വീട്ടിലേക്ക് തിരിച്ചു പോകണമെന്ന് തോന്നി, ഭാഗ്യരാജ് ശരിക്കും കഷ്ടപ്പെട്ടു: ഉർവ്വശി ആദ്യ സിനിമയെക്കുറിച്ച്
സൗത്ത് ഇന്ത്യൻ സിനിമയിലെ എല്ലാ ഭാഷകളിലും ഒരു പോലെ തിളങ്ങിയ താര നായികയാണ് ഉർവ്വശി. ഏറ്റവും കൂടുതൽ തവണ മികച്ച നടിക്കുള്ള കേരള സംസ്ഥാന അവാർഡ് നേടി എന്നത് ഉൾപ്പെടെ, ഒരുപാട് ബഹുമതികൾക്ക് ഉടമയാണ് ഇന്ന് പ്രശസ്ത നടി. ഇന്നും നല്ല സിനിമകളുടെ ഭാഗമായി, ഒരുപാട് നല്ല കഥാപാത്രങ്ങളെ സമ്മാനിച്ച്, മലയാളത്തിലും തമിഴിലും തെലുങ്കിലും സജീവമായി നിൽക്കുകയായിരുന്നു ഉർവ്വശി. എന്നാൽ, സിനിമയിൽ താൻ എത്തിയത് വലിയ താത്പര്യമൊന്നും ഇല്ലാതെയാണെന്ന് അടുത്തിടെ ഒരു അഭിമുഖത്തിൽ താരം വെളിപ്പെടുത്തിയിരുന്നു.
അടുത്തിടെ പ്രശസ്ത തമിഴ് മാധ്യമ പ്രവർത്തകൻ ഗോബിനാഥിന് നൽകിയ അഭിമുഖത്തിൽ, തന്റെ കരിയറിന്റെ തുടക്ക കാലത്തെ കുറിച്ചും, മുന്താനൈ മുടിച്ച് എന്ന ആദ്യ സിനിമ സംഭവിച്ചതിനെ കുറിച്ചും ഉർവ്വശി മനസ്സ് തുറന്നു. ഇന്ന് സിനിമയെയും, അഭിനയത്തേയും ഏറെ സ്നേഹിക്കുന്ന പ്രശസ്ത താരം, താൻ യാതൊരു താത്പര്യവും ഇല്ലാതെയാണ് ആദ്യ സിനിമയിൽ നായികയാവാൻ എത്തിയതെന്ന് വെളിപ്പെടുത്തി. ആ സമയത്ത്, സെറ്റിലെത്തിയാൽ എപ്പോഴാണ് തിരിച്ചു വീട്ടിൽ പോകാനാവുക എന്നാണ് ആലോചിച്ചിരുന്നത് എന്നും നടി പറഞ്ഞു.

കെ ഭാഗ്യരാജിന്റെ സംവിധാനത്തിൽ, ആദ്ദേഹം തന്നെ നായകനായി എത്തിയ മുന്താനൈ മുടിച്ച് എന്ന സിനിമയിൽ അഭിനയിച്ചപ്പോഴുള്ള അനുഭവത്തെ കുറിച്ച് ഗോബിനാഥ് ചോദിച്ചപ്പോൾ, "ആ സിനിമയിൽ അദ്ദേഹം മാത്രമേ സത്യത്തിൽ അഭിനയിച്ചിട്ടുള്ളു, ഞാൻ ആ സിനിമയിൽ അഭിനയിച്ചിട്ടേയില്ല," എന്നായിരുന്നു ഉർവ്വശി മറുപടി പറഞ്ഞത്. "സെറ്റിലെത്തിയാൽ എപ്പോഴാ വീട്ടിലേക്ക് തിരിച്ചു പോവാൻ പറ്റുക എന്നാണ് ആലോചിച്ചിരുന്നത്. അന്ന് ആകെയുള്ള സന്തോഷം ഒപ്പം കളിക്കാൻ ഒരുപാട് കുട്ടികൾ ലൊക്കേഷനിൽ ഉണ്ട് എന്നതായിരുന്നു. കളിച്ചു നടക്കാൻ ഇഷ്ടമായിരുന്നു, പക്ഷെ ഷോട്ട് റെഡി എന്ന് പറഞ്ഞാൽ സങ്കടം വരും," നടി പറഞ്ഞു.
സംവിധായകൻ ഭാഗ്യരാജിനൊപ്പം അരങ്ങേറ്റം നടത്താനായതിനെ കുറിച്ചും ഉർവ്വശി സംസാരിച്ചു. "വർഷങ്ങൾക്ക് ശേഷം ആലോചിച്ചിട്ടുണ്ട്, ഉറപ്പായിട്ടും - അത് എത്ര വലിയ ഭാഗ്യമായിരുന്നുവെന്ന്. ഇന്നും ഞാൻ ഷൂട്ടിനായി മേക്കപ്പ് ചെയ്യുന്നതിന് തൊട്ടു മുൻപ് അദ്ദേഹത്തെ ഓർക്കും. കാരണം എന്നെ ഒരു നടിക്കാൻ ഭാഗ്യരാജ് ഒരുപാട് കഷ്ടപ്പെട്ടു. മറ്റൊരു സംവിധായകൻ ആയിരുന്നെങ്കിൽ എന്നെ വളരെ നേരത്തെ തന്നെ പറഞ്ഞു വിട്ടേനെ. അദ്ധേഹത്തിന്റെ അപാരമായ ക്ഷമയും, അന്ന് ഉണ്ടായിരുന്ന ദീർഘവീക്ഷണവുമാണ് എന്നെ നടിയാക്കിയത്," പ്രശസ്ത താരം പറഞ്ഞു.

"അന്ന് തന്നെ ഭാഗ്യരാജിന് തോന്നിക്കാണണം, ഈ പെൺകുട്ടി നല്ല നിലയ്ക്ക് എത്തുമെന്ന്. കാരണം, ആ സിനിമയുടെ ടൈറ്റിൽ കാർഡ് ഡിസൈൻ ചെയ്തപ്പോൾ, "എന്നും നിങ്ങളുടെ ആദരവ് ഏറ്റുവാങ്ങാനായി ഉർവ്വശി," എന്നാണ് പുതുമുഖ നായികയെ പരിചയപ്പെടുത്താനായി അദ്ദേഹം എഴുതിയത്. അദ്ദേഹം എന്തിന് അങ്ങനെ ടൈറ്റിൽ കാർഡ് വച്ചുവെന്ന് അറിയില്ല, മറ്റാരും അങ്ങനെ ചെയ്യുന്നത് ഇതുവരെ കണ്ടിട്ടില്ല. എനിക്ക് മാത്രമാണ് ആ ഭാഗ്യം കിട്ടിയത്," അഭിമാനത്തോടെ ഉർവ്വശി വെളിപ്പെടുത്തി.
അന്ന് കൊച്ചു കുട്ടിയായിരുന്ന ഉർവ്വശി സംവിധായകനെ വെള്ളം കുടിപ്പിക്കുകയാണെന്ന് പല തമിഴ് മാധ്യമങ്ങളിലും ഗോസിപ്പുകൾ വന്നിരുന്നു. എന്നാൽ അത് അറിഞ്ഞ നടിയുടെ അമ്മ, "അത് സാരമില്ല, ആദ്യമേ കിട്ടിയത് നല്ല ഇമേജ് ആണ്," എന്നായിരുന്നു മറുപടി പറഞ്ഞത്. എന്തായാലും, ഭാഗ്യരാജ് ചിത്രം പുറത്തിറങ്ങിയപ്പോൾ കൗമാരക്കാരിയായ നായികയ്ക്ക് ഏറെ പ്രശംസകൾ കിട്ടി. പിന്നീട് ഉർവ്വശിക്ക് സിനിമയിൽ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടേയില്ല.


Click it and Unblock the Notifications











