ജീവനായ മകൾ അച്ഛനൊപ്പം, സ്നേഹം മനസിലാക്കി അമ്മയ്ക്കരികിലെത്തിയപ്പോൾ; ഉറക്കത്തിലും മായാത്ത ഓർമ
മകൾ തേജാലക്ഷ്മിക്ക് പിറന്നാൾ ആശംസയറിയിച്ച് നടി ഉർവശി. എന്റെ സുന്ദരിയായ മകൾക്ക് പിറന്നാൾ ആശംസകൾ. നീ ജനിച്ചന്ന് ലോകത്തിലെ ഏറ്റവും വിലപ്പെട്ട നിധി എനിക്ക് കിട്ടിയെന്ന് ഞാൻ തിരിച്ചറിഞ്ഞു. ഐ ലവ് യു എന്നാണ് ഉർവശി സോഷ്യൽ മീഡിയയിൽ കുറിച്ചത്. ഉർവശിയുടെ എല്ലാമെല്ലാമാണ് മക്കളായ തേജാലക്ഷ്മിയും ഇഷാൻ പ്രജാപതിയും. ആദ്യ വിവാഹ ബന്ധത്തിൽ പിറന്ന മകളാണ് തേജാലക്ഷ്മി. മകളെ ലെെം ലെെറ്റിൽ നിന്നും മാറ്റി നിർത്താൻ ആദ്യം ഉർവശി ശ്രമിച്ചിരുന്നു. മകളുടെ സ്വകാര്യത കണക്കിലെടുത്തായിരുന്നു ഇത്. എന്നാൽ മനോജ് കെ ജയനുമായുള്ള വിവാഹ മോചന സമയത്ത് മകളും വാർത്തകളിൽ നിറഞ്ഞു.
മകളുടെ കസ്റ്റഡി അവകാശം സംബന്ധിച്ച് ഇരുവർക്കുമിടയിലുണ്ടായ തർക്കമാണതിന് കാരണമായത്. ഇക്കാര്യത്തിൽ വലിയ വിഷമം ഉർവശിക്കുണ്ടായിരുന്നു. ജീവിതത്തിലുണ്ടായ പ്രശ്നങ്ങളുടെ 90 ശതമാനം ഉത്തരവാദിത്തവും ഞാൻ തന്നെ ഏറ്റെടുക്കുന്നു. ഉർവശി പറഞ്ഞു. എനിക്കിഷ്ടപ്പെട്ടു, എനിക്കത് ശരിയെന്ന് തോന്നിയത് ചെയ്തു. അതിലെ ശരികേടുകളൊക്കെ അനുഭവിക്കാൻ ബാധ്യസ്ഥയാണ്. പക്ഷെ അതിലെന്റെ മകൾ വിഷമിക്കുന്നതിൽ മാത്രമേ തന്നെ സങ്കടമുള്ളൂയെന്ന് ഉർവശി ഒരിക്കൽ പറഞ്ഞിട്ടുണ്ട്.

മകൾ മനോജ് കെ ജയനൊപ്പമായിരുന്നെങ്കിലും അമ്മയെ കാണാൻ ഇടയ്ക്കിടെ എത്താറുണ്ടായിരുന്നു. ഉർവശി രണ്ടാമത് വിവാഹം ചെയ്ത് മകൻ പിറന്നപ്പോൾ ആദ്യം കാണാൻ വന്നത് തേജാലക്ഷ്മിയാണ്. അമ്മയുടെ സ്നേഹത്തെ തേജാലക്ഷ്മി തള്ളിപ്പറഞ്ഞില്ല. അമ്മയെ മനസിലാക്കി ഒപ്പം നിന്നു. താൻ പൊസസീവായ അമ്മയായിരുന്നെന്ന് ഉർവശി ഒരിക്കൽ പറഞ്ഞിട്ടുണ്ട്.
അമ്മ സങ്കൽപ്പത്തോടുള്ള ആർത്തി കൊണ്ടാണ് സത്യം പറഞ്ഞാൽ ഞാൻ കല്യാണം കഴിച്ചത്. എനിക്കത് മാത്രമേയുള്ളൂ. എനിക്കെന്റെ കുഞ്ഞിനെ വേണം. ആ സ്വാർത്ഥതയ്ക്കാണ് ഞാൻ കല്യാണം കഴിച്ചത്. മകളെ കുളിപ്പിച്ചതും അവളുടെ വസ്ത്രങ്ങൾ കഴുകിയതുമെല്ലാം ഞാനാണ്. വേറൊരാൾ അതൊന്നും ചെയ്യരുതെന്നുണ്ടായിരുന്നു. ഞാൻ തന്നെ കഴുകി ഉണക്കിയിടും. അല്ലെങ്കിൽ ചേട്ടൻ കഴുകി ഉണക്കിയിടും. കാരണം അവർക്ക് അറപ്പ് തോന്നാൻ പാടില്ല.

മകളായ ശേഷം ഒരുപാട് വെെകി സിനിമകളിൽ വർക്ക് ചെയ്യില്ലെന്ന് തീരുമാനിച്ചു. വളരെ നേരത്തെയും വരാനാകില്ല. 9 മണിക്ക് തുടങ്ങി ആറ് മണിക്ക് വിടുക. അങ്ങേയറ്റം എട്ട് മണി. അതിൽ കൂടുതൽ വർക്ക് ചെയ്യാൻ പറ്റില്ലെന്ന് താൻ തീരുമാനിച്ചിരുന്നെന്നും ഉർവശി ഒരിക്കൽ പറഞ്ഞിട്ടുണ്ട്. മകൾ ജനിച്ച നിമിഷത്തെക്കുറിച്ചും ഉർവശി ഒരിക്കൽ സംസാരിച്ചിട്ടുണ്ട്.
എന്റെ കുഞ്ഞിന്റെ ജനനമാണ് ജീവിതത്തിലെ ഏറ്റവും സുഖമുള്ള ഓർമ. കുഞ്ഞിന്റെ മുഖം ആദ്യമായി കാണുമ്പോൾ അമ്മയ്ക്കുണ്ടാകുന്ന വികാരത്തിന്റെ ഉദാഹരണങ്ങൾ പറഞ്ഞ് കേട്ടിട്ടുണ്ട്. പക്ഷെ കേട്ട് കൊണ്ടിരിക്കുകയല്ലാതെ അതിന്റെ ആഴം നിശ്ചയിക്കാൻ പറ്റില്ല. ശരിക്കും ജീവിതത്തിൽ അനുഭവിച്ചറിഞ്ഞു. ആ പെയിൻ പിന്നെ മനസിലാകില്ല. ഏത് ഉറക്കത്തിലും മനസിൽ മായാത്ത സ്മരണ കുഞ്ഞിനെ ആദ്യം കണ്ട നിമിഷമാണതെന്നും ഉർവശി അന്ന് വ്യക്തമാക്കി.


Click it and Unblock the Notifications