എന്റെ അമ്മയാണോ ഇതെന്ന് തോന്നി; ശ്രീദേവി പോലും അമ്മയുടെ ഫാനായിരുന്നെന്ന് കേട്ടപ്പോൾ; തേജാലക്ഷ്മി
തെന്നിന്ത്യൻ സിനിമാ ലോകത്ത് എന്നും ഉർവശിക്ക് തന്റോതായ സ്ഥാനമുണ്ട്. വൈവിധ്യമാർന്ന ഒട്ടനവധി കഥാപാത്രങ്ങൾ ഉർവശി അവതരിപ്പിച്ചു. എൺപതുകളിൽ വന്ന നായികമാരിൽ അന്നും ഇന്നും താരമൂല്യം നിൽക്കുന്ന നടി ഉർവശിയാണ്. ഉർവശിയുടെ മകൾ തേജാലക്ഷ്മി അമ്മയുടെ പാത പിന്തുടർന്ന് സിനിമാ രംഗത്തേക്ക് കടന്ന് വരാനുള്ള തയ്യാറെടുപ്പിലാണ്. ഉർവശിയെ പോലെ മകളും കരിയറിൽ ഖ്യാതികൾ നേടുമോ എന്ന ആകാംക്ഷ പ്രേക്ഷകർക്കുണ്ട്. സോഷ്യൽ മീഡിയയിൽ ഇതിനോടകം തേജാലക്ഷ്മി ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.
ഇപ്പോഴിതാ ഉർവശിയും തേജാലക്ഷ്മിയും ആദ്യമായി ഒരുമിച്ച് ഒരു അഭിമുഖത്തിൽ പങ്കെടുത്തിരിക്കുകയാണ്. റെഡ് നൂൽ എന്ന തമിഴ് മീഡിയയിലാണ് ഇവർ ഒരുമിച്ചെത്തിയത്. അഭിമുഖത്തിൽ ഇരുവരും പറഞ്ഞ കാര്യങ്ങളാണിപ്പോൾ ശ്രദ്ധ നേടുന്നത്. സിനിമാ രംഗത്തേക്ക് വരാനുള്ള തീരുമാനത്തെക്കുറിച്ച് തേജാലക്ഷ്മി സംസാരിച്ചു. ബാംഗ്ലൂരിൽ വർക്ക് ചെയ്യുകയായിരുന്നു. ഇപ്പോൾ ചെന്നെെയിലാണുള്ളത്. സിനിമാ കരിയർ എങ്ങനെയാകുമെന്നറിയില്ല.

എല്ലാവരും പറയുന്നത് അമ്മ എത്ര വലിയ ആർട്ടിസ്റ്റാണ്. നീ എങ്ങനെ അഭിനയിക്കുന്നെന്ന് കാണണം എന്നാണ്. ഞാനെങ്ങനെയെങ്കിലും ചെയ്തോളും നിങ്ങൾ വെറുതെയിരിക്കൂ എന്ന് പറയാനാണ് തോന്നാറെന്നും തേജാലക്ഷ്മി വ്യക്തമാക്കി. അമ്മയുടെ കഥാപാത്രങ്ങൾ കാണുമ്പോൾ സിംപിളായി തോന്നും. അത് ചെയ്യുന്നത് സിംപിളായാണോ എന്നറിയില്ല. സിനിമകൾ ഞാൻ നിരീക്ഷിക്കും. ചെറുപ്പം തൊട്ടേ ഞാൻ അനുകരിക്കും.
അമ്മ ഏത് കഥാപാത്രം കൊടുത്താലും എളുപ്പത്തിൽ ആ കഥാപാത്രമായി ജീവിക്കും. അത് എനിക്കും സാധിച്ചാൽ അത്രയും സന്തോഷമെന്നും തേജാലക്ഷ്മി പറയുന്നു. അമ്മ സിനിമയിൽ നാൽപത് വർഷത്തോളം നിന്നു. അങ്ങനെ നിൽക്കാൻ ഒരുപാട് ബുദ്ധിമുട്ടുകളുണ്ട്. സംവിധായകർക്ക് അവരിൽ വിശ്വാസം വേണം. ഒരുപാട് ആർട്ടിസ്റ്റികൾ ഒരു ഘട്ടത്തിൽ കരിയർ വിട്ടുണ്ടെന്നും തേജാലക്ഷ്മി ചൂണ്ടിക്കാട്ടി.

വീട്ടിലെ വിശേഷം എന്ന സിനിമയെക്കുറിച്ച് ബോണി കപൂർ സർ പറയുന്നത് ഞാൻ കേട്ടു. ശ്രീദേവി പോലും അമ്മയുടെ ഫാനായിരുന്നെന്ന് കേട്ടപ്പോൾ, എന്റെ അമ്മയാണോ ഇത് എന്ന് തോന്നിപ്പോയി. എന്നാൽ അമ്മ വലിയ താരമാണ്, അതിനാൽ ഞാനിങ്ങനെ പെരുമാറണം എന്നൊന്നും ചിന്തിക്കുന്നില്ലെന്നും തേജാലക്ഷ്മി വ്യക്തമാക്കി.
മകൾ ഹ്യൂമർ നന്നായി ചെയ്യുമെന്ന് ഉർവശി പറയുന്നു. എന്റെ അമ്മയിൽ നിന്നാണ് ഹ്യൂമർസെൻസ് തലമുറകളായി ലഭിച്ചത്. ബാംഗ്ലൂരിൽ പഠിച്ചതിനാൽ ഭാഷകൾ കൈകാര്യം ചെയ്യാൻ ഒരു പരിധി വരെ മകൾക്ക് പറ്റുന്നുണ്ടെന്നും ഉർവശി വ്യക്തമാക്കി. മകൾ എല്ലാ കഥാപാത്രങ്ങളും ചെയ്യണമെന്നാണ് ആഗ്രഹം. ഒപ്പം വെറുതെ വന്ന് പോകുന്ന കഥാപാത്രങ്ങൾ ചെയ്യരുത്. അത് എനിക്കും അവൾക്കും ഇഷ്ടമല്ല. സിനിമയുടെ വിജയത്തിന് കാരണമാകുന്ന കഥാപാത്രങ്ങളുണ്ട്.
വിജയ സിനിമകളിൽ വന്ന് പോകുന്ന കഥാപാത്രങ്ങളുമുണ്ട്. ഇതിൽ ആദ്യത്തേതാണ് തനിക്കിഷ്ടമെന്ന് ഉർവശി വ്യക്തമാക്കി. മകൾ സിനിമാ രംഗത്തേക്ക് വരുന്നതിനെ ആദ്യം താൻ പ്രോത്സാഹിപ്പിച്ചിരുന്നില്ലെന്ന് ഉർവശി പറയുന്നു. ആർട്ടിസ്റ്റുകളുടെ മക്കളാകുമ്പോൾ താരതമ്യം ഉണ്ടാകും. ഒന്നും വേണ്ട, നീ പഠിച്ചിട്ട് ജോലിക്ക് പോകൂ എന്ന് ഞാൻ പറഞ്ഞതിന് കാരണം അതാണ്. നന്നായി പഠിച്ച് ഒരു മൾട്ടി നാഷണൽ കമ്പനിയിൽ ജോലിക്ക് പോയി. അതിന് ശേഷമാണ് എല്ലാവരും ചോദിക്കുന്നെന്ന് പറഞ്ഞ് സിനിമാ മോഹം തന്നോട് മകൾ പറഞ്ഞതെന്നും ഉർവശി വ്യക്തമാക്കി.


Click it and Unblock the Notifications