മമ്മൂക്ക സ്‌ക്രീനില്‍ കരഞ്ഞാല്‍ തിയറ്ററാകെ കരയും! മമ്മൂക്കയ്ക്കു സാധ്യമായ ധീരതയാണ് ഈ വിജയം, വിഎ ശ്രീകുമാര്‍

മമ്മൂട്ടിയും ജ്യോതികയും ആദ്യമായി ഒരുമിച്ചഭിനയിച്ച കാതല്‍ എന്ന സിനിമയുടെ വിശേഷങ്ങളാണ് സോഷ്യല്‍ മീഡിയ നിറയെ. സിനിമയില്‍ നിന്നും ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ വന്നത് മുതല്‍ സിനിമയെ കുറിച്ചുള്ള പ്രതീക്ഷകളിലായിരുന്നു ആരാധകര്‍. ഒടുവില്‍ സിനിമ തിയറ്ററുകളിലേക്ക് എത്തുകയും ഗംഭീര സിനിമയാണെന്ന പ്രേക്ഷക പ്രശംസ നേടുകയും ചെയ്തു.

സിനിമയുടെ കഥ, അവതരണം, എന്നിവയ്ക്ക് പുറമേ മമ്മൂട്ടിയടക്കമുള്ള താരങ്ങളുടെ അഭിനയത്തിനും നിറഞ്ഞ കൈയ്യടിയാണ് ലഭിക്കുന്നത്. സിനിമയില്‍ മമ്മൂട്ടിയുടെ കഥാപാത്രം കരഞ്ഞപ്പോള്‍ തിയറ്റേറാകെ കരഞ്ഞുവെന്ന് പറയുകയാണ് സംവിധായകന്‍ വി എ ശ്രീകുമാര്‍. ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പിലൂടെയാണ് കാതല്‍ കണ്ടതിന്റെ സന്തോഷം സംവിധായകന്‍ പങ്കുവെച്ചത്.

kaathalthecore

മമ്മൂട്ടി, എന്ന മഹത്തായ ചരിത്രത്തിന്റെ ഏറ്റവും വലിയ വിജയമാണ് മാത്യു എന്നാണ് ശ്രീകുമാര്‍ പറയുന്നത്. ഒപ്പം സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്കും അഭിനേതാക്കള്‍ക്കുമെല്ലാം സംവിധായകന്‍ ആശംസകള്‍ അറിയിച്ചിരിക്കുകയാണ്. കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം..

'നിലയ്ക്കാത്ത കയ്യടികളോടെ അവസാനിക്കും വരെ, തീവ്രമായ ഒരു നിശബ്ദതയായിരുന്നു തിയറ്ററാകെ. ആ കയ്യടിയാവട്ടെ, തിരിച്ചറിവിന്റെ പാരമ്യവുമായിരുന്നു. കുട്ടായിയെ കൊണ്ട് വണ്ടി ഓടിക്കെടാ- എന്ന തെറി, തങ്കനോട് പറഞ്ഞപ്പോള്‍, ഒരു മറു കമന്റ്, ഒരലമ്പ് വര്‍ത്തമാനം തിയറ്ററില്‍ ഉണ്ടാകുമോ എന്നു ഞാന്‍ ഭയന്നു. ഇല്ല, അങ്ങനെയൊന്നും ഉണ്ടായില്ല. അപ്പോള്‍ തങ്കന്‍ അനുഭവിച്ച വേദനയാണ് തിയറ്ററിനെ നോവിച്ചത്.

തിരികെ കാറോടിക്കുമ്പോള്‍ ആലോചിച്ചത് ആ കയ്യടിയെപ്പറ്റിയാണ്. ആര്‍ക്കുള്ള കയ്യടിയാണ് അതെന്നാണ്. വഴുതിപ്പോകാവുന്ന വിധം വക്കിലുള്ള പ്രമേയമാണ് കാതലിന്റേത്. അതിരിന് പുറത്തു പ്രബലസമൂഹം നിര്‍ത്തിയ കാര്യമാണ് തുറന്നു പറയുന്നത്. മാത്യുവിനെ പോലെ, സമൂഹത്തിനാകെ പേടിയാണ് ആ സത്യത്തെ. തുറന്നു പറഞ്ഞ് സ്വതന്ത്രമാകാന്‍ കെല്‍പ്പില്ലാത്ത സമൂഹം തിയറ്ററില്‍ കൂട്ടമായിരുന്ന് കയ്യടിച്ചത്, ഒരു തുറവിയാണ്.

മമ്മൂക്ക സ്‌ക്രീനില്‍ കരഞ്ഞാല്‍ തിയറ്ററാകെ കരയും. ചാച്ചനമുമായുള്ള മാത്യുവിന്റെ സംസാരം ഓമനയിലേക്ക് നീളുകയും അതൊരു പാട്ടായി മാറുകയും ചെയ്തപ്പോള്‍, കരയാത്തവരായി തിയറ്ററില്‍ ആരാകും ഉണ്ടായിരുന്നിരിക്കുക. ഞാന്‍ കരഞ്ഞു. ആ കരച്ചിലിനൊടുവില്‍ തെളിഞ്ഞ മനസുകളുടെ, തെളിമയായിരുന്നു ആ കയ്യടി.

kaathalthecore

ജിയോ ബേബിക്ക്, എഴുത്തിന്, ആഴം കാട്ടിയ ദൃശ്യങ്ങള്‍ക്ക്, സുധിക്ക്, ഓമനയ്ക്ക്- എല്ലാവര്‍ക്കും കയ്യടിയുണ്ടായിരുന്നു. ഞാനും കയ്യടിച്ചു ബാക്കി എല്ലാത്തിനും ഒപ്പം പ്രിയപ്പെട്ട മമ്മൂക്കയ്ക്ക്. അങ്ങേയ്ക്കു സാധ്യമായ ഈ ധീരത, അതിന്റെ പേരാണ് സ്‌ക്രീനില്‍ അവസാനം തെളിഞ്ഞ ബോര്‍ഡില്‍ ഉണ്ടായിരുന്നത്- ചരിത്ര വിജയം.

മമ്മൂട്ടി, എന്ന മഹത്തായ ചരിത്രത്തിന്റെ ഏറ്റവും വലിയ വിജയമാണ് മാത്യു. ആ മാത്യുവിന് വീണ്ടും കയ്യടി. മാറിയ കേരളത്തെ സൂചിപ്പിക്കുന്നുണ്ട് കാതല്‍. തിയറ്ററിലെ നിശബ്ദതയും ഒടുവിലെ നിലയ്ക്കാത്ത കയ്യടിയും മാറിയ കേരളത്തിനുള്ളതാണ്. ഉള്‍ക്കൊള്ളുക, എന്ന മഹത്തായ മൂല്യം നാം ഒരു സമൂഹം എന്ന നിലയില്‍ ആര്‍ജ്ജിക്കുന്നു. അതെ, നാം കയ്യടിച്ചത് നമുക്ക് തന്നെയാണ്. നന്ദി മമ്മൂക്ക, നയിച്ചും നിര്‍മ്മിച്ചും കാതല്‍ സാധ്യമാക്കിയതിന്'... എന്നുമാണ് വിഎ ശ്രീകുമാര്‍ പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നത്.

ജിയോ ബേബിയുടെ സംവിധാനത്തില്‍ മമ്മൂട്ടി നിര്‍മ്മിച്ച സിനിമയാണ് കാതല്‍. കുടുംബപശ്ചാതലത്തിലൊരുക്കിയ സിനിമയുടെ കഥയിലെ പുതുമയായിരുന്നു പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയത്. ഒപ്പം മമ്മൂട്ടിയുടെ പ്രകടനത്തിനും ഗംഭീര സ്വീകരണം ലഭിച്ചു. തമിഴില്‍ നിന്നും നടി ജ്യോതിക മലയാളത്തില്‍ അഭിനയിച്ച സിനിമയാണെന്നുള്ള പ്രത്യേകതയും കാതലിനുണ്ടായിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X