'ആ വീട്ടുകാർ ഒന്നിച്ചിരുന്ന് മദ്യപാനം, എല്ലാം കഴിഞ്ഞ് രാവിലെ ഞാൻ ഉപജീവനത്തിന് ഓടണം, മദ്യപാനിയായി മാറിയതിങ്ങനെ'
ആദ്യ വിവാഹബന്ധത്തിലുണ്ടായ പ്രശ്നങ്ങൾ തുറന്ന് പറഞ്ഞ് നടി ഉർവശി. നടൻ മനോജ് കെ ജയനായിരുന്നു ഉർവശിയുടെ ആദ്യ ഭർത്താവ്. താൻ അക്കാലത്ത് മദ്യപാനത്തിലേക്ക് തിരിഞ്ഞതിന് കാരണമുണ്ടെന്ന് ഉർവശി പറയുന്നു. കൂട്ടുകുടുംബത്തിൽ ജനിച്ച് വളർന്ന തനിക്ക് ആദ്യ വിവാഹബന്ധം ജീവിതത്തിൽ വലിയ മാറ്റമായിരുന്നെന്ന് ഉർവശി പറയുന്നു. രഞ്ജിനി ഹരിദാസുമായുള്ള അഭിമുഖത്തിലാണ് ഉർവശിയുടെ തുറന്ന് പറച്ചിൽ. ഞങ്ങളുടെ കുടുംബത്തിലൊന്നും ഇല്ലാത്ത ചിട്ടകളുണ്ടായിരുന്നു. അവർ വളരെ ഫോർവേഡായ ആൾക്കാരാണ്. കുടുംബം ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നു. ഡ്രിങ്ക്സ് വളരെ സരളമായി ഉപയോഗിക്കുന്നവരാണ് അവർ.
അച്ഛനും അമ്മയും മക്കളും എല്ലാം അങ്ങോട്ടും ഇങ്ങോട്ടും എല്ലാം ഷെയർ ചെയ്ത് ഡ്രിങ്ക്സൊക്കെ കഴിച്ച് വളരെ ഹാപ്പിയായിട്ട് അടിച്ച് പൊളിക്കുന്നു. പിറ്റേ ദിവസം രാവിലെ എണീക്കുന്നു, കാഷ്യൽ ആകുന്നു. അങ്ങനെയാെരു അന്തരീക്ഷത്തിൽ ചെല്ലുമ്പോൾ എനിക്കെല്ലാം അത്ഭുതമാണ്. അയ്യോ ഇതൊക്കെ സാധ്യമുള്ള കാര്യങ്ങളാണോ എന്ന്. അതിൽ പൊരുത്തപ്പെട്ട് പോകാൻ ശ്രമിച്ച്, ശ്രമിച്ച് ഒടുവിൽ ഇതെല്ലാം കഴിഞ്ഞ് നമ്മൾ രാവിലെ വയറ്റിപ്പിഴപ്പിന് ഓടേണ്ടി വന്ന അവസ്ഥയിലേക്ക് കൂടെ വന്നപ്പോൾ എല്ലാം കൂടെ ചേർന്ന് മറ്റൊരാളായിട്ട് എന്നെ മാറ്റിക്കൊണ്ടിരിക്കുകയാണെന്ന് ഞാൻ അറിഞ്ഞപ്പോൾ വളരെ വെെകി.

എനിക്കത് പ്രകടിപ്പിക്കാനും ആരുമില്ല. പിന്നെ ഞാൻ ചെയ്തത് ശരിയാണെന്ന് എന്റെ കുടുംബത്തോട് കാണിക്കാനുള്ള വാശി ഒരു ഭാഗത്ത്. കല ചേച്ചിക്ക് എല്ലാമറിയാമായിരുന്നു. കല ചേച്ചി നിശബ്ദമായി എനിക്കൊപ്പം അത് നേരെയാക്കാൻ ശ്രമിച്ചു. ശ്രീദേവി മാഡത്തെക്കുറിച്ച് ഞാൻ കേട്ടിട്ടുണ്ട്. ഹെവിയായി വർക്ക് ചെയ്യുന്ന അവർക്ക് റിലാക്സ് ചെയ്യാൻ അമ്മ ഡ്രിങ്ക്സ് കൊടുത്തിട്ടുണ്ടെന്ന്. എനിക്ക് ചെന്ന് കയറിയ വീട്ടിലായിരുന്നു ആ എക്സ്പോഷർ.
ഒറ്റയാൾ പട്ടാളമായി നമ്മളൊരു സമ്പാദ്യത്തിനുള്ള ആളാകുകയും ഇഷ്ടമില്ലാതെ അതിനൊക്കെ പോകുകയും ചെയ്യേണ്ട അവസ്ഥ വന്നു. അഭിപ്രായ വ്യത്യാസങ്ങൾ കൂടുമ്പോൾ മദ്യപാനം കൂടിയിരുന്നെന്ന് ഉർവശി തുറന്ന് പറഞ്ഞു. രണ്ടാമത് വിവാഹം ചെയ്ത ഭർത്താവ് ശിവപ്രസാദിനെക്കുറിച്ചും ഉർവശി സംസാരിച്ചു.
ഒരുപാട് കുറവുകളുള്ള മനുഷ്യനാണ്. പച്ചയായ മനുഷ്യനാണ്. എല്ലാ വികാര വിചാരങ്ങളും അങ്ങനെ പ്രകടിപ്പിക്കുന്ന ആളാണ്. അങ്ങനെ പ്രകടിപ്പിക്കുന്ന ആൾക്കാരാണ് എപ്പോഴും നല്ലത്. മറ്റൊരു മുഖം ഒളിപ്പിച്ച് വെച്ച് പെരുമാറുന്നവരെ തിരിച്ചറിഞ്ഞാൽ നമുക്ക് താങ്ങാൻ പറ്റില്ല. ഇതായിരുന്നോ ഇവരുടെ യഥാർത്ഥ മുഖം, അപ്പോൾ അതെന്തായിരുന്നു എന്ന് തോന്നും. ഇത് നമ്മളെ വീണ്ടും വീണ്ടും ആശയക്കുഴപ്പത്തിലാക്കുമെന്ന് ഉർവശി പറയുന്നു.


Click it and Unblock the Notifications











