ഏഴ് കിലോ വരുന്ന 1500 ചിലങ്കമണികൾ തഞ്ചാവൂരിൽ നിന്ന് ഊർമിള വരുത്തി, ഇന്ന് ധീമഹിക്ക് വേണ്ടി ഉപയോഗിച്ചത് മൃദംഗം!
നടി, നർത്തകി, എഴുത്തുകാരി, സംരംഭക തുടങ്ങി നിരവധി തലങ്ങളിൽ തന്റേതായ കയ്യൊപ്പ് പതിപ്പിച്ച കലാകാരിയാണ് ഊർമിള ഉണ്ണി. 1980 കാലഘട്ടം മുതൽ മലയാള സിനിമയിൽ സജീവമായ ഊർമിള ഉണ്ണി നിരവധി കഥാപാത്രങ്ങൾ അവതരിപ്പിച്ച് ശ്രദ്ധ നേടിയെടുത്തിട്ടുണ്ട്. സിനിമയിൽ മാത്രമല്ല മിനിസ്ക്രീനിലും താരം വേഷങ്ങൾ നിരവധി കൈകാര്യം ചെയ്തു.
1992ൽ പുറത്തിറങ്ങിയ സർഗ്ഗം എന്ന ചിത്രത്തിലെ സുഭദ്ര തമ്പുരാട്ടി എന്ന കഥാപാത്രമായിരുന്നു ഊർമിളയ്ക്ക് മലയാള സിനിമയിലേക്കുള്ള വഴി തെളിച്ചുകൊടുത്തത്. പിന്നീടങ്ങോട്ട് വലുതും ചെറുതുമായ നിരവധി കഥാപാത്രങ്ങൾ താരത്തെ തേടിയെത്തി. എഴുത്തും നൃത്തവും ബിസിനസുമായി താരം ഇപ്പോഴും തിരക്കിലാണ്. സോഷ്യൽ മീഡിയയിലും ആക്ടീവാണ് താരം.

താരത്തിന്റെ മകൾ ഉത്തര അഭിനേത്രിയും നർത്തകിയുമാണ്. എനിക്ക് എഴുത്തിനോടാണ് കൂടുതൽ പ്രിയം. മകൾ ഡാൻസറായതുകൊണ്ട് നൃത്തപഠനത്തിന്റെ പൂർണ്ണതയിൽ എത്തിക്കാൻ അവളെ സഹായിക്കുക എന്നതാണ് ഡാൻസുമായി എന്റെ ഇപ്പോഴുളള ബന്ധം. എന്റെ നൃത്തം ജീവിതത്തിൽ എവിടെയോ വെച്ച് നിന്നുപോയി. വീണ്ടും ആരംഭിക്കണമെന്നുണ്ട്.
പക്ഷെ ഉത്തര നൃത്തം ചെയ്യുന്നത് കാണുമ്പോഴാണ് ഞാനിപ്പോൾ കൂടുതൽ സന്തോഷവതിയാകുന്നത് എന്നാണ് അഭിനയത്തോടാണോ നൃത്തത്തോടാണോ കൂടുതൽ പ്രിയമെന്ന് ചോദിച്ചപ്പോൾ ഒരിക്കൽ ഊർമിള നൽകിയ മറുപടി. ഉത്തര ഊർമിളയുടെ ഏക മകളാണ്. ഇക്കഴിഞ്ഞ ജൂലൈയിലാണ് ഉത്തരയ്ക്ക് കുഞ്ഞ് പിറന്നത്. ഉത്തരയ്ക്കും നിതേഷിനും പെൺകുഞ്ഞാണ് ജനിച്ചത്.
ധീമഹീ നിതേഷ് നായർ എന്നാണ് കുഞ്ഞിന് ഉത്തര നൽകിയ പേര്. ദൈവത്തിന്റെ കൃപയാൽ തങ്ങൾക്ക് ഒരു പെൺകുഞ്ഞ് ജനിച്ചുവെന്നാണ് മകൾ പിറന്നപ്പോൾ ഉത്തര ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. കുഞ്ഞിന്റെ പേരായ ധീമഹീ എന്നതിന്റെ അർഥം ജ്ഞാനിയും ബുദ്ധിമതിയും എന്നാണെന്നും ഉത്തര പറഞ്ഞിരുന്നു. ഗായത്രി മന്ത്രത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടുകൊണ്ടാണ് മകൾക്ക് ഈ പേര് ഉത്തര നൽകിയത്.
മകളുടെ വളർച്ചയുടെ ഓരോ ഘട്ടത്തിലെ വിശേഷങ്ങളും ഉത്തര സോഷ്യൽമീഡിയ വഴി ആരാധകരെ അറിയിക്കാറുണ്ട്. അത്തരത്തിൽ മകളുടെ തുലാഭാരം ഗുരുവായൂർ അമ്പലത്തിൽ നടത്തിയതിന്റെ വിശേഷങ്ങൾ പങ്കിട്ട് എത്തിയിരിക്കുകയാണ് ഉത്തര ഇപ്പോൾ. വാദ്യോപകരണമായ മൃദംഗം കൊണ്ടാണ് ധീമഹിയുടെ തുലാഭാരം ഉത്തര നടത്തിയത്. കുഞ്ഞിന്റെ ചോറൂണും ഗുരുവായൂരിൽ വെച്ച് തന്നെയായിരുന്നു.

മകളെ തുലാഭാരം തൂക്കാൻ ഗുരുവായൂർ തന്നെ ഉത്തര തിരഞ്ഞെടുത്തതിന് പിന്നിലും ഒരു കാരണമുണ്ട്. വർഷങ്ങൾക്ക് മുമ്പ് ഉത്തരയുടെ തുലാഭാരം നടന്നതും ഗുരുവായൂരമ്പലത്തിൽ വെച്ചായിരുന്നു. അതുകൊണ്ടാണ് മകളെയും കൊണ്ടും ഉത്തര ഗുരുവായൂരിൽ എത്തിയത്. മകൾക്ക് മൃദംഗം കൊണ്ടായിരുന്നു തുലാഭാരം നടന്നതെങ്കിൽ ഉത്തരയുടെ തുലാഭാര ചടങ്ങിന് വേണ്ടി വർഷങ്ങൾക്ക് മുമ്പ് ചിലങ്കമണികളാണ് ഊർമിള ഉപയോഗിച്ചത്.
ഏഴ് കിലോ തൂക്കം വരുന്ന 1500 ചിലങ്കമണികളായിരുന്നു അന്ന് തഞ്ചാവൂരിൽ നിന്നും ഊർമിള ഉണ്ണി ഉത്തരയുടെ തുലാഭാരത്തിന് വേണ്ടി വരുത്തിയത്. അത് അന്ന് പത്രവാർത്തയാകുകയും ചെയ്തിരുന്നു. താനൊരു നർത്തകിയായി മാറിയതിന് കാരണം ഇതാകുമെന്നാണ് ഉത്തര വിശ്വസിക്കുന്നതും.
'ഗുരുവായൂർ സന്ദർശിക്കുമ്പോഴെല്ലാം എന്റെ കണ്ണുകൾ നിറയാറുണ്ട്. മിക്കവാറും പരാതികളാണ് അവ. ഒരിക്കലും അവസാനിക്കാത്ത ആഗ്രഹങ്ങളും നിരാശയും എല്ലാമുണ്ടാകും. ഇത്തവണയും ദർശനം നടത്തിയപ്പോൾ കണ്ണുകൾ ഈറനണിഞ്ഞിരുന്നു. എന്നാൽ ഇക്കുറി അത് നന്ദി സൂചകം മാത്രമാണ്. അതിന് കാരണം ഏറ്റവും വലിയ അനുഗ്രഹമായ എന്റെ മകളാണ്', എന്നാണ് ഉത്തര പറയുന്നത്.
അതുപോലെ തന്നെ ഉത്തര ഉപയോഗിച്ചിരുന്ന വർഷങ്ങൾ പഴക്കമുള്ള തൊട്ടിലായിരുന്നു ധീമഹിയും ഉപയോഗിച്ചത്. ഊർമിള രാജകുടുംബമായതുകൊണ്ട് കൈമാറി കിട്ടിയതാണ് പുരാനമായ തൊട്ടിൽ. തൊട്ടിലിന്റെ വിശേഷങ്ങൾ ഉത്തര പങ്കിട്ടപ്പോഴും ആളുകൾക്ക് ഒരു കൗതുകമായിരുന്നു.


Click it and Unblock the Notifications











