ പ്രതികരണമാണ് തന്നെ അമ്പരപ്പിച്ചതെന്ന് ഉർവ്വശി വെളിപ്പെടുത്തി. "എന്റെ അമ്മ അത് വായിച്ചിട്ടു പറഞ്ഞു: "രക്ഷപ്പെട്ടു... നല്ല ഒരു ഇമേജ് ആണല്ലോ ആദ്യമേ കിട്ടിയത്. ഇങ്ങോട്ടു വരാൻ പറഞ്ഞാൽ ഉടനെ കൂടെ ഇറങ്ങി പോകും എന്നല്ലല്ലോ അവർ എഴുതിയത്," എന്നാണ് അമ്മ പറഞ്ഞത്. എന്റെ അമ്മ അത് ആ രീതിയിലാണ് എടുത്തത്," പ്രശസ്ത നായിക ഓർത്തെടുത്തു. അതിന് ഒരു വലിയ കാരണം ഉണ്ടെന്നും അവർ മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ തുറന്നു പറഞ്ഞു.

"എന്ത് വന്നാലും സിനിമയിൽ അഭിനയിച്ച പറ്റൂ എന്ന് എന്റെ കുടുംബത്തിൽ ആരും ഒരിക്കലും പറഞ്ഞിട്ടില്ല. നമുക്ക് തല നിവർന്നു നിൽക്കാൻ പറ്റുന്ന, സ്വാതന്ത്രമായിട്ട് നില്ക്കാൻ പറ്റുന്ന ഒരു സിനിമയാണെങ്കിൽ ചെയ്താൽ മതി. ഇല്ലെങ്കിൽ അപ്പോൾ തന്നെ വണ്ടിയെടുത്ത് പുറപ്പെട്ടോളുക... അവർ ഉദ്ദേശിച്ചത് വേറെ എന്തോ കാര്യമാണ് കേട്ടോ... അല്ലാതെ ഡയറക്ടർ അഭിനയിക്കാൻ പറഞ്ഞാൽ ഓടാൻ അല്ല പറഞ്ഞു തന്നത്. പക്ഷെ ഞാൻ ഇത് എടുത്തത് ഈ രീതിയിലാണ്. അപ്പൊൾ അന്നത്തെ കാലത്ത് ആ പ്രായത്തിലുള്ള ഒരു പെണ്ണിനെ നായികയായി എടുത്താൽ വല്യ പ്രശ്നമല്ലേ. ഇതൊന്നും ശീലമില്ല. പക്വതയുള്ളവരെ എടുക്കണം, അല്ലെങ്കിൽ ഇങ്ങനെ ഇരിക്കും," ഉർവ്വശി ഒരു ചിരിയോടെ പറഞ്ഞു നിർത്തി.
(ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ഫിൽമിബീറ്റ് മലയാളത്തിന്റെ സ്വന്തമല്ല. https://www.instagram.com/p/CsREQrbJoxv/ എന്ന പേജിൽ നിന്നും എടുത്തതാണ്. ഈ വാർത്ത വ്യക്തവും സമഗ്രവുമാകാൻ വേണ്ടിയാണ് ഈ ഫോട്ടോകൾ ഉപയോഗിച്ചത്).


Click it and Unblock the Notifications











