ശല്യമാകുന്നെന്നാണ് മകൾ പറയാറ്; മകന്റെ കാര്യത്തിൽ അമ്മ എന്നോട് പറഞ്ഞത്; ഉർവശി
മലയാളം, തമിഴ് പ്രേക്ഷകർക്ക് നടി ഉർവശിയോട് പ്രത്യേക മമതയുണ്ട്. ഉർവശി ചെയ്ത കഥാപാത്രങ്ങളിൽ ഭൂരിഭാഗവും കുടുംബ പ്രേക്ഷകർ ഏറ്റെടുത്തതാണ്. ഏത് കഥാപാത്രവും തന്മയത്വത്തോടെ അവതരിപ്പിക്കുന്നതാണ് ഉർവശിയെ വ്യത്യസ്തയാക്കുന്നത്. എൺപതുകളിൽ വന്ന നായികമാരിൽ പലർക്കും പിൽക്കാലത്ത് പഴയ സ്വീകാര്യത ലഭിച്ചിട്ടില്ല. എന്നാൽ ഉർവശിയുടെ സിനിമകൾക്ക് ഇന്നും പ്രേക്ഷകരുണ്ട്. താരപദവിക്കപ്പുറം നല്ല നടിയായി അറിയപ്പെടാനാണ് തനിക്ക് ആഗ്രഹമെന്നാണ് ഉർവശി പറയാറ്.
സിനിമകളിലെ തിരക്കിനൊപ്പം കുടുംബ ജീവിതവും ഉർവശി മുന്നോട്ട് കൊണ്ട് പോകുന്നത്. കരിയറിന് പൂർണ പിന്തുണ നൽകിക്കൊണ്ട് ഭർത്താവ് ശിവപ്രസാദ് ഒപ്പമുണ്ട്. മകൻ ഇഷാൻ പ്രജാപതി സ്കൂൾ വിദ്യാർത്ഥിയാണ്. ഉർവശിയെ കാണാൻ ആദ്യ വിവാഹബന്ധത്തിലെ മകൾ തേജാലക്ഷ്മി ഇടയ്ക്കിടെ എത്താറുണ്ട്. മകനെ ക്കുറിച്ച് ഉർവശി പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

വീട്ടിൽ വന്നാൽ വീട്ടിലെ കാര്യങ്ങളെല്ലാം നോക്കാനാണ് എനിക്ക് ഇഷ്ടം. കുട്ടികളുള്ള വീട്ടിൽ എല്ലാം അടുക്കും ചിട്ടയോടെയും ഉണ്ടാകില്ല. എന്റെ അമ്മ അത് പറയാറുണ്ട്. കുട്ടികളുള്ള വീടാണ്, അതവിടെ വെച്ചു, ഇവിടെ വെച്ച് പറഞ്ഞിട്ട് കാര്യമില്ലെന്ന്. മകൻ പേപ്പർ വായിച്ച് ചുരുട്ടിക്കൂട്ടിയും കീറിയും
വെക്കും. ഒന്നും പറയാനാകില്ല. രണ്ട് പേപ്പർ വാങ്ങി വെക്കുന്നതാണ് നല്ലത്.
ഇപ്പോഴത്തെ ജനറേഷൻ മുഴുവൻ സമയവും ഫോണിലാണ്. സംസാരിക്കാൻ ആളില്ല. നമ്മളുടെ ചുറ്റും നടക്കുന്നതെന്തെന്ന നിരീക്ഷണം എല്ലാവർക്കും ഉണ്ടായിരിക്കണം. പ്രത്യേകിച്ചും പെൺകുട്ടികൾക്ക്. ഒരിക്കൽ ബ്ലൂടൂത്ത് ഇയർ ഫോൺ വെച്ച് ഒരു പെൺകുട്ടി റോഡിലൂടെ ചിരിച്ച് സംസാരിച്ച് പോകുന്നു. വണ്ടി അപ്പുറത്ത് നിന്നും ഇപ്പുറത്ത് നിന്നും വരുന്നുണ്ട്. ഒന്നും നോക്കുന്നില്ല, ഞാനും ഭർത്താവും നോക്കി. ഞാൻ പോയി, നിങ്ങൾ ആരാേടാണ് സംസാരിക്കുന്നത് എന്നറിയില്ല, റോഡ് നോക്ക് പോകൂ എന്ന് പറഞ്ഞു.

എന്നെ മക്കളോട് പറഞ്ഞാലും ഇങ്ങനെയാണ്. കാതിലിത് വെക്കല്ലേ എന്ന് പറഞ്ഞാൽ അമ്മ സംസാരിച്ച് കൊണ്ടിരിക്കുന്നു, എനിക്ക് ശല്യമാകുന്നു എന്ന് പറയും. എന്റെ മക്കളെയും ഉൾപ്പെടുത്തിയാണ് ഞാനീ പറയുന്നത്. പണ്ടത്തെ കാലത്തൊന്നും ഇങ്ങനെയായിരുന്നില്ലെന്നും ഉർവശി ചൂണ്ടിക്കാട്ടി. പഴമയെ ഇഷ്ടപ്പെടുന്ന ഉർവശി മകനെ വളർത്തുന്നതും സാധാരണക്കാരുടെ മക്കളെ പോലെയാണ്. സ്കൂളിൽ ഭക്ഷണം മകൻ കൂട്ടുകാർക്കൊപ്പം പങ്കിട്ട് കഴിക്കണമെന്ന് നടിക്ക് നിർബന്ധമുണ്ട്. ഇതേക്കുറിച്ചും നടി സംസാരിച്ചു.
എന്റെ മകന് ശ്രദ്ധയോടെയാണ് ഞാൻ ഭക്ഷണം അയക്കുന്നത്. അതേ പോലെയാണ് മറ്റ് കുട്ടികളുടെ അച്ഛനമ്മമാരും. എല്ലാവരും പങ്കിട്ട് കഴിക്കണമെന്ന് ഞാൻ മകനോട് പറയാറുണ്ട്. ഭാഗ്യത്തിന് ആ സ്കൂളും അങ്ങനെ പറഞ്ഞ് കൊടുക്കുന്നെന്നും ഉർവശി വ്യക്തമാക്കി. റാണി, ജലധാര പമ്പ് സെറ്റ് എന്നിവയാണ് ഉർവശിയുടെ ഒടുവിൽ പുറത്തിറങ്ങിയ മലയാള സിനിമകൾ.
തമിഴിൽ അപ്പാത്തെ എന്ന സിനിമയും ചെയ്തു.സ സിനിമകളിൽ നടിക്കിപ്പോൾ തിരക്കേറുകയാണ്. ഉർവശിയുടെ മകൾ തേജാലക്ഷ്മി അഭിനയ രംഗത്തേക്ക് കടന്ന് വരുമെന്ന പ്രതീക്ഷ സിനിമാ പ്രേക്ഷകർക്കുണ്ട്. സഹോദരി കൽപ്പനയുടെ മകൾ ശ്രീമയി കുമാർ ഇതിനകം സിനിമാ രംഗത്ത് സാന്നിധ്യമറിയിച്ചു. അതേസമയം മക്കൾക്ക് സിനിമാ അവസരങ്ങൾ വാങ്ങി നൽകാൻ താൽപര്യമില്ലെന്നും സ്വന്തം പ്രയത്നത്തിൽ ഉയരണമെന്നും ഉർവശി നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.


Click it and Unblock the Notifications