അമിതാഭ് ബച്ചൻ കെെയിൽ കയറി പിടിച്ചു, തട്ടി മാറ്റി ഉഷ ഉതുപ്പ്; അവരുടെ മനസിലെ വിങ്ങലുകൾ: ആലപ്പി അഷ്റഫ്
മലയാളികൾക്ക് പ്രിയങ്കരിയാണ് ഗായിക ഉഷ ഉതുപ്പ്. സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിൽ ജഡ‍്ജായി എത്തിയതോടെയാണ് കേരളത്തിൽ ഉഷ ഉതുപ്പ് പരിചിതയാകുന്നത്. വളരെ പെട്ടെന്ന് മലയാളികളുടെ ദീദിയായി ഉഷ ഉതുപ്പ് മാറി. ഇന്ത്യയൊട്ടുക്കും അറിയപ്പെടുന്ന ഉഷ ഉതുപ്പ് പല ഭാഷകളിൽ പാടിയിട്ടുണ്ട്. 77 കാരിയായ ഉഷ ഉതുപ്പ് ഇന്നും സംഗീത രംഗത്ത് സജീവമാണ്. ഉഷ ഉതുപ്പിനെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ ആലപ്പി അഷ്റഫ്. ഗായികയുടെ ജീവിതത്തിലും കരിയറിലുമുണ്ടായ സംഭവ വികാസങ്ങളാണ് ആലപ്പി അഷറഫ് തന്റെ യൂട്യൂബ് ചാനലിൽ പങ്കുവെച്ചത്.
ഭർത്താവിന്റെ മരണവും മകനുണ്ടായ അസുഖവും ഇന്ന് അവരുടെ മനസിലെ നീറുന്ന വിങ്ങലുകളാണ്. പുറമേ ചിരിക്കുമ്പോഴും അവരുടെ ഉള്ളിൽ ഒരു അഗ്നിപർവതം പുകയുന്നത് അധികമാർക്കും അറിയില്ല. മുംബെെയിലെ ഒരു പൊലീസ് ഓഫീസറുടെ മകളായിരുന്നു ദീദി. ദീദി വളർന്ന കുടുംബത്തിൽ സംഗീതാന്തരീക്ഷം അന്നുണ്ടായിരുന്നു. പാട്ട് പഠിക്കാൻ അയച്ചപ്പോൾ ഈ കുട്ടിക്ക് പാടാൻ പറ്റില്ലെന്ന് സംഗീത അധ്യാപകൻ പറഞ്ഞു. അതിന് കാരണം പറഞ്ഞത് ആണുങ്ങളുടെ ശബ്ദമാണെന്നാണ്. എന്നാൽ പാട്ടിനോടുള്ള താൽപര്യം പരിഗണിച്ച് മറ്റൊരാൾ ഉഷ ഉതുപ്പിനെ പാട്ട് പഠിപ്പിക്കാൻ തയ്യാറായെന്ന് ആലപ്പി അഷ്റഫ് പറയുന്നു.

പിന്നീട് നെെറ്റ് ക്ലബുകളിൽ പാടി. ബോംബെയിലെ ഒരു നെെറ്റ് ക്ലബിൽ പാടിയതോടെ കലാ രംഗത്തെ അവരുടെ തലവര മാറി. ഹിന്ദി സിനിമാ രംഗത്തെ സംഗീത സംവിധായകരും താരങ്ങളും സ്ഥിരം സന്ദർഷകരായിരുന്നു. അവരുമായുള്ള ബന്ധത്തിലൂടെയാണ് ഹിന്ദി സിനിമയിലേക്ക് വഴി തുറന്ന് കിട്ടിയത്. ഹരേ രാമ ഹരേ കൃഷ്ണ എന്ന സിനിമയിൽ ആശ ഭോസ്ലെക്കൊപ്പം ഉഷ ഉതുപ്പ് പാടി. ആ സിനിമയിലെ എല്ലാ ഗാനങ്ങളും ഹിറ്റായി. ഉഷ ഉതുപ്പിന്റെ കരിയറിൽ ഉയർച്ചയുണ്ടായി. നിരവധി ഭാഷകളിൽ പാടി.
ഒരിക്കൽ അമിതാഭ് ബച്ചൻ ആളുകളുടെ ഇടയിൽ വെച്ച് ദീദിയുടെ കെെയിൽ കയറി പിടിച്ചു. ദീദി ദേഷ്യത്തോടെ ആ കെെ തട്ടി മാറ്റി. അത് ഇഷ്ടപ്പെടാതെ അമിതാഭ് ബച്ചൻ എന്റെ കെെയിൽ ഒന്ന് സ്പർശിക്കാൻ എത്ര സ്ത്രീകൾ കൊതിക്കുന്നുണ്ടെന്ന് അറിയാമോ എന്ന് ദീദിയോട് പറഞ്ഞു. ദീദി എന്തിനാണങ്ങനെ ചെയ്തതെന്ന് ചോദിച്ചപ്പോൾ പറഞ്ഞ മറുപടി കാണുന്ന ആൾക്കാർ തെറ്റിദ്ധരിച്ച് വേണ്ടാത്തത് വല്ലതും പറയുമോ എന്ന് ഭയന്നിട്ടാണെന്ന്.

ഒത്തിരി നന്മകളുള്ള മനസിന്റെ ഉടമ കൂടിയാണ് ദീദി. മറ്റുള്ളവരുടെ വേദനകളും പ്രയാസങ്ങളും കണ്ടാൽ പെട്ടെന്ന് മനസലിയുകയും അവരെ തനിക്കാകും വിധം സഹായിക്കുകയും ചെയ്യുന്ന വ്യക്തിയാണ് ദീദിയെന്ന ഉഷ ഉതുപ്പെന്നും ആലപ്പി അഷ്റഫ് പറഞ്ഞു. ജാനി ചാക്കോ എന്നാണ് ഉഷ ഉതുപ്പിന്റെ ഭർത്താവിന്റെ പേര്. ഗായികയുടെ രണ്ടാം വിവാഹമായിരുന്നു ഇത്. രാമു എന്നാണ് ആദ്യ ഭർത്താവിന്റെ പേര്. ഈ ബന്ധം പിരിഞ്ഞാണ് ജാനി ചാക്കോയെ വിവാഹം ചെയ്യുന്നത്.
2024 ലാണ് ജാനി ചാക്കോ മരിച്ചത്. 78 വയസായിരുന്നു. സംഗീത ലോകത്ത് സമഗ്ര സംഭാവനകൾ നൽകിയ ഉഷ ഉതുപ്പിന് പത്മ ശ്രീ, പത്മ ഭൂഷൺ പുരസ്കാരം നൽകി രാജ്യം ആദരിച്ചിട്ടുണ്ട്. 2011 ലാണ് പത്മ ശ്രീ ലഭിക്കുന്നത്. 2024 ൽ പത്മ ഭൂഷണും ലഭിച്ചു.


Click it and Unblock the Notifications











